by Midhun HP News | Jan 6, 2026 | Latest News, കേരളം
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം ക്ഷേത്രവും ലയങ്ങളും തകര്‍ത്തു. അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ ശിവക്ഷേത്രത്തിന് നേരെയും തൊട്ടടുത്തുള്ള തൊഴിലാളി ലയങ്ങള്‍ക്ക് നേരെയുമാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.ആക്രമണത്തില്‍ ക്ഷേത്രത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്.

കാട്ടാന ശല്യം താങ്ങാനാവാതെ ഈ മേഖലയില്‍ നിന്ന് ഏകദേശം 60ഓളം കുടുംബങ്ങള്‍ ഇതിനോടകം തന്നെ ഒഴിഞ്ഞുപോയിട്ടുണ്ട്. ലയങ്ങളില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ ആനപ്പേടി മൂലം രാത്രികാലങ്ങളില്‍ ഇവിടെ നിന്നും മാറി വെറ്റിലപ്പാറ ഭാഗത്ത് വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണ്. രാത്രികാലങ്ങളില്‍ ഈ മേഖലയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്നും ഏതു നിമിഷവും ആനകള്‍ മുന്നില്‍ വരാമെന്നും പ്രദേശവാസികള്‍ പറയുന്നു.
സ്ഥിരമായ ഒരു ആര്‍ആര്‍ടി സംവിധാനം ഏര്‍പ്പെടുത്തണമെന്നും വൈദ്യുത വേലികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ കാര്യക്ഷമമാക്കണമെന്നുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.


by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതുവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി ഇത് മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കന്യാകുമാരി കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.


by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ മുന്‍ ആസ്ഥാനമായ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ ഭൂമി കയ്യേറിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പുറമ്പോക്ക് ഭൂമിയടക്കം 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍എസ് ശശികുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിട്ടുണ്ട്.

ഒരു രേഖയും ഇല്ലാതെയുമാണ് ഭൂമി കൈവശം വച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. രേഖ ഉണ്ടെങ്കില്‍ ഹാജരാക്കണം. തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് കേരള സര്‍വകലാശാലയ്ക്ക് നല്‍കിയ ഭൂമിയാണെന്നും ഇത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം കൈവശപ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
നേരത്തെ പുതിയ എകെജി സെന്റര് പണിയുന്നതിനായി വാങ്ങിയ ഭുമിയുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.


by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പിടിവലി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്നാലെ നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചു. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് ആണെന്നും അവിടെനിന്ന് മത്സരിക്കാന്‍ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മേയര്‍ പദവി വിവി രാജേഷിന് നല്‍കിയ സാഹചര്യത്തില്‍ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

25 കൊല്ലമായി താന്‍ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ‘എന്റെ ഓഫീസ് ആണെങ്കിലും എന്റെ വീട് ആണെങ്കിലും ഭാര്യയുടെ വീട് ആണെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനുള്ളിലാണ്. ഏതൊരു പൊതുപ്രവര്‍ത്തകനും അവരുടെ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യം. പിന്നെ പാര്‍ട്ടിയുടെ തീരുമാനം പോലെ ഇരിക്കും കാര്യങ്ങള്‍.
മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ ഓരോ പ്രവര്‍ത്തകരുമായി പാര്‍ട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ട്. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കും. ഏത് സീറ്റ് നല്‍കിയാലും സ്വീകരിക്കും. വട്ടിയൂര്‍ക്കാവിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അവിടെയുള്ളയാള്‍ എന്ന നിലയില്‍ അറിയാം. വട്ടിയൂര്‍ക്കാവ് സീറ്റ് കിട്ടിയാല്‍ ഏറെ സന്തോഷം’ കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, വട്ടിയൂര്‍ക്കാവ് ലഭിച്ചില്ലെങ്കില്‍ മത്സരരംഗത്തുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കെ സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കെ സുരേന്ദ്രന്‍കൂടി തിരുവനന്തപുരത്ത് എത്തിയാല്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ജില്ലയായി തലസ്ഥാനജില്ല മാറും. ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016-ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ വി. ശിവന്‍കുട്ടിയിലൂടെ സിപിഎം സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. കഴക്കൂട്ടത്ത് വി. മുരളീധരന്‍ മത്സരിച്ചേക്കുമെന്ന സൂചനകളുമുണ്ട്.

by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
അബുദാബി: വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് വിവിധ രാജ്യക്കാരായ ആറു പേർക്ക്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ അവയവങ്ങളാണ് ആറ് പേർക്ക് പുതുജീവിതമേകിയത്. അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ബാബുരാജിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.
രണ്ടാഴ്ച മുൻപാണ് ബാബുരാജ് വാഹനാപകടത്തിൽപ്പെട്ടത്. സിഗ്നലിൽ റോഡ് മുറിച്ചുകടക്കവേ ഇലക്ട്രിക് സ്‌കൂട്ടർ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.



Recent Comments