സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.

ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും.

കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു.

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു, സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 7000

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു, സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 7000

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

ഡല്‍ഹി: ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുവെന്ന പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത് തെറ്റായ അവകാശവാദമാണെന്നും വ്യാജ വാര്‍ത്തയാണെന്നും വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അഭിപ്രായങ്ങളില്‍ വീഴരുതെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യുഎസ് ആസ്ഥാനമായുള്ള ചാനലായ വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുന്‍ അമേരിക്കന്‍ ആര്‍മി കേണല്‍ ഡഗ്ലസ് മക്‌ഗ്രെഗര്‍ അവകാശപ്പെട്ടിരുന്നു. ‘നമ്മുടെ എല്ലാ താവളങ്ങളും നശിപ്പിക്കപ്പെട്ടു. നമ്മുടെ തുറമുഖ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നും നമ്മള്‍ യഥാര്‍ഥത്തില്‍ പിന്തിരിയേണ്ടതുണ്ട്. അവിടെ നില്‍ക്കുന്നത് ഒട്ടും ഉചിതമല്ല. നാവികസേന പറയുന്നത് അതാണ്,’- ഡഗ്ലസ് മക്‌ഗ്രെഗര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ തുറമുഖവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ വിദേശകാര്യമന്ത്രാലയം തള്ളിയത്. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത്. സംഭവത്തില്‍ 87 ഇറാന്‍കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ 101 ഇറാന്‍ നാവികസേനാ അംഗങ്ങളെ കാണാതാവുകയും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം തുടരുന്നതിനിടെയാണ് ശ്രീലങ്കയ്ക്ക് സമീപം കടലില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത്. കപ്പല്‍ ദുരന്ത സന്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ഇറാനിയന്‍ കപ്പലില്‍ നിന്ന് അടിയന്തര സിഗ്‌നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന രക്ഷാ ദൗത്യം നടത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് കുറഞ്ഞത് 30 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാര്‍ലമെന്റില്‍ പറഞ്ഞു. രക്ഷാദൗത്യത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. പക്ഷേ സംഭവത്തിന് മറുപടിയായി ശ്രീലങ്ക ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പലില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം, അന്തര്‍വാഹിനി ആക്രമണത്തിന് ഉത്തരവാദികള്‍ ആര് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശ്രീലങ്ക പുറത്തുവിട്ടിട്ടില്ല.

വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ചു; ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ചു; ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി അജ്മലാണ് അറസ്റ്റിലായത്. രണ്ടു യുവതികളുടെ പരാതിയില്‍ നെടുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്.

തൃശ്ശൂര്‍ കൂര്ക്ക‍ഞ്ചേരിയിലെ ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മല്‍. ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഒരേസമയമാണ് അജ്മല്‍ രണ്ടുയുവതികളുമായി അടുപ്പം പുലര്‍ത്തിയിരുന്നത്. എന്നാല്‍, യുവതികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അജ്മല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് അടുത്തിടെയാണ് രണ്ടുപേരും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രണ്ടുപേരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതികളില്‍ ഒരാളെ മദ്യം നല്‍കി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. അജ്മലിനെതിരേ നേരത്തേ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മല്‍ നേരത്തേയും പ്രതിചേര്‍ക്കപ്പെട്ടിരുന്നത്.