കലോത്സവം രണ്ടാം ദിനത്തിലേക്ക് ; ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍

കലോത്സവം രണ്ടാം ദിനത്തിലേക്ക് ; ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക്. ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമര്‍ ഇനങ്ങള്‍ ഇന്ന് വേദിയില്‍ അരങ്ങേറും. നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താന്‍ അരങ്ങില്‍ എത്തും.

ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്‍റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് . ആതിഥേയരായ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

കലോത്സവം കേവലം ഉത്സവം മാത്രമല്ല, മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവങ്ങൾ കേവലം മത്സരങ്ങളല്ല സാംസ്കാരിക വിനിമയ വേദികളാണ്. തദ്ദേശീയ കലകളെക്കൂടി ഉൾപ്പെടുത്തി ഇത്തവണ കലോത്സവം കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. അമിതമായ മത്സരബുദ്ധി ഒഴിവാക്കി തോൽവികളേയും പുഞ്ചിരികളോടെ നേരിടാൻ രക്ഷിതാക്കൾ മക്കളെ പ്രാപ്തമാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്തെ സായി (സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല.തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഹോസ്റ്റലിലെത്തി. അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധിയാണ്. തമിഴ്നാട്ടിലെ പ്രമുഖ കാർഷിക വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. വിളവെടുപ്പിന്റെ സമൃദ്ധി നല്‍കിയതിനു സൂര്യദേവനു നന്ദി പറയുന്ന ആചാരമായാണ് കൊണ്ടാടുന്നത്.

പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്കും പിടികൂടി

​വർക്കല: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കഴിഞ്ഞ ദിവസം വർക്കല ടൗണിലെ പത്തോളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള പാലസ് ഹോട്ടൽ, നടയറ ജംഗ്ഷനിലെ ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. കൂടാതെ, പരിശോധന നടത്തിയ നാല് ഹോട്ടലുകളിൽ നിന്ന് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കെതിരെ കനത്ത പിഴ ചുമത്തിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരസഭയുടെ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു

കടുവയിൽ സൗഹൃദ റസിഡൻസ് അസോസിയേഷൻ & പാലിയേറ്റീവ് കെയറിന്റെ ആറാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 18 ഞായറാഴ്ച നടക്കുന്ന പരിപാടിയുടെ പൊതുസമ്മേളനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം നിർവഹിക്കും.

എസ് ആർ എ പ്രസിഡന്റ് ശശിധരൻ,ഖാലിദ് പനവിള, മുഹമ്മദ് റാഫി തുടങ്ങി മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കും. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.