by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: ഒരാളുടെ ജീവിതം എങ്ങനെയാണ് മാറിമറിയുന്നതെന്ന് പ്രവചിക്കാന്‍ പോലും പറ്റില്ല. മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള ഒരു സ്ത്രീ ജീവിതത്തിലേയ്ക്ക് തിരികെ വന്നത് ‘അത്ഭുതം’ എന്നല്ലാതെ മറ്റൊന്നുമല്ല. മരിച്ചുവെന്ന് കരുതി സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേയ്ക്ക് ആംബുലന്‍സില്‍ പോകുമ്പോഴാണ് അത് സംഭവിച്ചത്. കുഴിയില്‍ വീണതിന്റെ ആഘാതത്തില്‍ സ്ത്രീ പെട്ടെന്ന് സ്വാഭാവിക ശ്വാസം എടുത്തു തുടങ്ങുകയായിരുന്നു.

സംഭവം ഇങ്ങനെ: ബറേലിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിനീത ശുക്ല മരിച്ചെന്ന് കുടുംബത്തോട് പറഞ്ഞത്. വിനീതയുടെ ഭര്‍ത്താവ് കുല്‍ദീപ് കുമാര്‍ ശുക്ല ഇവരെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കാന്‍ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നു. ദേശീയ പാതയിലെ കുഴി നിറഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സ് വലിയ കുഴിയില്‍ വീണ് കുലുങ്ങി. ശ്വാസം നിലച്ച വിനീത സാധാരണ ഗതിയില്‍ ശ്വസിക്കാന്‍ തുടങ്ങി. ഉടനെ തിരിച്ച് ആശുപത്രിയില്‍ എത്തിക്കുകയും സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിനീത തിങ്കളാഴ്ച പൂര്‍ണ ആരോഗ്യവതിയായി വീട്ടിലേയ്ക്ക് മടങ്ങി.
പിലിഭിത്തിലെ ജുഡീഷ്യല്‍ കോടതിയില്‍ സീനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനീത ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെയാണ് ബോധരഹിതയായി വീണത്. പിലിഭിതിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു.

by Midhun HP News | Mar 11, 2026 | Latest News, കേരളം
കൊച്ചി: കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് ലഭിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സമുദ്രത്തെയും നദികളെയും വെള്ളത്തെയും മറ്റുള്ളവര്‍ വെറും വിഭവങ്ങളായി കാണുമ്പോള്‍ ധീവരസമൂഹം അമ്മയായാണ് കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ സമുദ്രം കാക്കുന്നവരാണ്. പ്രളയസമയത്ത് ഈ സമുദായത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്. അതാര്‍ക്കും വിസ്മരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കിയത് എന്‍ഡിഎ സര്‍ക്കാരാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടണം. അതിനായി വിവിധ പദ്ധതികളാണ് മത്സ്യത്തൊഴിലാളി സമുദായത്തിനായി നടപ്പാക്കിയത്. പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. ഇതുമൂലമാണ് കേരളത്തിന്റെ മത്സ്യമേഖല വേഗത്തില്‍ വളരുന്നത്. മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കാനായി വിവിധ സൊസൈറ്റികള്‍ വഴി ലക്ഷക്കണക്കിന് രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കടലില്‍ പോകുന്നവരുടെ സുരക്ഷയ്ക്കായും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തു.
മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കള്‍ ബ്ലൂ ഇക്കോണമിയെ നയിച്ച് മത്സ്യത്തൊഴിലാളി കയറ്റുമതിയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ കൊച്ചി സാമൂഹ്യപരിഷ്‌കരണത്തിന്റെ മണ്ണായാണ് കണക്കാക്കപ്പെടുന്നത്. ഈ മണ്ണില്‍ നിന്നാണ് പണ്ഡിറ്റ് കറുപ്പന്‍ സ്വാഭിമാന പോരാട്ടത്തിന്റെ ശബ്ദമുയര്‍ത്തിയത്. അമൃതാനന്ദമയിയെയും പ്രധാനമന്ത്രി സ്മരിച്ചു. മാതാ അമൃതാനന്ദമയിയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ അത്ഭുതകരമായ ഉദാഹരണമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അഖിലകേരള ധീവരസഭ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ മത്സ്യത്തൊളിലാളി സഹോദരങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സംഘടന. 50 വര്‍ഷത്തെ നിങ്ങളുടെ പ്രയത്‌നത്തില്‍ നിങ്ങളുടെ സേവനമനോഭാവവും ഉള്‍പ്പെട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ മുഴുവന്‍ ധീവരസഭാംഗങ്ങള്‍ക്കും നന്മകള്‍ നേരുന്നു. താനിവിടെ വന്നത് അനുഗ്രഹം നല്‍കാനല്ല, നിങ്ങളില്‍ നിന്നും അനുഗ്രഹം തേടാനാണ് വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

by Midhun HP News | Mar 11, 2026 | Latest News, കേരളം
കോഴിക്കോട്: ദേശീയ പാത ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, സമാന്തര ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. രാമനാട്ടുകര- വെങ്ങളം റീച്ചില്‍ സമാന്തര ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഉദ്ഘാടനത്തിനൊപ്പം രാമനാട്ടുകര- വെങ്ങളം വരെ ദേശീയപാതയില്‍ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയും നടത്തും.

പ്രധാനമന്ത്രിയുടെ പരിപാടി നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12 മണിക്ക് തന്നെ മന്ത്രി റിയാസിന്റെ റോഡ് ഷോ സംഘടിപ്പിക്കാനാണ് നീക്കം. തലപ്പാടി- ചെങ്കള റീച്ച് സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ജനകീയമായി തുറന്നുകൊടുക്കും. ദേശീയപാത 66 പദ്ധതിയുടെ പ്രധാനമന്ത്രി നടത്തുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദമായത്.
മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവരും ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയത് എന്തിനെന്ന് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ ഇന്നേവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ല. കേന്ദ്രനടപടി കേരളത്തിന് അപമാനമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: പാക് ചാര സംഘടനയായ ഐഎസ്ഐക്കായി ചാരവൃത്തി നടത്തിയ നാവികസേനയിലെ സൈനികൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ആദർശ് കുമാറാണ് (24) അറസ്റ്റിലായത്. കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്താണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇവിടുത്തെ തന്ത്രപ്രധാന ചിത്രങ്ങൾ അടക്കം പ്രധാനപ്പെട്ട വിവരങ്ങൾ ഐഎസ്ഐക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. ഉത്തർപ്രദേശ് എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവികസേനയിൽ ലാൻസ് നായിക് ആയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഐഎസ്‌ഐ ഏജന്‍റുമായി ഇയാൾ ബന്ധം സ്ഥാപിച്ചതായും ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.


by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കുന്നതിനാണ് സുപ്രീംകോടതി അനുമതി നൽകിയത്. വൃദ്ധരായ മാതാപിതാക്കളുടെ ഹർജിയിലാണ് അനുമതി. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും കോടതി പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നൽകി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

2013ലാണ് ഹരീഷ് റാണെ എന്ന വിദ്യാർത്ഥിയ്ക്ക് അപകടം സംഭവിക്കുന്നത്. ഛണ്ഡീഗഢിലെ കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണെയ്ക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു.
അനങ്ങാൻ കഴിയാത്ത രീതിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. 2018ലാണ് രാജ്യത്ത് ദയാവധം നിയമപരമാക്കിയിട്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നത്. റാണെയുടെ മാതാപിതാക്കളുടെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ഹരീഷ് റാണെ തിരിച്ചുവരാൻ സാധ്യതയില്ലെന്ന് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ നിർദേശത്തെ തുടർന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

Recent Comments