by Midhun HP News | Jan 5, 2026 | Latest News, കേരളം
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപേക്ഷ നിരസിച്ച പുള്ളിലെ തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഎംൻ്റെ നേതൃത്വത്തിൽ നിർമിച്ച വീട് കൈമാറി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വീടിൻ്റെ താക്കോൽ കുടുംബത്തിന് നൽകി.
തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായമഭ്യർഥിച്ച് പുള്ളിൽ കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയെ കൊച്ചുവേലായുധൻ സമീപിച്ചിരുന്നു. എന്നാൽ ഇതൊന്നും തൻ്റെ പണിയല്ല എന്നുപറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ കൊച്ചുവേലായുധനെ മടക്കി അയച്ചു. വിവരമറിഞ്ഞ് അടുത്ത ദിവസം കൊച്ചുവേലായുധൻ്റെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ അബ്ദുൽ ഖാദർ പുതിയ വീട് നൽകുമെന്ന് അറിയിച്ചു. തുടർന്നാണ് നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർട്ടി അംഗങ്ങളുടെയും സഹായത്തോടെ വീട് നിർമിച്ചു നൽകിയത്.



by Midhun HP News | Jan 5, 2026 | Latest News, കേരളം
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് നൽകുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ കോടതിയിൽ നേരിട്ടു ഹാജരാകും.
കേസ് ഡിസംബർ മൂന്നിന് പരിഗണിച്ചപ്പോൾ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. രമേശ് ചെന്നിത്തലയും സുഹൃത്തായ വിദേശ വ്യവസായിയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട് സ്വദേശി ഡി മണിയെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളും അറിയിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം ജനുവരി 17 വരെയാണ്.



by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഹാരിസ് മുതൂർൻ്റെ പ്രസ്താവനയ്ക് എതിരെ ആറ്റിങ്ങൽ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും, ജനറൽ സെക്രട്ടറിക്ക് ഉള്ള ഐക്യദാർഢ്യവും യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ കച്ചേരി നടയിലേക്ക് നടന്ന മാർച്ച് യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, യൂണിയൻ കൗൺസിലർ കെ. സുധീർ ടൗൺ, ടൗൺ ശാഖ ചെയർമാൻ സുരേഷ് കുമാർ, വാളക്കാട് ശാഖ പ്രസിഡൻ്റ് എസ്.ദിനേശ്, കോരാണി ശാഖ പ്രസിഡൻ്റ് ജെ.അശോകദാസ്, യൂണിയൻ കമ്മറ്റി അംഗം പ്രശാന്തൻ താഴേ ഇളമ്പ ശാഖ പ്രസിഡൻ്റ് രാജൻ, സെക്രട്ടറി ആർ. ശശി, വഞ്ചിയൂർ ശാഖ സെക്രട്ടറി എസ്. സന്തോഷ്, ഇടയ്ക്കോട് ശാഖ സെക്രട്ടറി സുധാകരൻ, ആലംകോട് ശാഖ സെക്രട്ടറി ഡി.ചന്ദ്രഹാസൻ, ഞാറയ്ക്കാട്വിള ശാഖ പ്രസിഡൻ്റ് എൻ.ഗിരിലാൽ, സെക്രട്ടറി കെ. വി.മന്മഥൻ, മണമ്പൂർ ഗുരുനഗർ ശാഖ പ്രസിഡന്റ് വി.ജയപ്രകാശ്, കരിച്ചിയിൽ ശാഖ പ്രസിഡന്റ് ബി. മോഹൻദാസ്, സെക്രട്ടറി എസ്.അനികുമാർ വനിതാ സംഘം ചെയർപേഴ്സൺ ഡി.ഗീതദേവി, ട്രഷറർ ഷീലാ ത്യാഗരാജൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ഷീജ അജികുമാർ, ലതാ തങ്കപ്പൻ, പൊയ്കമുക്ക് മേഖല കമ്മിറ്റി ഭാരവാഹികൾ ആയ ബീന പ്രകാശ്, ബീനചെമ്പൂര് , നിഷാന്ത് ഇടയ്ക്കോട്, ടൗൺ ശാഖ കമ്മിറ്റി അംഗം ബൈജു എന്നിവർ നേതൃത്വം നൽകി.



by Midhun HP News | Jan 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍ ബുധനാഴ്ച വരെ. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിങ് കമ്മിറ്റികളും ജില്ല പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിങ്ങ് കമിറ്റികളുമാണ് രൂപവത്കരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്റിങ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്റിങ് കമിറ്റികളുമാണുള്ളത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്‍ഡിങ്? കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ല പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എ.ഡി.എമ്മിനാണ്.
മുനിസിപ്പാലിറ്റികളിലെ തെരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീ സംവരണ സ്ഥാനത്തേക്കാണ് ആദ്യം തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതലാണെങ്കില്‍ യോഗത്തില്‍ ഹാജരായ അംഗങ്ങളില്‍ നിന്നും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം വോട്ടെടുപ്പ് നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക.
by Midhun HP News | Jan 5, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം തൊട്ടത്. 1,00,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 145 രൂപയാണ് വര്‍ധിച്ചത്. 12,595 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.



Recent Comments