by Midhun HP News | Mar 7, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: അങ്കമാലി മോണിങ് സ്റ്റാര്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പിടികൂടാന്‍ സഹായകമായത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത. വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്‌റ്റേയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ബുധനാഴ്ച രാത്രി ഹോംസ്‌റ്റേയില്‍ എത്തിയിട്ടും ഇയാള്‍ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോള്‍ മുതല്‍ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയില്‍ മുറിയില്‍ ലൈറ്റും ഇട്ടില്ല. ഇതോടെ ഇയാള്‍ എന്തെങ്കിലും കുറ്റം ചെയ്തിട്ട് വന്നതാകാമെന്ന ഹോംസ്‌റ്റേ ഉടമയുടെ ഭയമാണ് സിറിയക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

അതിനിടെ, സിറിയക്കിന്റെ ബന്ധുവിന് വാഗമണ്ണില്‍ റിസോര്‍ട്ട് ഉണ്ടെന്ന് അറിഞ്ഞു. ഈ റിസോര്‍ട്ടിന്റെ പേര് സാമൂഹിക മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ സിറിയക്കിന്റെ ചിത്രം കണ്ടു. ആ ചിത്രത്തിന് ഹോംസ്‌റ്റേയില്‍ താമസിക്കുന്ന വ്യക്തിയുടെ രൂപവുമായി സാമ്യം തോന്നിയതോടെ ഹോംസ്‌റ്റേ ഉടമ വാഗമണ്‍ സിഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മഫ്തിയില്‍ ഹോംസ്‌റ്റേയില്‍ എത്തി. പൊലീസാണ് എത്തിയതെന്ന് മനസിലാക്കിയ പ്രതി ഇവരെ വെട്ടിച്ച് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
കേസില്‍ ജാമ്യം കിട്ടുന്നതുവരെ ആരും കാണാതെയും പൊലീസിന് പിടികൊടുക്കാതെയും കഴിയാന്‍ ഒരിടം തേടിയാണ് സിറിയക് വാഗമണ്ണില്‍ എത്തിയത്. വാഗമണ്ണില്‍ റിസോര്‍ട്ടും ട്രാവല്‍ ഏജന്‍സിയുമുള്ള ഇയാളുടെ ബന്ധു മുഖാന്തരം ഇവിടെ തന്നെ കണ്ണംകുളം ഭാഗത്തുള്ള വിജനമായ സ്ഥലത്ത് സുരക്ഷിതമായ ഒളിത്താവളം ഒരുക്കുകയായിരുന്നു. എന്നാല്‍ വാഗമണ്ണിലേക്കുള്ള രാത്രിയാത്രയില്‍ പൊലീസിന്റെ ഹൈവേ പട്രോളിങ്ങും പരിശോധനയും ശക്തമാണെന്ന് ഇവര്‍ക്കറിയാമായിരുന്നു. കൂടാതെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലടക്കം സിറിയക്കിന്റെ ചിത്രം സഹിതം പ്രചരിച്ചതോടെ രൂപമാറ്റം വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ ആരും തിരിച്ചറിയാതിരിക്കാന്‍ താടിയും മീശയും വടിച്ചു. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പമാണ് ഇയാള്‍ കാറില്‍ ഹോംസ്‌റ്റേയിലെത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോഴും കെയര്‍ടേക്കറോട് സംസാരിച്ചപ്പോഴും ഇയാള്‍ മാസ്‌ക് വച്ചിരുന്നു. ഇയാള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും കെയര്‍ടേക്കറെ സുഹൃത്ത് അറിയിച്ചിരുന്നു. സിറിയക്കിന്റെ പെരുമാറ്റത്തിലെ ദുരൂഹതയാണ് കുരുക്കായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാര്‍ ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തു. എടവനക്കാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ ജോണ്‍സന്റെയും ലിമയുടെയും മകളാണ് ജാസ്ലിയ ജോണ്‍സണ്‍. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജാസ്ലിയ കോളജ് ഹോസ്റ്റലില്‍ താമസിച്ച് പാര്‍ട്ട് ടൈമായി ജോലിയും നോക്കിയിരുന്നു. ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് വരുമ്പോഴാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
by Midhun HP News | Mar 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി സംസ്ഥാനത്ത് വിതരണം ചെയ്യും. ജനുവരിയില്‍ 35,000ലേറെ കാര്‍ഡുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24 വരെ സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷകളിലാണ് ഭക്ഷ്യവകുപ്പ് വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കൂടുതല്‍ കാര്‍ഡുകള്‍ എത്തിക്കുന്നത്.
സ്വമേധയാ സറണ്ടര്‍ ചെയ്യാന്‍ അവസരം നല്‍കിയതിലൂടെയും ‘ഓപ്പറേഷന്‍ യെല്ലോ’ എന്ന തീവ്രപരിശോധനയിലൂടെയും അനര്‍ഹര്‍ കൈവശംവച്ച കാര്‍ഡുകള്‍ മടക്കിവാങ്ങി അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. 65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി വിതരണം ചെയ്യുന്നതോടെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തരംമാറ്റി വിതരണം ചെയ്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ എണ്ണം ഏഴ് ലക്ഷമാകും.
കഴിഞ്ഞ മേയില്‍ മസ്റ്ററിങ് പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തിലേറെ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഒഴിവ് വന്നിരുന്നു. അത്രയുംപേര്‍ക്ക് കാര്‍ഡുകള്‍ തരംമാറ്റിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ വിതരണം ചെയ്തതില്‍ 6.35 ലക്ഷം കാര്‍ഡുകളില്‍ 60,000 കാര്‍ഡുകള്‍ എഎഐ കാര്‍ഡുകളാണ്(മഞ്ഞകാര്‍ഡുകള്‍). ബാക്കി പിഎച്ച്എച്ച് കാര്‍ഡുകളാണ് (പിങ്ക് കാര്‍ഡ്). 2013 ലെ എന്‍എഫ്എസ്എ നിയമംകാരണം സംസ്ഥാനത്തെ 57 ശതമാനംപേരും റേഷന്‍ കവറേജിന് പുറത്താണ്. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ 1,54,80,040 ആയി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
മുന്‍ഗണനേതര വിഭാഗത്തെ നീല, വെള്ള കാര്‍ഡുകാരായി തിരിച്ച് ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്ന് ഭക്ഷ്യധാന്യം നല്‍കിവരികയാണ്.പ്രത്യേക താമസസ്ഥലം ഇല്ലാത്തവരും അലഞ്ഞ് തിരിയുന്നവരുമായ എല്ലാവരെയും അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തദ്ദേശവകുപ്പിന്റെ സര്‍വേയിലൂടെ കണ്ടെത്തി കാര്‍ഡുകള്‍ നല്‍കിയിരുന്നു. മഞ്ഞ കാര്‍ഡിന് മാസത്തില്‍ 30 കിലോ അരിയും പിങ്ക് കാര്‍ഡില്‍ കുടുംബത്തിലെ ഓരോ അംഗത്തിനും നാലുകിലോ അരി വീതവും സൗജന്യമാണ്. അഞ്ചുകിലോ ഗോതമ്പും ലഭിക്കും.


by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയില്‍ നിന്നും ഇന്ന് 58 വിമാന സര്‍വീസുകള്‍. സൗദി, ഒമാന്‍ വ്യോമപാത തുറന്നതിന് പിന്നാലെയാണ് സര്‍വീസുകള്‍. ജിദ്ദയിലേക്കും മസ്‌കത്തിലേക്കും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ഇന്ന് 24 ഷെഡ്യൂള്‍ഡ് സര്‍വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനായി ഇന്ന് 34 നോണ്‍ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന് നടക്കും.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ യുഎഇയില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തുക. അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സര്‍വീസുകള്‍ പുനരാരംഭിക്കാനും ശ്രമം നടത്തുന്നുണ്ട്. കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും മസ്‌കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് സര്‍വീസ് ഇന്നുണ്ടായിരിക്കും. നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ കൊച്ചി-റാസല്‍ഖൈമ-കൊച്ചി സര്‍വീസും ഇന്നുണ്ടാകും.അതിനിടെ, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 12 വിമാനങ്ങളും തിരുവനന്തപുരത്തേയ്ക്കുള്ള 9 വിമാനങ്ങളും റദ്ദാക്കി. ശനിയാഴ്ച വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് എത്തേണ്ട 9 സര്‍വീസുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 12 സര്‍വീസുകളുമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.


by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍. എല്‍പിജി റീഫില്ലുകള്‍ക്ക് എണ്ണ വിതരണ കമ്പനികൾ 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ് ഏര്‍പ്പെടുത്തി. നിയന്ത്രണം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഒരു സിലിണ്ടര്‍ ബുക്ക് ചെയ്ത് 21 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനിമുതല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു. വാണിജ്യ സിലിണ്ടര്‍ ബുക്കിങ്ങിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രണം പ്രതികൂലമായി ബാധിച്ചേയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതിനിടെ, എല്‍പിജി ഉത്പാദനം പരമാവധിയാക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1955 ലെ അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ നിര്‍ദേശം.
എണ്ണക്കമ്പനികളുടെ പക്കലുള്ള അധിക എല്‍പിജി പൊതുമേഖലയ്ക്ക് മാത്രം നല്‍കണമെന്നുള്‍പ്പെടെയാണ് നിര്‍ദേശം. എല്‍പിജി, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ പൊതുമേഖലയിലെ എണ്ണകമ്പനികള്‍ക്ക് നല്‍കണം. ഇവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാ എണ്ണ ശുദ്ധീകരണ കമ്പനികളും തങ്ങളുടെ കൈവശമുള്ള പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ എല്‍പിജി ഉല്‍പാദനത്തിനായി പരമാവധി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക – വാണിജ്യ സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.


by Midhun HP News | Mar 6, 2026 | Latest News, കേരളം
കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. പാന്‍ട്രി, ടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സര്‍വീസ് നടത്തുകയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എറണാകുളം കാരയ്ക്കാമുറിയില്‍ നിര്‍മ്മിക്കുന്ന ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് പണി കഴിഞ്ഞാല്‍ സര്‍വീസ് തൃശൂര്‍ വരെ ദീര്‍ഘിപ്പിക്കും. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. ബുക്കിങ് മുഴുവന്‍ തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ബസില്‍ ടിക്കറ്റ് പരിശോധിക്കുക ഹോസ്റ്റസ് ആയിരിക്കും. അവരാണ് ഭക്ഷണവും നല്‍കുക. അതിനുള്ള ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.
‘ബസ് വന്നാല്‍ ഞാന്‍ ഒന്ന് ഓടിച്ചുനോക്കൂം. അതുകഴിഞ്ഞാല്‍ ഉദ്ഘാടനവും കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് മുന്‍പേ വണ്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ ഉദ്ഘാടനം ചെയ്യേണ്ടെന്ന് പലരും പറയും. ഹോസ്റ്റസ് മലയാളിയാകണമെന്നില്ല. മലയാളിക്ക് ഒരു കുഴപ്പമുണ്ട്. നാലുദിവസം ട്രെയിനിങ് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. അഞ്ചാം ദിവസം അത് വൃത്തികേടാക്കും. പഠിപ്പിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യണമെന്നും ബസ് ഹോസ്റ്റസ് എന്നൊരു സങ്കല്‍പം ഉണ്ടാക്കുകയാണ് ലക്ഷ്യം’- കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
വോള്‍വോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്രയും സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസ് ആയിരിക്കും കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ്. 35 സീറ്റുകളായിരിക്കും ഉണ്ടാകുക. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക.


Recent Comments