ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് എസ് രാജേന്ദ്രന്‍; രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി

ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് എസ് രാജേന്ദ്രന്‍; രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി

തൊടുപുഴ: താന്‍ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപി നേതാക്കളുടെ സൗകര്യാര്‍ഥം ഉടന്‍ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ തന്റെ പാര്‍ട്ടി പ്രവേശനം നടക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ച കാര്യം രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു പാര്‍ട്ടിയില്‍നിന്നു രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാതിരുന്നതോടെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി രാജേന്ദ്രന്‍ വോട്ടഭ്യര്‍ത്ഥിച്ചത് വാര്‍ത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രന്‍ വോട്ടു തേടിയിറങ്ങിയത്. സിപിഎമ്മുമായി കഴിഞ്ഞ നാലുവര്‍ഷമായി അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍. 15 വര്‍ഷം സിപിഎം എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍.

താഴമണ്‍ മഠം ശബരിമല തന്ത്രി സ്ഥാനത്ത് എത്തിയത് എപ്പോള്‍?; പരശുരാമ കഥ യാഥാര്‍ഥ്യമോ?

താഴമണ്‍ മഠം ശബരിമല തന്ത്രി സ്ഥാനത്ത് എത്തിയത് എപ്പോള്‍?; പരശുരാമ കഥ യാഥാര്‍ഥ്യമോ?

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കണ്ഠരര് രാജീവരുടെ അറസ്റ്റ് ചെങ്ങന്നൂരിലെ താഴമണ്‍ കുടുംബത്തിന് തിരിച്ചടിയായിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള പരമ്പരാഗത അവകാശം താഴമണ്‍ കുടുംബത്തിനാണ്. ശബരിമലയിലെ താന്ത്രികാവകാശം നിലവില്‍ താഴമണ്‍ പരമ്പരയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ്. രാജീവരുടെ കുടുംബവും മോഹനരുടെ കുടുംബവുമാണിവ.ഈ രണ്ടു കുടുംബവും ഒരു വര്‍ഷം വീതം താന്ത്രിക പദവിയില്‍ എത്തുകയാണ് ചെയ്യുന്നത്.

ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭക്തര്‍ തന്ത്രിയെ അയ്യപ്പന്റെ പ്രതിനിധിയായി ആരാധിക്കുകയും പൂജകള്‍ക്കും ബിസിനസ് അഭിവൃദ്ധിക്കും വേണ്ടി അദ്ദേഹത്തിന്റെ അനുഗ്രഹവും ഉപദേശവും തേടുകയും ചെയ്യുന്നു. ബംഗളൂരുവിലെ ജലഹള്ളിയിലെ അയ്യപ്പ ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ പ്രധാന പുരോഹിതനായി കണ്ഠരര് രാജീവര് സേവനമനുഷ്ഠിക്കുന്നുണ്ട്. എല്ലാ വര്‍ഷവും രാജീവര് ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു.

വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്‍ കേരളത്തിലേക്ക് കൊണ്ടുവന്ന ആന്ധ്രയില്‍ നിന്നുള്ള ബ്രാഹ്മണരാണ് തങ്ങള്‍ എന്നാണ് താഴമണ്‍ കുടുംബത്തിന്റെ അവകാശവാദം. 1902ല്‍ ശബരിമല ക്ഷേത്രത്തില്‍ ഉണ്ടായ ആദ്യത്തെ തീപിടുത്തത്തിന് ശേഷം തന്ത്രിയുടെ പാരമ്പര്യ അവകാശം താഴമണ്‍ കുടുംബത്തിന് നല്‍കിയതായി ചരിത്രകാരന്മാര്‍ പറയുന്നു. അതിനു മുന്‍പ് പുതുമന കുടുംബവും കുഴിക്കാട്ടില്ലവുമാണ് ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. 1951ല്‍ രണ്ടാം തീപിടിത്തത്തിന് ശേഷം ശബരിമലയില്‍ നിലവിലുള്ള പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത് കണ്ഠരരു ശങ്കരരാണ്. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ പരമേശ്വരരുവാണ് ആചാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. അടുത്ത തലമുറയില്‍ കണ്ഠരരു നീലകണ്ഠരരു, മഹേശ്വരരു, കൃഷ്ണരരു എന്നിവര്‍ തന്ത്രി സ്ഥാനത്തേയ്ക്ക് വന്നു.

2006ല്‍ ബ്ലാക്ക് മെയിലിങ് കേസില്‍ കണ്ഠരരു മോഹനരു ഇരയാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം താഴമണ്‍ കുടുംബത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. ഒരു വേലക്കാരനെ അന്വേഷിച്ചുകൊണ്ടിരുന്ന തന്ത്രിയെ കബളിപ്പിച്ച് ശോഭ ജോണിന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി, ബലംപ്രയോഗിച്ച് ഒരു സ്ത്രീയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് വലിയൊരു തുക ആവശ്യപ്പെട്ടു എന്നതാണ് ബ്ലാക്ക് മെയിലിങ് കേസ്. 2012ല്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികളെ കുറ്റക്കാരെന്ന് വിധിച്ചു. പിന്നീട് ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ മോഹനരുവിന് പൂജകള്‍ നടത്താനുള്ള അടിസ്ഥാന സംസ്‌കൃത പരിജ്ഞാനമില്ലെന്ന് കണ്ടെത്തി. തര്‍ക്കത്തെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ദേഹത്തിന്റെ താന്ത്രികാവകാശം റദ്ദാക്കി.

ആറ്റിങ്ങൽ നഗരസഭയുടെ പുതിയ ചെയർമാൻ എം. പ്രദീപിന് ആദരവ് നൽകി

ആറ്റിങ്ങൽ നഗരസഭയുടെ പുതിയ ചെയർമാൻ എം. പ്രദീപിന് ആദരവ് നൽകി

കലാ സാംസ്കാരിക രംഗത്തെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ നഗരസഭയുടെ പുതിയ ചെയർമാൻ എം. പ്രദീപിനെ, ആറ്റിങ്ങലിലെ കലാ സാംസ്കാരിക പ്രവർത്തകരുടെ പ്രതിനിധികൾ ആദരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കലാ സാംസ്കാരിക രംഗത്തിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം നൽകുകയും ചെയ്തു.

ഓണക്കാലത്ത്‌, കൂടുതൽ മികച്ച സമിതികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശ്രദ്ധേയമായ നാടകോത്സവം സംഘടിപ്പിക്കുക, ചിത്ര രചന ക്യാമ്പുകൾ സംഘടിപ്പിക്കുക, കേരളോത്സവ മത്സരങ്ങളിലെ കഥ, കവിത, ഉപന്യാസ വിഭാഗങ്ങളിലെ ശ്രദ്ധേയങ്ങളായ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാഗസീൻ തയ്യാറാക്കുക, ടൗൺ ഹാൾ പ്രവർത്തനം ആരംഭിക്കുമ്പോൾ അംഗീകൃത കലാ സംഘടനകൾക്ക് സൗജന്യ നിരക്കിൽ കലാ പരിപാടികൾ അവതരിപ്പിക്കുവാൻ അവസരം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ഗൗരവതരമായ ചർച്ചകളിലൂടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകി.

കലാകാരന്മാരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും നാടക സംവിധായകനും സീരിയൽ നടനുമായ അനിൽ ആറ്റിങ്ങൽ, ചിത്ര രചന കൂട്ടായ്മയായ ആർട്ട് 4 ന്റെ പ്രസിഡന്റ് രാധകൃഷ്ണൻ നായർ, മോഹന കുമാരൻ നായർ (വൈസ് പ്രസിഡന്റ് ആർട്ട് 4), ജയചന്ദ്രൻനായർ (സെക്രട്ടറി ആർട്ട് 4), ഉമേഷ്‌ അനുഗ്രഹ (നാടക നിർമ്മാതാവ്), ബർമ്മ ബഷീർ (നാടക ഷോർട് ഫിലിം അഭിനേതാവ്) കൊടുമൺ വിജയകുമാർ (നാടക ആസ്വാദകൻ) എന്നിവർ പങ്കെടുത്തു.

പ്രവാസി ഭാരതി ബാലപ്രതിഭ അവാർഡ് റാപ്പ് സിംഗർ ആദി സൂര്യയ്ക്ക്

പ്രവാസി ഭാരതി ബാലപ്രതിഭ അവാർഡ് റാപ്പ് സിംഗർ ആദി സൂര്യയ്ക്ക്

ആറ്റിങ്ങൽ: പ്രവാസി ഭാരതി ബാലപ്രതിഭ അവാർഡ് റാപ്പ് സിംഗർ ആദി സൂര്യയ്ക്ക്. 2026 ജനുവരി 9 ന്
പ്രവാസി ഭാരതി ബാലപ്രതിഭ അവാർഡ് തിരുവനന്തപുരം ഗാന്ധി പാർക്കിൽ 24-മത് പ്രവാസി ഭാരതീയ ദിനാഘോഷ (കേരള) ഉദ്ഘാടന സമ്മേളനത്തിൽ വച്ച് റാപ്പർ ആദി സൂര്യ, മുൻ മന്ത്രി ദിവാകരനിൽ നിന്നും ഏറ്റുവാങ്ങി. എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ്, പ്രൊഫ. പി ജെ കുര്യൻ (ഫോർമർ ഡെപ്യൂട്ടി ചെയർമാൻ, രാജ്യ സഭ), എൻ കെ പ്രേമചന്ദ്രൻ എം പി (ചീഫ് പാറ്റ്റൺ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ), കലാഭവൻ മണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് റാപ്പ് സിംഗർ ആദി സൂര്യ.

മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്‌നക്കുതിപ്പിന് സെമിയില്‍ വിരാമം

മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്‌നക്കുതിപ്പിന് സെമിയില്‍ വിരാമം

ക്വലാലംപുര്‍: പരിക്ക് മാറി കളത്തിലേക്ക് തിരിച്ചെത്തി മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് സി യിയാണ് സിന്ധുവിനെ അവസാന നാലില്‍ വീഴ്ത്തിയത്.

സെമിയില്‍ സിന്ധു പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍ 16-21, 15-21.

നേരത്തെ ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകനെ യാമഗുചിയുമായുള്ള പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയ ശേഷമാണ് സിന്ധു സെമി ഉറപ്പിച്ചത്. ആദ്യ സെറ്റില്‍ മികച്ച ആധിപത്യം പുലര്‍ത്തി സിന്ധു 21-11 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി. പിന്നാലെ ജപ്പാന്‍ താരം പരിക്കേറ്റ് പിന്‍മാറി. ഇതോടെയാണ് സിന്ധു സെമിയിലേക്ക് മുന്നേറിയത്.