ലാത്തികൊണ്ട് കണ്ണിലും വയറ്റിലും പുറത്തും അടിച്ചു; ആളുമാറി യുവാവിന് കസ്റ്റഡി മര്‍ദനം

ലാത്തികൊണ്ട് കണ്ണിലും വയറ്റിലും പുറത്തും അടിച്ചു; ആളുമാറി യുവാവിന് കസ്റ്റഡി മര്‍ദനം

തൃശൂര്‍: ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് സ്‌റ്റേഷന്‍ മര്‍ദനം. വിയ്യൂര്‍ പൊലീസാണ് ആളുമാറി കുറ്റൂര്‍ ചാമക്കാട് പുതുകുളങ്ങരയില്‍ പി.എസ്.ശരത്തിനെ (31) കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ ശരീര്ം നിറയെ ലാത്തിഅടികൊണ്ടുണ്ടായ പാടുകളാണ്.

നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ അടിപിടിയുടെ പേരില്‍ ശരത് എന്ന് പേരുള്ളയാളെ പൊലീസ് തിരയുന്നുണ്ടായിരുന്നു. കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് ഈ അടിപിടിക്കേസിലും പ്രതിയെന്നു തെറ്റിദ്ധരിച്ചാണു മര്‍ദനം നടന്നതെന്നു പറയുന്നു. ശരത്തിന്റെ സഹോദരന്‍ രാജീവിന്റെ വീട്ടിലെത്തിയാണു മര്‍ദിച്ചതെന്നുകാട്ടി ബന്ധുക്കള്‍ കമ്മീഷണര്‍ക്ക് അടക്കം പരാതി നല്‍കി. ശരത്തിന്റെ സഹോദരന്റെ ഭാര്യ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും എസ്എച്ച്ഒ സ്ഥലത്തില്ലെന്നു പറഞ്ഞു പരാതി സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, വിശേഷ ദിവസങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കാപ്പാ കേസ് പ്രതികളെയും കേഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും കസ്റ്റഡിയിലെടുക്കാറുണ്ടെന്നും ശരത്തിന്റെ കാര്യത്തിലും ഇതാണു സംഭവിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.

ഉത്സവത്തിനിടയില്‍ അടിപിടിയുണ്ടാക്കിയവരുടെ കൂട്ടത്തില്‍ ശരത് എന്നു പേരുള്ള മറ്റൊരാള്‍ ഉണ്ടായിരുന്നു. ആ ശരത്താണെന്നു തെറ്റിദ്ധരിച്ചാണു പൊലീസ് പ്രതിയാക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം രാത്രി 10.30നു വീട്ടിലേക്കു കയറിവന്ന പൊലീസുകാര്‍ ശരത്തിനെ തലങ്ങും വിലങ്ങും മര്‍ദിച്ചെന്നും ലാത്തി കൊണ്ടു പുറത്തും വയറ്റിലും അടിച്ചെന്നും പരാതിയിലുണ്ട്. ഉന്തിത്തള്ളി ജീപ്പില്‍ കയറ്റിയപ്പോള്‍ തലയിടിച്ചും പരുക്കേറ്റു.

ഉത്സവം കാണാന്‍ പോയിട്ടില്ലെന്നു ശരത് പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ആളു മാറിയാണ് അറസ്റ്റ് ചെയ്തതെന്നു പിന്നീടു മനസ്സിലാക്കിയതോടെ രാത്രി ഒന്നരയോടെ സ്റ്റേഷനില്‍ നിന്നു മോചിപ്പിച്ചു. പരിക്കുകള്‍ ഉള്ളതിനാല്‍ പൊലീസ് തന്നെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. വീട്ടിലെത്തിയ ശേഷം രാവിലെ അസ്വസ്ഥത തോന്നിയതിനാല്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണിന്റെ ഭാഗത്തു ലാത്തി കൊണ്ടുള്ള അടിയേറ്റിട്ടുണ്ടെന്നും കാഴ്ചയ്ക്കു മങ്ങലുണ്ടായെന്നും ശരത് പറയുന്നു.

‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ്, നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി

‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ്, നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി

കൊച്ചി: ‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.

രാവിലെ പതിനൊന്ന് മണിയോടെയാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ ഹാജരായത്. സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ (സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി.

മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെയാണ് പരാതികള്‍ ഉയര്‍ന്നത്.

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ള നടന്ന 2019ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് ആയിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയില്‍ അംഗമായിരുന്നു എന്‍ വിജയകുമാര്‍. സിപിഎം പ്രതിനിധിയായാണ് ഭരണസമിതിയില്‍ എത്തിയത്. കെ പി ശങ്കര്‍ദാസ് ആണ് അന്നത്തെ ഭരണസമിതിയില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍.

വിജയകുമാറും ശങ്കര്‍ദാസും മുന്‍കൂര്‍ ജാമ്യത്തിനായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വിധി വരുന്നതിന് മുന്‍പായിരുന്നു വിജയകുമാറിന്റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ഉദ്യോഗസ്ഥര്‍ക്കാണ് പങ്കെന്നായിരുന്നു വിജയകുമാര്‍ വാദിച്ചിരുന്നത്. പത്മകുമാറിനെ അറസ്റ്റ് ചെയ്ത ശേഷം മറ്റു ഭരണസമിതി അംഗങ്ങള്‍ക്കെതിരെ എസ്‌ഐടി നടപടി സ്വീകരിക്കാത്തതില്‍ കഴിഞ്ഞദിവസം ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്‌ഐടിയുടെ നടപടി.

കഴിഞ്ഞ ദിവസം സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്യുന്നതിനായി വിജയകുമാറിനും ശങ്കര്‍ദാസിനും എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതായി ചൂണ്ടിക്കാട്ടി ഇരുവരും എസ്‌ഐടി മുന്‍പാകെ ഹാജരായിരുന്നില്ല. അതിനിടയാണ് ഇപ്പോള്‍ വിജയകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, ഇടപാടിന് ആദ്യം സമീപിച്ചത് തന്നെ; വിദേശ വ്യവസായിയുടെ മൊഴി

ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, ഇടപാടിന് ആദ്യം സമീപിച്ചത് തന്നെ; വിദേശ വ്യവസായിയുടെ മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്ന് വിദേശ വ്യവസായിയുടെ മൊഴി. തമിഴ്‌നാട് സ്വദേശിയായ ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. ഇതു തിരുവനന്തപുരത്തു വെച്ചായിരുന്നുവെന്നും വിദേശവ്യവസായിയുടെ മൊഴിയില്‍ പറയുന്നു. വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്‌ഐടി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഡിണ്ടിഗലിലെത്തുന്നത്.

സ്വര്‍ണ ഉരുപ്പടികള്‍ പോറ്റി ഇടപാടുകാരനായ ഡി മണിക്ക് കൈമാറിയെന്നും, ഈ ഇടപാടിനായി ആദ്യം തന്നെയാണ് സമീപിച്ചതെന്നും വ്യവസായി മൊഴി നല്‍കിയതായാണ് സൂചന. തുടര്‍ന്നാണ് ഡിണ്ടിഗലിലെ ഡി മണി എന്ന സുപ്രഹ്മണിയിലേക്ക് എസ്‌ഐടി എത്തിയത്. എന്നാല്‍ പൊലീസ് അന്വേഷിക്കുന്ന ഡി മണി താനല്ലെന്നാണ് എസ്‌ഐടിയോട് പറഞ്ഞത്. എസ്‌ഐടി ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. മണിയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മണിയുടെ ഫോണിലെ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന, മണിയുടെ സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ചോദ്യം ചെയ്യലുകള്‍ നിര്‍ണായകമാകുമെന്നാണ് സൂചന. അതോടൊപ്പം കേസില്‍ അറസ്റ്റിലായ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള കസ്റ്റഡി അപേക്ഷ എസ്‌ഐടി ഇന്നു തന്നെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

മാധ്യമപ്രവർത്തകൻ അജയകുമാറിന്റെ മാതാവ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ അജയകുമാറിന്റെ മാതാവ് അന്തരിച്ചു

വർക്കല മുട്ടപ്പലം ചാവടിമുക്ക് കൊച്ചുവീട്ടിൽ പരേതനായ രാമചന്ദ്രക്കുറിപ്പിന്റെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി.

മക്കൾ: അംബിക, അജയകുമാർ, ഉദയകുമാർ സജയകുമാർ
മരുമക്കൾ: വിനില, സരിത, സുനിമോൾ

സഞ്ചയനം 31 ന് രാവിലെ 8 മണിക്ക്.