by Midhun HP News | Jan 10, 2026 | Latest News, ജില്ലാ വാർത്ത
കേരളത്തിലെ ഭിന്നശേഷി മേഖലയിലെ കലാ, കായിക, സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സർഗോത്സവമായ ‘സവിശേഷ – കാർണിവൽ ഓഫ് ഡിഫറന്റ് ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും.
കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളാണ് സവിശേഷ സ്പോർട്സിൽ പങ്കെടുക്കുക. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഭിന്നശേഷി സ്പോർട്സ് ഇനത്തിൽ ജില്ലയിൽ അദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർ, സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തവർ, ദേശീയ അന്തർദേശീയ തലത്തിൽ പങ്കെടുത്തവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഒരാൾക്ക് അത് ലറ്റിക് വിഭാഗത്തിൽ രണ്ട് ഇനങ്ങളിൽ മാത്രമേ മത്സരിക്കുവാൻ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് 400 മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയിൽ മാത്രമാണ് അവസരം. ഡ്വാർഫ് കാറ്റഗറിയിൽപ്പെട്ടവർ ഷോട്ട്പുട്ടിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്ത് അംഗീകരിച്ച ഭിന്നശേഷിക്കാർക്ക് മാത്രമേ മത്സര ഇനത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു.
ജില്ലകളിൽ ജനുവരി 14വരെ രജിസ്ട്രേഷൻ നടത്താം. സ്പോർട്സ് ഇനത്തിൽ ജില്ലയിൽ നിന്നും താരങ്ങളെ തിരഞ്ഞെടുക്കുന്ന ചുമതല ജില്ലാ സാമൂഹ്യനീതി ഓഫീസറിൽ നിക്ഷിപ്തമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. dctvmsid@gmail.com എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8281483887.
by Midhun HP News | Jan 10, 2026 | Latest News, കായികം
മുംബൈ: പത്താം വയസിൽ താൻ മരണത്തെ മുഖാമുഖം കണ്ടെന്നു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗ്സ്. ഒരു ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിൽ നിന്നു താൻ താഴേക്കു വിണിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. പത്ത് വയസുള്ളപ്പോൾ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടുകരെല്ലാം ഭയന്നു പോയി. ഭാഗ്യത്തിനു അപകടത്തിൽ ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ജെമിമ വെളിപ്പെടുത്തി. ഒരഭിമുഖത്തിനിടെയാണ് താരം കുട്ടിക്കാല അനുഭവം പറഞ്ഞത്.
;എനിക്ക് അന്ന് എട്ടോ, പത്തോ വയസാണ്. പള്ളിയിലെ ഒരു പരിപാടിയുടെ ഭാഗമായി ബന്ധുക്കളെല്ലാം ഓഡിറ്റോറിയത്തിലായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതും ഞാന്‍ ഒന്നാം നിലയിൽ നിന്നു താളേക്ക് പതിച്ചു. താഴെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ തലയിലേക്കാണു ഞാൻ വീണത്. എനിക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ ഞാൻ മരിച്ചു പോയെന്നാണ് കരുതിയത്. ആ വീഴ്ച അത്തരത്തിലായിരുന്നു. എന്നാൽ എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല’- ജെമിമ വ്യക്തമാക്കി.
നിലവിൽ വനിതാ പ്രീമിയർ ലീഗ് കളിക്കുകയാണ് താരം. ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ജെമിമയാണ്.
ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമിയിൽ താരം ഐതിഹാസിക ഇന്നിങ്സ് കളിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. താരം നേടിയ 127 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഫൈനലുറപ്പിച്ചതും ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് ഉയർത്തിയതും. 25 വകാരിയായ താരം. ഇന്ത്യയ്ക്കായി 115 ടി20യും 59 ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.


by Midhun HP News | Jan 10, 2026 | Latest News, ജില്ലാ വാർത്ത
അണ്ടൂർകോണത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു. അണ്ടൂർക്കോണം എ എസ് മൻസിലിൽ അൻഷാദ് (45) ആണ് മരിച്ചത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ഓടയിലാണ് അൻഷാദ് വീണത്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. അണ്ടൂർകോണം എൽ പി എസിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന അൻഷാദ് വളവിൽ വച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിന്റെ ലൈറ്റിന്റെ പ്രകാശം കണ്ട് പിന്നീട് അതുവഴി വന്ന യാത്രക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസും നാട്ടുകാരും ചേർന്നാണ് അൻഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ ജീവനക്കാരനാണ് മരിച്ച അൻഷാദ്. മംഗലപുരം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.


by Midhun HP News | Jan 10, 2026 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം: കെഎസ്ആർടിസി ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിൽ രാജേഷ് ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. ടെക്നോപാർക്കിന് സമീപം ബുധനാഴ്ചയാണ് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്.
കെഎസ്ആർടിസി ബസ് സന്ധ്യയുടെ പിന്നിലിടിച്ചു വീഴുകയും അപകടത്തിൽ ബസ്സിനടിയിലേക്ക് വീണ സന്ധ്യയുടെ കാലിൽ കൂടി ചക്രങ്ങൾ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ധ്യയുടെ കാൽ മുറിച്ചു മാറ്റി. അപകടനില തരണം ചെയ്യാതിരുന്ന സന്ധ്യ ഇന്ന് വെളുപ്പിനാണ് മരിച്ചത്. ടെക്നോ പാർക്കിൽ ഗൈഡ്ഹൗസ് കമ്പനിയിലെ ജീവനക്കാരി ആയിരുന്നു സന്ധ്യ.


by Midhun HP News | Jan 10, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
മമ്മൂട്ടിയ്ക്കൊപ്പം വിനായകനും തകർത്തഭിനയിച്ച ചിത്രമാണ് കളങ്കാവൽ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. രജിഷ വിജയൻ, ഗായത്രി അരുൺ എന്നിവരുൾപ്പെടെ നിരവധി നായികമാരാണ് ചിത്രത്തിൽ അണിനിരന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ്. മേക്കപ്പ് അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ വിനായക് ശശികുമാർ, ഹരിത ഹരി ബാബു.


Recent Comments