മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് സംഭവം.

പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. വ്യാജ പരാതി നൽകിയ പൊവ്വൽ‌ സ്വദേശി ആയിഷയെയാണ് വിദ്യാന​ഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

മോഷണക്കുറ്റം ആരോപിച്ചതിനെത്തുടർന്നുള്ള മനോവിഷമത്തിൽ നാലത്തടുക്ക സ്വദേശിനി ജസീല (24) ഫെബ്രുവരി 20 നാണ് വിഷം കഴിച്ച് മരിക്കുന്നത്. ജസീല ഒമ്പതു പവനോളം സ്വർണം മോഷ്ടിച്ചു എന്നായിരുന്നു ഭർത്താവിന്റെ വീട്ടിനടുത്തുള്ള അയൽവീട്ടുകാർ ആരോപിച്ചിരുന്നത്. ഇതേത്തുടർന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.

സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം കഴിച്ച് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം മരണമൊഴിയായി ജസീല പൊലീസിന് നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണപരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിലെ സുരക്ഷാവീഴ്ച: ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിലെ സുരക്ഷാവീഴ്ച: ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പില്‍ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിന് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. അന്നത്തെ തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ തെളിവെടുപ്പിലാണ് സംഭവം.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 14 ന് തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവിടെ ഡിവൈഎസ്പി നന്ദകുമാറിനോട് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഫോണില്‍ നേരിട്ട് പറഞ്ഞെങ്കിലും ഡിവൈഎസ്പി സ്ഥലത്തെത്തിയിരുന്നില്ല. തെളിവെടുപ്പിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി പൊലീസ് വിലയിരുത്തിയിരുന്നു. ഇതില്‍ എസ്പി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഡിജിപി നേരിട്ട് അന്വേഷണം നടത്തിയശേഷമാണ് ഡിവൈഎസ്പി നന്ദകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎസ്പിക്കെതിരെ വിശദമായ അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. നന്ദകുമാര്‍ ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് ജോലി നോക്കിയിരുന്നത്.

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ കര്‍ണാടക, ബജറ്റില്‍ പ്രഖ്യാപനം

കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ കര്‍ണാടക, ബജറ്റില്‍ പ്രഖ്യാപനം

ബംഗളൂരു: കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സാങ്കേതികവിദ്യാധിഷ്ഠിത പഠന സംരംഭങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുയും ചെയ്യുന്ന വിധത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക.

മാനസികാരോഗ്യം, ഉറക്കം, സുരക്ഷ എന്നിവയെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദേശ രാഷ്ട്രങ്ങള്‍ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. ഡിസംബറില്‍, ഓസ്ട്രേലിയ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗത്തിന്റെ പ്രതികൂല ഫലങ്ങള്‍ തടയുകയാണ് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റത്തിനുതകുന്ന പ്രഖ്യാപനങ്ങളും സിദ്ധരാമയ്യയുടെ ബജറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിഗ്രി കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവയ്ക്കായി 2,000 അധ്യാപക ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാനം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസത്തില്‍, സ്റ്റാഫ് ക്ഷാമം പരിഹരിക്കും, സ്ഥാപനങ്ങള്‍ വികസിപ്പിക്കും, ബംഗളൂരുവിലെ വിശ്വേശ്വരയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് സര്‍വകലാശാലയ്ക്ക് ഐഐടികളുടെ മാതൃകയില്‍ വികസനത്തിനായി 500 കോടി നീക്കിവയ്ക്കും, ഇതിലേക്കായി 100 കോടി ഉടന്‍ അനുവദിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം പരിഹരിക്കുന്നതിനായി രോഹിത് വെമുല ബില്‍ അവതരിപ്പിക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.

ആക്രമണം കടുപ്പിച്ച് ഇസ്രയേലും യുഎസും, ഇറാനില്‍ 1230 പേര്‍ കൊല്ലപ്പെട്ടു

ആക്രമണം കടുപ്പിച്ച് ഇസ്രയേലും യുഎസും, ഇറാനില്‍ 1230 പേര്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാന് എതിരെ ഇസ്രയേലും യുഎസും നടത്തുന്ന സൈനിക നീക്കം ഏഴാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ആക്രമണം ശക്തമാകുന്നു. ഇറാനില്‍ ഭൂമിക്കടിയില്‍ സുക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം വ്യാപിപ്പിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അമേരിക്കയുടെ ബി 2 ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വെള്ളിയാഴ്ച ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇറാന് എതിരായ യുഎസ് – ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം 181 കുട്ടികളും മരിച്ചിട്ടുണ്ട്. മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഉണ്ടായ അക്രമണത്തില്‍ മാത്രം 175 കുട്ടികള്‍ മരിച്ചെന്നാണ് വിലയിരുത്തല്‍.

ആക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂള്‍ ആക്രമിച്ചത് യുഎസ് സൈന്യം തന്നെയാണ് സ്ഥിരീകരിച്ചതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നത്. സ്‌കൂള്‍ മനഃപൂര്‍വ്വം ആക്രമിക്കുന്നത് ഒരു യുദ്ധക്കുറ്റമായാണ് വിലയിരുത്തുക. ആക്രമണത്തില്‍ യുഎസിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന സൈനിക നടപടികളില്‍ ഏറ്റവും കൂടുതല്‍ സിവിലിയന്‍ മരണങ്ങള്‍ സംഭവിച്ച ആക്രമണത്തില്‍ ഒന്നായിരിക്കും ഈ ആക്രമണം.

അതിനിടെ, സൗദിയിലേക്ക് വീണ്ടും ഇറാനില്‍ നിന്നും മിസൈല്‍ – ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിലുള്ള വ്യോമതാവളത്തിന് നേരെയാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലും അല്‍ ഖര്‍ജിന് കിഴക്കുമായി രണ്ട് ഡ്രോണുകളും അല്‍ ഖര്‍ജ് ഗവര്‍ണറേറ്റിന് കിഴക്ക് ഒരു ക്രൂസ് മിസൈല്‍ തടഞ്ഞതായും വക്താവ് പറഞ്ഞു. സംഭവങ്ങളില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ലെന്നും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.