by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 1, 02,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് വര്‍ധിച്ചത്. 12,785 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2680 രൂപയാണ് പവന് കൂടിയത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.



by Midhun HP News | Jan 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസില്‍ വര്‍ധന. ജനറല്‍ വിഭാഗത്തിനും എസ്സി വിഭാഗത്തിനും ഫീസ് വര്‍ധിപ്പിച്ചു. വ്യത്യസ്ത കോഴ്‌സുകള്‍ക്ക് ഒന്നിച്ച് ഫീസടച്ച് അപേക്ഷിക്കുന്ന രീതിയും നിര്‍ത്തലാക്കി. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് കഴിഞ്ഞ വര്‍ഷം 875 രൂപയായിരുന്നത് ഇത്തവണ 925 രൂപയാക്കി. എസ്സി വിഭാഗത്തിന്റെ ഫീസ് 375ല്‍നിന്ന് 400 രൂപയാക്കി.
കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ്ങിനും ഫാര്‍മസിക്കും ജനറല്‍ വിഭാഗത്തിന് ഒന്നിച്ച് 1125 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത് വെവ്വേറെ 925 രൂപ അടച്ച് അപേക്ഷിക്കണം. എസ്.സി വിഭാഗത്തിന് രണ്ട് കോഴ്‌സുകള്‍ക്കും ഒന്നിച്ച് 500 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നത് ഇത്തവണ 400 രൂപ വീതം വെവ്വേറെ അടക്കണം. മെഡിക്കല്‍, അനുബന്ധ കോഴ്‌സുകള്‍ക്കും ആര്‍ക്കിടെക്ചറിനും കഴിഞ്ഞവര്‍ഷം ജനറല്‍ വിഭാഗത്തിന് 625 രൂപ ഫീസുണ്ടായിരുന്നത് ഇത്തവണ 650 രൂപയാക്കി. എസ്.സി വിഭാഗത്തിന് ഇത് 250 രൂപയുള്ളത് 260 ആക്കി.
എന്‍ജിനീയറിങ്, മെഡിക്കല്‍ സ്ട്രീമുകളിലെ കോഴ്‌സുകള്‍ക്ക് കഴിഞ്ഞവര്‍ഷം 1125 രൂപ അടച്ച് ഒന്നിച്ച് അപേക്ഷിക്കാന്‍ അവസരമുണ്ടായിന്നു. ഇത്തവണ അതും നിര്‍ത്തലാക്കി. പകരം രണ്ടിനും വെവ്വേറെ (925, 650 രൂപ) ഫീസടച്ച് അപേക്ഷിക്കണം. ഫലത്തില്‍ ഒന്നിലധികം സ്ട്രീമുകളിലെ കോഴ്‌സുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇരട്ടിയാണ് ഫീസ് വര്‍ധന. യു.എ.ഇ പരീക്ഷാകേന്ദ്രമായി അപേക്ഷിക്കുന്നവര്‍ അധികം അടക്കേണ്ട തുക 15,000ല്‍നിന്ന് 16,000 ആയി വര്‍ധിപ്പിച്ചിലട്ടുണ്ട്.



by Midhun HP News | Jan 7, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ എസ്‌ഐടി. പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമടക്കമുള്ള പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.
സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്റെ വാദം എസ്‌ഐടി തള്ളി. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിന് രേഖയില്ല, തന്ത്രിയുടെ അഭിപ്രായവും തേടിയില്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടില്ല, അനുമതി നല്‍കിയിട്ടില്ല തുടങ്ങിയ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ശബരിമല കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെ അട്ടിമറി നടത്താന്‍ പ്രതികള്‍ ബംഗലൂരുവില്‍ ഒത്തുകൂടിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷയും സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് അപേക്ഷയും പരിഗണിക്കുക.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.എസ്ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ തന്നെയും കക്ഷിചേര്‍ക്കണമെന്നും തന്നെ കേള്‍ക്കണമെന്നും സൈബര്‍ ആക്രമണം നേരിടുന്നതായും അതിജീവിത പരാതിയില്‍ പറയുന്നു.
by Midhun HP News | Jan 6, 2026 | Latest News, കേരളം
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. ചിത്രം ഏപ്രിലിൽ എത്തുമെന്നും വലിയ പ്രതീക്ഷകളില്ലാതെ വേണം തിയറ്ററിൽ വരാനെന്നും ജീത്തു ജോസഫ് പറഞ്ഞു. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയുടെ റിലീസിനെക്കുറിച്ച് സൂചന നൽകിയത്.
ദൃശ്യം 3’ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും.
ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്കു നല്ല ആത്മവിശ്വാസമുണ്ട്.’’–ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 3യുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.
Recent Comments