സഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് എം എ ബേബി

സഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് എം എ ബേബി

തിരുവനന്തപുരം: ട്വന്റി 20യില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തി ടൂര്‍ണമെന്റിന്റെ താരമായ സഞ്ജു സാംസണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷമാണിത്.

മലയാളികള്‍ക്ക് അതില്‍ അധിക സന്തോഷം കൂടിയുണ്ടെന്നും എം എ ബേബി പറഞ്ഞു. സഞ്ജു അതുല്യനായ കായികപ്രതിഭ മാത്രമല്ല മഹത്തായ കായിക സംസ്‌കാരത്തിന്റെ ഉടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച അവസരം നന്നായി വിനിയോഗിക്കാനായെന്ന് സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ പറഞ്ഞു.

അമ്മ ലിജി ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് കിടക്കുമ്പോഴും ഒരു വശത്ത് സ്‌ക്രീനില്‍ കളി കാണുകയായിരുന്നു. വനിതാദിനത്തില്‍ ഒരമ്മയ്ക്ക് കിട്ടാവുന്ന വലിയ സമ്മാനമാണിതെന്ന് എം എ ബേബി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എ എ റഹിം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എസ് ഹരികുമാര്‍, എം എ ബേബിയുടെ ഭാര്യ ബെറ്റി എന്നിവരും ഒപ്പമുണ്ടായി. വീടിന് പുറത്തും നിരവധി ആരാധകരെത്തി. ആര്‍പ്പുവിളിച്ചും പടക്കം പൊട്ടിച്ചും ആരാധകര്‍ സന്തോഷം പങ്കുവെച്ചു.

അവകാശവാദം ഉന്നയിച്ച് സിപി ജോണും വിഎസ് ശിവകുമാറും; കോണ്‍ഗ്രസിന് കീറാമുട്ടിയായി തിരുവനന്തപുരം മണ്ഡലം

അവകാശവാദം ഉന്നയിച്ച് സിപി ജോണും വിഎസ് ശിവകുമാറും; കോണ്‍ഗ്രസിന് കീറാമുട്ടിയായി തിരുവനന്തപുരം മണ്ഡലം

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യവും മുന്നണി രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തില്‍പ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം നിയമസഭ മണ്ഡലം. കോണ്‍ഗ്രസിലെ വി എസ് ശിവകുമാറും സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണും സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.

മുന്‍ ഡിസിസി പ്രസിഡന്റും മുന്‍മന്ത്രിയുമായ വി എസ് ശിവകുമാര്‍ വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പ്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സീറ്റ് നിഷേധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശിവകുമാര്‍ അറിയിച്ചിരിക്കുന്നത്. അതിനിടെ, പ്രശ്‌നം സങ്കീര്‍ണ്ണമാക്കി, സീറ്റ് സിഎംപിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് ഏതാനും കെപിസിസി, ഡിസിസി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

മുന്നണി സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് സിഎംപി തിരുവനന്തപുരം ആവശ്യപ്പെട്ടത്. സിപി ജോണിനെ നിയമസഭയിലെത്തിക്കണമെന്ന് കോണ്‍ഗ്രസും ആഗ്രഹിക്കുന്നുണ്ട്. ഇരുപക്ഷവും തങ്ങളുടെ നിലപാടി ഉറച്ചു നില്‍ക്കുന്നതോടെ, തെരഞ്ഞെടുപ്പില്‍ മറ്റു മണ്ഡലങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതൃത്വം തേടുന്നത്.

ശിവകുമാര്‍ രണ്ടു തവണ നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2021 ല്‍ പരാജയപ്പെടുകയായിരുന്നു. ഒരു തവണ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. മണ്ഡലത്തിലെ താഴേത്തട്ടിലും, സമുദായിക ഗ്രൂപ്പുകളിലും സ്വാധീനമുള്ള ശിവകുമാറിനെ മത്സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നാണ് ശിവകുമാര്‍ അനുകൂലികള്‍ പറയുന്നത്.

സിഎംപി സ്ഥാപക നേതാവ് എം വി രാഘവന്‍, അന്ന് തിരുവനന്തപുരം വെസ്റ്റ് ആയിരുന്ന മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സീറ്റ് പാര്‍ട്ടിക്ക് വേണമെന്ന് സിഎംപി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സിറ്റിംഗ് സീറ്റായതിനാല്‍ മണ്ഡലത്തിന്മേല്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. പാര്‍ട്ടിക്ക് അനുവദിച്ചാല്‍ ജനറല്‍ സെക്രട്ടറി സി പി ജോണ്‍ സീറ്റില്‍ നിന്ന് മത്സരിക്കും. ” ഒരു സിഎംപി നേതാവ് പറഞ്ഞു.

നേരത്തെ തിരുവമ്പാടി മണ്ഡലത്തില്‍ സി പി ജോണിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ പട്ടാമ്പിയും തിരുവമ്പാടിയും തമ്മിലുള്ള സീറ്റു വെച്ചുമാറ്റ ചര്‍ച്ചകള്‍ക്കിടെ ഈ നീക്കം തടസ്സപ്പെട്ടു. സിഎംപിക്ക് വിജയിക്കാവുന്ന രണ്ട് സീറ്റുകള്‍ നല്‍കുമെന്നും ജോണ്‍ അടുത്ത നിയമസഭയില്‍ എംഎല്‍എയായി ഉണ്ടാകുമെന്നും വി ഡി സതീശന്‍ ഉറപ്പ് നല്‍കിയിരുന്നു. യു ഡി എഫിന്റെ സെക്രട്ടറി കൂടിയാണ് സിപി ജോണ്‍. സിഎംപിക്ക് സീറ്റ് നിഷേധിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജോണിനോട് അടുപ്പമുള്ള ഒരു നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഫ്‌ളാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ ചിദംബരം എസ്. പൊതുവാളിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്.

2022 ല്‍ എളംകുളത്തെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

പരാതി സംവിധായകന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്. ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ചിദംബരം, പരാതിക്കാരിയോട് തീര്‍ത്തും പ്രൊഫഷണല്‍ ബന്ധമേ പുലര്‍ത്തിയിട്ടുള്ളൂ എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചിദംബരം കോടതിയെ അറിയിച്ചിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സ്, ജാനേമന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ചിദംബരം.

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ

ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാമിഷന്റെയും ജില്ലാ സാക്ഷരതാ മിഷൻ തിരുവനന്തപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ തുല്യതാപഠന കേന്ദ്രത്തിൽ വച്ച് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപ് വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു.

സാക്ഷരതാ മിഷനിലൂടെ +2 പഠിച്ച് റാങ്ക് ജേതാവാകുകയും ഡിഗ്രി പഠനശേഷം
എൽ എൽ ബിക്ക് പഠിക്കുന്ന 68 വയസ് പ്രായമുള്ള അനിതകുമാരിയെയും സാക്ഷരതാ മിഷൻ ഏഴാം തരം, പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാപരീക്ഷകൾ പാസായി, ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്ന 61 വയസ് പ്രായമുള്ള ശോഭനയെയും ആദരിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിനു, വനിതാദിന സന്ദേശവും ജില്ലാ സാക്ഷരതാ മിഷൻ കോ ഓഡിനേറ്റർ ഇ വി അനിൽ മുഖ്യപ്രഭാഷണവും നടത്തി. സുജ കെ.എസ്, സൂര്യ. എസ് എൽ, സൻസ, സെൻറർ കോ-ഓഡിനേറ്റർമാരായ മിനിരേഖ. ജി ആർ, ബിന്ദു. കെ ആർ തുടങ്ങിയവർ സംസാരിച്ചു.

‘വലിയ സന്തോഷം, ചേട്ടാ’; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും

‘വലിയ സന്തോഷം, ചേട്ടാ’; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് എത്തിച്ച സഞ്ജുവന് കൈയടിച്ച് കിങ് കോഹ്‌ലിയും. ‘ടൂര്‍ണമെന്റിലെ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ തന്നെ മികച്ച താരമായി. പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം, ചേട്ടാ’- കോഹ്‌ലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കറിച്ചു.

സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസുമായുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തുടങ്ങിയ പോരാട്ടം ഫൈനല്‍ വരെ തുടര്‍ന്നാണ് സഞ്ജു ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി. ഇന്ത്യന്‍ ടീം ഒന്‍പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ സഞ്ജുവിന് അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് അവസരം കിട്ടിയത്. നിര്‍ണായക മത്സരങ്ങളില്‍ സെഞ്ച്വറിക്ക് തുല്യമായ മൂന്ന് അര്‍ധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായി.

നമീബിയക്കെതിരെ 8 പന്തില്‍ 22 (3 സിക്സര്‍, 1 -ഫോര്‍), സിംബാബ്വെയ്ക്കെതിരെ 15 പന്തില്‍ 24 (2 സിക്സര്‍, 1 ഫോര്‍), വെസ്റ്റിന്‍ഡീസിനെതിരെ 50 പന്തില്‍ 97* (4 സിക്സര്‍, 12 ഫോര്‍), ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 (7 സിക്സര്‍, 8 ഫോര്‍),ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 (8 സിക്സര്‍, അഞ്ച് ഫോര്‍), ആകെ 5 കളി, 321 റണ്‍, ബാറ്റിങ് ശരാശരി 80.25, പ്രഹരശേഷി 199.37. 24 സിക്സര്‍, 27 ഫോര്‍, 3 ക്യാച്ച്. ഇതായിരുന്നു സഞ്ജുവിന്റെ ലോകകപ്പിലെ ഇന്നിങ്‌സുകള്‍..