by Midhun HP News | Jan 15, 2026 | Latest News
കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി പുതുജീവന്‍ നല്‍കുന്നത് നാലുപേര്‍ക്ക്. കണ്ണൂര്‍ പയ്യാവൂര്‍ ഇരുഡ് സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ മോന്‍സണിന്റെ (17) ബന്ധുക്കളാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്. അയോണയുടെ രണ്ട് വൃക്കകളും കരളും കോര്‍ണിയയുമാണ് ദാനം ചെയ്യുന്നത്.
തിങ്കളാഴ്ചയാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്നാണ് അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേര്‍ക്കാണ് അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്തത്.
ഇതില്‍ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. യാത്രാ വിമാനം വഴിയാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് യാത്ര വിമാനം വഴി അവയവം എത്തിച്ചത്. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് അവയവവുമായി തിരുവനന്തപുരത്തേയ്ക്ക് പറന്നത്. 27 വയസുള്ള പാറശാല സ്വദേശിയായ യുവതിക്കാണ് വൃക്ക ദാനം ചെയ്യുന്നത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ച മുന്‍പ് ജോലിക്ക് കയറിയ കോര്‍ഡിനേറ്റര്‍ നമിതയാണ് വൃക്കയുമായി തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോയത് എന്ന് നമിത പറയുന്നു. അവിടെ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്തിലെ ജീവനക്കാര്‍ എല്ലാ സൗകര്യവും ഒരുക്കി തന്നതായും നമിത മാധ്യമങ്ങളോട് പറഞ്ഞു.
അയോണയുടെ രണ്ടാമത്തെ വൃക്ക കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വച്ചുപിടിപ്പിക്കും. കരളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്കാണ് കൈമാറിയത്. കോര്‍ണിയ തലശേരിയിലെ രോഗിക്ക് നല്‍കും.
by Midhun HP News | Jan 15, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇരുവരെയും സന്നിധാനം പൊലീസിന് കൈമാറി.
ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറന്‍സികളില്‍ കോട്ടിങ് ഉള്ളതിനാല്‍ വായില്‍ ഇട്ടാലും കേടാകില്ല. അതാണ് പ്രതികള്‍ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.
ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍പ്പെടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി സുനില്‍കുമാര്‍ അറിയിച്ചു.
by Midhun HP News | Jan 15, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
by Midhun HP News | Jan 15, 2026 | Latest News, കേരളം
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എട്ടുമണിയോടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം അതിര് വിടും മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിവ് ആരംഭിക്കരുത് എന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും പ്രദേശത്തെ നാട്ടുകാരുടെ വികാരത്തിനൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. 28 കിലോമീറ്റർ വരുന്ന ദേശീയപാത 66 വെങ്ങളം രാമനാട്ടുകര റീച്ചില്‍ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ് നിലവിലുള്ളത്.


by Midhun HP News | Jan 15, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാസയുടെ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്. ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്രയാണ്. ഉച്ചയ്ക്ക് 2.11 ഓടെ കാലിഫോര്‍ണിയയില്‍ പസഫിക് തീരത്ത് ഇറങ്ങും.
ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. നാസ ബഹിരാകാശ യാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് നാലംഗസംഘത്തിലുള്ളത്. ഫെബ്രുവരിയില്‍ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മടക്കസംഘത്തെ ഇന്ത്യന്‍ വംശജന്‍ റോണക് ദാവെയാണ് നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചെലവഴിച്ചശേഷമാണ് നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് നാസയുടെ നാലംഗ സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. 15 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അണ്‍ഡോക്കിങ്. ഒരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് സ്‌പേസ് എക്‌സും നാസയും വ്യക്തമാക്കി.


Recent Comments