by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരം ചെയ്യുന്ന കെജിഎംഒഎ ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി. തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം ജില്ലയിലെ നിസ്സഹരണ സമരം തുടരുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ഡോ.ബിന്ദു സുന്ദറിന്റെ ഭാഗത്ത് നിന്നുമുണ്ടായ ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയുടെ നേര്‍ക്ക് പ്രതിഷേധവുമായി എത്തിയത് ആള്‍ക്കൂട്ടാക്രമണത്തിന്റെ തലത്തിലേക്ക് മാറിയെന്നും സൂപ്രണ്ടായ ഡോ. സുമയ്ക്ക് ഗുരുതര പരിക്കേറ്റു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെജിഎംഒഎ ജില്ലയില്‍ പ്രതിഷേധം ആരംഭിച്ചത്. സംഭവിച്ചത് ചികിത്സാപ്പിഴവല്ലെന്നും അതുകൊണ്ട് തന്നെ ഡോ. ബിന്ദു സുന്ദറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ഡോക്ടര്‍മാരുടെ സമരത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സെയ്ദലി കായ്പ്പാടിയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.


by Midhun HP News | Feb 24, 2026 | Latest News, ജില്ലാ വാർത്ത
കുടുംബശ്രീയിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാന്റ് മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്കും. ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ (KBFPCL- കെബിഎഫ്‌പിസിഎൽ) പ്ലാന്റ് മാനേജറുടെ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും പ്ലാന്റ് മാനേജറുടെ ഒഴിവിലേക്ക് കെബിഎഫ്‌പിസിഎൽ ചീഫ് എക്സിക്യൂട്ടീവും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
രണ്ട് അപേക്ഷകളുടെ വിജ്ഞാപനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വഴിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്
അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്ക് ഓൺലൈനായി വേണം അപേക്ഷിക്കാൻ. പ്ലാന്റ് മാനേജറുടെ ഒഴിവിലേക്ക് ഹാർഡ് കോപ്പി സമർപ്പിക്കണം.
അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ
യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എ/ ബി എസ് സി/ ബി കോം എന്നിങ്ങനെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
സർക്കാർ പബ്ലിസിറ്റി ഓർഗനൈസേഷനിലോ/ പ്രൈവറ്റ് ഓർഗനൈസേഷനുകളിലെ പബ്ലിസിറ്റി ഡിപ്പോർട്ട്മെന്റിലോ/ പത്രം, ന്യൂസ് ഏജൻസി, എന്നിവയിലേതെങ്കിലും എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി 35 വയസ് (31.01.2026 അടിസ്ഥാനമാക്കി)
ശമ്പളം 32,550 രൂപ സമാഹൃതം
നിയമന രീതി:കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിയമിക്കപ്പെടുന്ന ദിവസം മുതൽ ആ സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെയായിരിക്കും കാലാവധി.
അപേക്ഷാ ഫീസ് 500 രൂപ
അപേക്ഷകൾ മാർച്ച് 10 വൈകിട്ട് അഞ്ച് മണിക്കകം ഓൺലൈനായി ലഭിക്കണം.
കെബിഎഫ്‌പിസിഎൽ പ്ലാന്റ് മാനേജർ
യോഗ്യത:
ലൈവ് സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജിയിൽ വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദവും
ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിങ്/അബറ്റോയർ മാനേജ്‌മെന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം
അല്ലെങ്കിൽ
വെറ്ററിനറി സയൻസിൽ ബിരുദം
ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിങ്/അബറ്റോയർ മാനേജ്‌മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം
ശമ്പളം: പ്രതിമാസം 50,000 രൂപ സമാഹൃതം
നിയമന രീതി:കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
പ്രായപരിധി: 35 വയസ്സിന് താഴെ (01.02.2026 അടിസ്ഥാനമാക്കി.
അപേക്ഷയുടെ ഹാർഡ് കോപ്പി വേണം സമർപ്പിക്കാൻ. അപേക്ഷ മാർച്ച് ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്കകം നിർദ്ദിഷ്ട മേൽവിലാസത്തിൽ ലഭിച്ചിരിക്കണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
കവറിന് മുകളിൽ ‘പ്ലാന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് എഴുതിയിരിക്കണം അപേക്ഷ ലഭിക്കേണ്ട വിലാസം
ചെയർമാൻ & മാനേജിങ് ഡയറക്ടർ,
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്,
TC 94/3171,
സെന്റ് ആൻസ് ചർച്ചിന് എതിർവശം,
പാളയം – എയർപോർട്ട് റോഡ്,
പള്ളിമുക്ക്,
പേട്ട,
തിരുവനന്തപുരം
പിൻ കോഡ്- 695024
by Midhun HP News | Feb 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.
പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ് വരെ മാത്രമാണ് അപേക്ഷിക്കാനാവുക. ഇതാണ് നാലുവര്‍ഷം കൂട്ടി 40 വയസാക്കിയത്. ആനുപാതികമായി ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളുടെയും പ്രായപരിധിയും വർധിപ്പിച്ചു.
നിലവില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാവും. മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാനാവും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലുള്ള സുപ്രധാന തീരുമാനം സംസ്ഥാനത്ത് യുവജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും.


by Midhun HP News | Feb 24, 2026 | Latest News, കേരളം
തൃശ്ശൂര്‍: റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരില്‍ ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മുളങ്കുന്നത്തുകാവിലെ വേടന്റെ പേള്‍ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരന്‍ ഹരി, ഭാര്യ സഹോദരന്‍ നവീന്‍, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാര്‍ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്.
നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് വേടന്‍ ധരിച്ചത്. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികള്‍ക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.
മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ‘പൊണ്ടാട്ടി’ എന്നാണ് നവമി ലത കുറിച്ചത്.


by Midhun HP News | Feb 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊച്ചിയിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കും. തിരുവനന്തപുരത്ത് ഇത്തരത്തില്‍ 5000 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നുണ്ട്. ചിലര്‍ക്ക് വൗച്ചര്‍ നല്‍കുന്നുണ്ടന്നും വീണാ ജോര്‍ജ് ആരോപിച്ചു.
കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച സോഫ്റ്റ്വേര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങളുണ്ടാകുന്നത് സ്വകാര്യ മേഖലയ്ക്ക് നഷ്ടവും ജനങ്ങള്‍ക്ക് നേട്ടവുമാണ്. സര്‍ക്കാര്‍ ആശുപത്രികളെ ആക്രമിക്കുന്നതിന്റെ ലക്ഷ്യമിതാണെന്നും മന്ത്രി പറഞ്ഞു.
അടുത്തകാലത്ത് സര്‍ക്കാര്‍ ആശുപത്രികളെ സംബന്ധിച്ച് 47 പരാതികളാണ് ലഭിച്ചത്. എന്നാല്‍ സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് 600ലധികം പരാതികളാണ് ലഭിച്ചത്. അതില്‍ ഒന്നിലും നടപടിയെടുക്കാതെ ഒത്തുതീര്‍പ്പുണ്ടാക്കുകയാണവര്‍ എന്നും മന്ത്രി ആരോപിച്ചു.


Recent Comments