ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേര്‍ന്നു നിന്നത്. 2026ലേക്ക് കടക്കുമ്പോള്‍ ആ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങളുണ്ട്.

11.4 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റര്‍ കുടിവെള്ള ടാങ്ക്, ഫുട്ബാള്‍ ഗ്രൗണ്ട്, മാര്‍ക്കറ്റ്, അംഗന്‍വാടി, കമ്മ്യൂണിറ്റി ഹാള്‍, മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയല്‍, ഓരോ വീട്ടിലും സൗരോര്‍ജ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ ഷിപ്പിലുണ്ടാകും.

207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോണ്‍ക്രീറ്റ് ഭിത്തി, തേപ്പ്, ടൈല്‍ പാകല്‍, പെയിന്റിംഗ് എന്നീ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 3.9 കിലോമീറ്റര്‍ നീളത്തില്‍ റോഡിന്റെ പ്രാരംഭ പണി പൂര്‍ത്തിയായി. കുടിവെള്ള ടാങ്കിന്റെ റാഫ്റ്റ് വാര്‍ക്കല്‍ കഴിഞ്ഞു. 1600ഓളം ജീവനക്കാര്‍ രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്നുണ്ട്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നല്‍കുന്നത്.

20 വര്‍ഷത്തോളം വാറന്റിയുള്ള, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. സിമന്റ്, മണല്‍, മെറ്റല്‍, കമ്പി മുതലായവ നിര്‍മാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ നിര്‍മാണങ്ങള്‍ക്കും 5 വര്‍ഷത്തേയ്ക്ക് കേടുപാടുകളില്‍ നിന്നും കരാറുകാര്‍ സംരക്ഷണം നല്‍കും. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.’ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന തത്വം ഉള്‍ക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വർക്കലയിൽ പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു

വർക്കലയിൽ പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു

പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു. വർക്കല വെട്ടൂർ പഞ്ചായത്ത് വിളഭാഗം ഒമ്പതാം വാർഡിൽ ഗായത്രി 29 വയസ്സാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പ്രസവിക്കുകയുംഅമിത രക്തസമ്മർദ്ദം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവതിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മരണത്തിൽ അസ്വഭാവികഥ ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു. സ്വന്തം വീട്ടിലേക്ക് ശവസംസ്കാര ചടങ്ങുകൾക്കായി യുവതിയെ വിതുരയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്; ട്രെയിനി തസ്തികയിൽ ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്; ട്രെയിനി തസ്തികയിൽ ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുംബൈ (IIM Mumbai) മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 04 ഒഴിവുകളാണ് ഉള്ളത്. മാനേജ്മെന്റ് ട്രെയിനി തസ്തികയിലാണ് നിയമനം നടത്തുന്നത്. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2026 ജനുവരി 20.

മാനേജ്മെന്റ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, സൈക്കോളജി, എഡ്യൂക്കേഷൻ, ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ കുറഞ്ഞത് 60% മാർക്കുകളോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് അല്ലെങ്കിൽ തുല്യമായ പ്രൊഫഷണൽ ബിരുദമുള്ളവരെയും പരിഗണിക്കും.

ഡോക്ടറൽ (പി.എച്ച്.ഡി) പഠനം തുടരുന്നവർക്കോ തുടരാൻ ഉദ്ദേശിക്കുന്നവർക്കോ മുൻഗണന നൽകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എഡ്‌ടെക് സംഘടനകൾ, അക്കാദമിക് ഗവേഷണം എന്നിവയിൽ മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ഹിന്ദിയും ഇംഗ്ലീഷും എഴുതാനും സംസാരിക്കാനും നല്ല പ്രാവീണ്യം ആവശ്യമാണ്.

നിയമനം ലഭിക്കുന്നവർക്ക് 35,000 – 45,000വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. https://iimmumbai.ac.in/storage/uploads/careers/2356/176707728625.pdf സന്ദർശിക്കുക.

അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം

അവസാന പന്ത് വരെ ആവേശം; രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മലയെ അതേ നാണയത്തില്‍ തിരിച്ചടിച്ച കേരളം 50 ഓവറില്‍ 343 റണ്‍സ് എന്ന ലക്ഷ്യം രണ്ടു വിക്കറ്റ് ശേഷിക്കെ അടിച്ചെടുത്തു.

ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ കരണ്‍ ലംബയുടെയും (119), ദീപക് ഹൂഡയുടെയും (86) ബാറ്റിങ് മികവില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കേരളം ആദ്യ പന്തിലെ വിക്കറ്റ് നഷ്ടത്തിലും പതറാതെ പൊരുതി.

നേരിട്ട ആദ്യ പന്തില്‍ നായകന്‍ രോഹന്‍ കുന്നുമ്മല്‍ (0) ക്ലീന്‍ ബൗള്‍ഡായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ കൃഷ്ണ പ്രസാദും (53), ബാബ അപരാജിതും (116 പന്തില്‍ 126 റണ്‍സ്) ചേര്‍ന്ന് കേരളത്തിന്റെ മറുപടി ബാറ്റിങ്ങിന് അടിത്തറ പാകി. സ്‌കോര്‍ 155ലെത്തി നില്‍ക്കെയാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. പിന്നീട് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), അങ്കിത് ശര്‍മ (27) എന്നിവരിലൂടെ പതിയ റണ്‍ചേസ് തുടര്‍ന്നു. നാലാമനായി ബാബ അപരാജിത് മടങ്ങിയതോടെ പ്രതിസന്ധിയിലായ കേരള ബാറ്റിങ്ങിനെ മധ്യനിര പതിയെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

അവസാന ഓവറുകളില്‍ കളികൈവിട്ടുവെന്ന് ഉറപ്പിച്ചിരിക്കെ ഏഡന്‍ ആപ്പില്‍ ടോമിന്റെ ബാറ്റിന് തീപ്പിടിച്ചു. 18 പന്തില്‍ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയുമായി 40 റണ്‍സ് നേടിയ ആപ്പിള്‍ ടോമിന്റെ മാസ്മരിക ഇന്നിങ്‌സ് കേരള വിജയം ഉറപ്പിച്ച ശേഷമേ അവസാനിപ്പിച്ചുള്ളൂ. ഒമ്പതാം വിക്കറ്റില്‍ ആപ്പിള്‍ ടോമും എം.ഡി നിധീഷും (2) പുറത്താകാതെ ക്രീസില്‍ നിന്നു.

രാജസ്ഥാന്റെ അങ്കിത് ചൗധരി നാലും, കേരളത്തിനായി ഷറഫുദ്ദീന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ ജയവും, ശേഷം രണ്ട് മത്സരങ്ങളില്‍ തോല്‍വിയും വഴങ്ങിയ ശേഷമാണ് കേരളം വിജയവഴിയില്‍ തിരിച്ചെത്തുന്നത്.

കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ‘പാട്രിയറ്റ്’ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി

കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ‘പാട്രിയറ്റ്’ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി

പതിനേഴ് വർ‌ഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം പ്രേക്ഷകരിലുണ്ടാക്കിയിരിക്കുന്ന ഓളവും ചെറുതല്ല. ഇപ്പോഴിതാ പാട്രിയറ്റ് സെറ്റിൽ പുതുവത്സരം ആഘോഷിക്കുകയാണ് മമ്മൂട്ടിയും അണിയറപ്രവർത്തകരും.

സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിക്കുന്ന വിഡിയോ മമ്മൂട്ടിയും തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മീഡിയ വില്ലേജ് പ്രിന്‍സിപ്പൽ ഫാ ജിന്റോ മുരിയങ്കിരിയും ആഘോഷത്തിൽ പങ്കുചേർന്നു. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.

ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യുകെ എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ,ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുക.