by Midhun HP News | Jan 20, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കര്‍ണാടകയിലെത്തിച്ചും വേര്‍തിരിച്ചിരുന്നതായി അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് ( ഇഡി) കണ്ടെത്തല്‍. ചെന്നൈയിലെും ബംഗലൂരുവിലെയും സ്വകാര്യകേന്ദ്രങ്ങളില്‍ വെച്ച് രാസപ്രക്രിയയിലൂടെ സ്വര്‍ണം വേര്‍തിരിച്ചുവെന്നാണ് കണ്ടെത്തല്‍. 2025 ല്‍ പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ സ്വര്‍ണം പൂശിയതും അന്വേഷിക്കുന്നുണ്ട്.
അതേസമയം മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോര്‍ഡ് അംഗങ്ങളെയും എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. കേസില്‍ അഞ്ചു പ്രമുഖര്‍ കൂടി എസ്‌ഐടിയുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചതായാണ് വിവരം. ദ്വാരപാലക ശില്‍പ മോഷണക്കേസില്‍ മൂന്നു പേരുടേയും, കട്ടിളപ്പാളി കേസില്‍ രണ്ടുപേരുടേയും പങ്ക് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഇവര്‍ നിലവില്‍ പ്രതി ചേര്‍ക്കപ്പെടാത്തവരാണെന്നും എസ്‌ഐടി സൂചിപ്പിച്ചിട്ടുണ്ട്. 1998 ല്‍ സ്വര്‍ണം പൊതിഞ്ഞ പഴയ വാതില്‍ കൂടി കൊള്ളയ്ക്ക് ഇരയായതായി എസ്‌ഐടിക്ക് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. ശബരിമല സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച പഴയ കതക് എസ്‌ഐടി പരിശോധിച്ചു. ഇതിലെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതിലുകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പഴയ വാതില്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. പഴയ കൊടിമര ഭാഗങ്ങളും പരിശോധിക്കുന്നുണ്ട്. പഴയ കൊടിമരത്തില്‍ നിന്നും മാറ്റിയ ശില്‍പ്പങ്ങള്‍ സ്‌ട്രോങ് റൂമിലുണ്ടോയെന്നും എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നുണ്ട്.
ശ്രീകുമാർ എസ്ഐടി കസ്റ്റഡിയിൽ
സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. മറ്റു ചില പ്രതികളെ ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ശ്രീകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന് എസ്‌ഐടി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് ഒരു ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിടാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
പോറ്റിയുടെ ഹർജിയിൽ വാദം പൂർത്തിയായി
അതേസമയം ശബരിമല സ്വര്‍ണ്ണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം അപഹരിച്ച കേസിലാണ് പോറ്റി ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ സമീപിച്ചത്. ഈ കേസില്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി ഉത്തരവ് പറയാനായി മാറ്റി.
by Midhun HP News | Jan 20, 2026 | Latest News, കേരളം
ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ഇപ്പോള്‍ ആധാര്‍ മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ അടക്കം എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും ആധാര്‍ ചോദിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായാലും സിം കാര്‍ഡ് എടുക്കുന്നതിനായാലും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനായാലും എല്ലായിടത്തും ആധാറിന്റെ പകര്‍പ്പ് ആവശ്യമാണ്.
നിലവില്‍ യുഐഡിഎഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്‌തോ ആണ് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഈ പ്രക്രിയ പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ളതാണ്. ഇപ്പോള്‍, യുഐഡിഎഐ ഈ പ്രക്രിയ ലളിതമാക്കിയിരിക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ പിഡിഎഫ് പകര്‍പ്പ് ഇപ്പോള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഉപയോക്താക്കള്‍ യുഐഡിഎഐയുടെ വാട്‌സ്ആപ്പ് നമ്പറായ +91-9013151515 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് അയച്ചാല്‍ മതി. ഇത് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഓട്ടോമേറ്റഡ് ചാറ്റ് ആരംഭിക്കും. ആദ്യം, ഡിജിലോക്കര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഉടന്‍ തന്നെ ഡിജിലോക്കര്‍ ഉപയോഗിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത് സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും. ഡിജിലോക്കര്‍ അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചുകഴിഞ്ഞാല്‍, 12 അക്ക ആധാര്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വഴി ഒരു ഒടിപി ലഭിക്കും. ഐഡന്റിറ്റി പരിശോധിക്കാന്‍ ഈ ഒടിപി ആവശ്യമാണ്.പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒരു ലിസ്റ്റ് ദൃശ്യമാകും. തുടര്‍ന്ന് പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ നടപടിക്രമം പൂര്‍ത്തിയാകും.
ഈ സേവനം ഒരേ സമയം ഒരു പിഡിഎഫ് അല്ലെങ്കില്‍ ഡോക്യുമെന്റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് മുമ്പ് ആധാര്‍ നമ്പര്‍ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കേണ്ടതും ആവശ്യമാണ്. എന്നിരുന്നാലും, ആധാര്‍ ഡിജിലോക്കര്‍ അക്കൗണ്ടില്‍ കാണിക്കുന്നില്ലെങ്കില്‍, വാട്‌സ്ആപ്പ് ഫീച്ചര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡിജിലോക്കര്‍ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റിലോ അത് അവിടെ ലിങ്ക് ചെയ്യാവുന്നതാണ്.
by Midhun HP News | Jan 20, 2026 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പാപ്പാലയിൽ വെച്ച് ഥാർ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരണത്തിന് കീഴടങ്ങി. കടയ്ക്കൽ പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് ആണ് മരിച്ചത്. ഈ മാസം ആദ്യം നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിന്റെ ഭാര്യ അംബിക മരിച്ചിരുന്നു. ഇതോടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുരുന്നുകൾക്ക് അച്ഛനെയും അമ്മയെയും നഷ്ടമായി.
ഈ മാസം ആദ്യം ദേശീയപാതയിൽ കിളിമാനൂർ പാപ്പാലയ്ക്ക് സമീപമായിരുന്നു അപകടം. രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിന് പിന്നിൽ അതിവേഗമെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അംബിക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈ മാസം ഏഴിന് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ രഞ്ജിത്ത് ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.
പ്രതികളെ കണ്ടെത്താതെ പോലീസ്:
അപകടത്തിന് ശേഷം നിർത്താതെ പോയ ജീപ്പ്, ടയർ പഞ്ചറായതിനെ തുടർന്ന് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന യുവാവ് ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇയാളെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ ജീപ്പിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന ആക്ഷേപവും ശക്തമാണ്.
by Midhun HP News | Jan 20, 2026 | Latest News, കേരളം
പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീയുടെകീഴിൽ ആരംഭിച്ച അപ്പാരൽ പാർക്ക് പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷത്തിലധികമായിട്ടും തുറക്കാൻ നടപടിയില്ല. അപ്പാരൽ പാർക്കിനുവേണ്ടി ലക്ഷങ്ങൾ വിനിയോഗിച്ച് വാങ്ങിക്കൂട്ടിയ ആധുനിക സൗകര്യങ്ങളുള്ള തയ്യൽ മെഷീനുകൾ തുരുമ്പെടുത്ത് നശിക്കുന്നു.
2019-2020 സാമ്പത്തിക വർഷത്തിലാണ് പാറശ്ശാലയ്ക്കു സമീപം നെടുവാൻവിളയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിച്ച് കുടുംബശ്രീ ബ്രാൻഡായി വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന മന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊട്ടിഗ്‌ഘോഷിച്ച് ഉദ്ഘാടനംചെയ്ത അപ്പാരൽ പാർക്കിന്റെ പ്രവർത്തനം മൂന്നുവർഷം പിന്നിട്ട് 2023-ൽ അവസാനിക്കുകയും ചെയ്തു.
അപ്പാരൽ പാർക്കിന്റെ നിർമാണത്തിനായി കുടുംബശ്രീ ജില്ലാമിഷനിൽനിന്ന് 35.43 ലക്ഷം രൂപയാണ് അനുവദിച്ചത്. അനുവദിച്ച തുക അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സാധനങ്ങൾ വാങ്ങാനുമായി വിനിയോഗിച്ചപ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായുള്ള പണം ലഭ്യമല്ലാതെ വന്നു. ആധുനിക തയ്യൽ യന്ത്രങ്ങളടക്കമാണ് അപ്പാരൽ പാർക്കിനായി വാങ്ങിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ തയ്യൽ യന്ത്രങ്ങൾ വാങ്ങിച്ചതിനും സ്ഥാപിക്കുന്നതിനുംവേണ്ടിമാത്രം 23.05 ലക്ഷം രൂപ വിനിയോഗിച്ചു. ഇതിനു പുറമേ ഓഫീസ് വിഭജനം, വൈദ്യുതീകരണം, ഫർണിഷിങ് എന്നിവയ്ക്കായി 8.40 ലക്ഷം രൂപയും ഫാൻ, ലൈറ്റ് എന്നിവയ്ക്കായി 62,250 രൂപയും വിനിയോഗിച്ചതായി പറയുന്നു.
ഉത്പന്നങ്ങൾ വിറ്റഴിച്ച് കിട്ടുന്ന ലാഭം വിനിയോഗിച്ച് സ്ഥാപനം പ്രവർത്തിപ്പിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, നാലുവർഷം പ്രവർത്തിച്ചിട്ടും ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ വന്നതോടെ ലക്ഷങ്ങൾ മുടക്കി ആരംഭിച്ച അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചു. 2019-2020 സാമ്പത്തിക വർഷത്തിൽ വിറ്റുവരവിൽ ഒരുമാസത്തെ ശരാശി വരുമാനം 41,500 രൂപ മാത്രമാണ്. എന്നാൽ, 2023-ൽ അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചപ്പോൾ ഒരുമാസത്തെ ശരാശരി വരുമാനം 20,000 രൂപയിൽ താഴെയായി മാറി.
അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചതോടെ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ തയ്യൽ യന്ത്രങ്ങളും മറ്റ് അനുബന്ധ യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. പ്രവർത്തനം നിലച്ച് രണ്ടുവർഷം കഴിയുമ്പോൾ അപ്പാരൽ പാർക്കിന്റെ മേൽക്കൂരയ്ക്കു താഴെ സ്ഥാപിച്ചിരുന്ന സീലിങ്ങുകൾ പൂർണമായും തകർന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങളെല്ലാം പൊടി മൂടിയും തുരുമ്പെടുത്തും നശിച്ചു.
ജീവനക്കാരായ സ്ത്രീകൾ മറ്റ് ജോലികൾ തേടി പോയി. ഓരോ തിരഞ്ഞെടുപ്പ് എത്തുമ്പോഴും അപ്പാരൽ പാർക്ക് ഉടൻ പ്രവർത്തിപ്പിക്കുമെന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ എത്തുന്നതല്ലാതെ യൂണിറ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയിെല്ലന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. എന്നാൽ, നിലവിലെ സ്ഥിതിയിൽ വീണ്ടും അപ്പാരൽ പാർക്ക് പ്രവർത്തനസജ്ജമാക്കണമെങ്കിൽ മുപ്പതുലക്ഷത്തിൽ അധികം തുക വേണ്ടിവരുമെന്നും ഇരുപത്തിമൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങി സ്ഥാപിച്ച യന്ത്രങ്ങൾ ഇനി ഉപയോഗിക്കാൻ സാധിക്കില്ലായെന്നുമാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.
by Midhun HP News | Jan 20, 2026 | Latest News, കേരളം
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനം ഭയന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ആരോപണ വിധേയനായ ദീപക് ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പൊലീസ് കേസെടുത്തതിന് പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫ ഒളിവില്‍ പോയിരിക്കുകയാണ്.
തിരക്കുള്ള ബസില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയയാണ് യുവതി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇട്ടത്. വിവാദമായതോടെ ഈ രണ്ടു വീഡിയോയും യുവതി ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഷിംജിതയും, ദീപക്കും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ഇതിനായി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
യുവതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നത് എഡിറ്റ് ചെയ്ത വീഡിയോകള്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അതിനാല്‍ യുവതിയുടെ ഫോണ്‍ കണ്ടെത്തി വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കേസില്‍ സൈബര്‍ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. പയ്യന്നൂരില്‍ വെച്ചാണ് വീഡിയോയില്‍ പറയുന്ന സംഭവം നടക്കുന്നത്. ഇന്നലെ രാത്രിയാണ് ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഒളിവിലുള്ള ഷിംജിത ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിക്രമം നേരിട്ട വിവരം വടകര പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നാണ് യുവതി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരം ഒരു വിവരം അറിഞ്ഞിട്ടില്ലെന്നാണ് വടകര പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ബസ് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ബസില്‍ ആ സമയം യാത്ര ചെയ്തവരെ കണ്ടെത്താനും, അവരുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് ഇന്നലെ രാത്രി ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു ദീപക് (40) നെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.


Recent Comments