റാപിഡ് ചെസ് ലോക കിരീടം കാള്‍സന്; ചാംപ്യനാകുന്നത് ആറാം വട്ടം

റാപിഡ് ചെസ് ലോക കിരീടം കാള്‍സന്; ചാംപ്യനാകുന്നത് ആറാം വട്ടം

ദോഹ: ഫിഡെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന് കിരീടം. കരിയറില്‍ ആറാം തവണയാണ് കാള്‍സന്‍ കിരീടം സ്വന്തമാക്കുന്നത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കാണ് പുരുഷ വിഭാഗത്തില്‍ വെങ്കലം. താരത്തിനു 9.5 പോയിന്റ്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.

10.5 പോയിന്റുകള്‍ നേടിയാണ് കാള്‍സന്‍ കിരീടം ഉറപ്പിച്ചത്. നേരത്തെ 2014, 15, 19, 22, 23 വര്‍ഷങ്ങളിലാണ് കാള്‍സന്റെ കിരീട നേട്ടം. മൂന്ന് തുടര്‍ ജയങ്ങളുമായാണ് താരം അവസാന പോരാട്ടത്തിനിറങ്ങിയത്. അവസാന റൗണ്ടില്‍ അനിഷ് ഗിരിയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെ കിരീടമുറപ്പിച്ചു.

നേരിയ വ്യത്യാസത്തിലാണ് വനിതാ വിഭാഗത്തില്‍ ഹംപിയ്ക്കു മൂന്നാം കിരീടം നഷ്ടമായത്. അലക്‌സാന്ദ്ര ഗൊര്യാച്കിന, സു ജിനര്‍ എന്നിവരാണ് സ്വര്‍ണം, വെള്ളി കിരീടങ്ങള്‍ നേടിയത്. മൂന്ന് പേര്‍ക്കും 8.5 പോയിന്റായിരുന്നു. ടൈ ബ്രേക്കറില്‍ ഇരുവര്‍ക്കും ഹംപിയേക്കാള്‍ പോയിന്റ് വന്നതോടെയാണ് ഇന്ത്യന്‍ താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ടൂര്‍ണമെന്റില്‍ കളിച്ച മലയാളി താരം നിഹാല്‍ സരിന്‍ 19ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. താരം 8.5 പോയിന്റുകള്‍ നേടി. ക്ലാസിക്ക് ലോക ചാംപ്യന്‍ ഡി ഗുകേഷ് ഇതേ പോയിന്റുമായി 20ാം സ്ഥാനത്തും ആര്‍ പ്രഗ്നാനന്ദ 27ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

‘രവി ശാസ്ത്രി കോച്ചായാൽ ഇം​ഗ്ലീഷ് ക്രിക്കറ്റ് രക്ഷപ്പെടും; അദ്ദേഹത്തിന് ജയിക്കാനറിയാം’

‘രവി ശാസ്ത്രി കോച്ചായാൽ ഇം​ഗ്ലീഷ് ക്രിക്കറ്റ് രക്ഷപ്പെടും; അദ്ദേഹത്തിന് ജയിക്കാനറിയാം’

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ താരവുമായ രവി ശാസ്ത്രിയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകനാക്കണമെന്ന ആവശ്യം വീണ്ടുമുയര്‍ത്തി മുന്‍ ഇംഗ്ലീഷ് സ്പിന്നറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസര്‍. നേരത്തെ ആഷസ് പരമ്പരയില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് ഇംഗ്ലണ്ട് നാണംകെട്ടതിനു പിന്നാലെ പനേസര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി പരമ്പരയില്‍ ആശ്വാസം കണ്ടെത്തിയെങ്കിലും പനേസര്‍ ഈ ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പമുള്ള രവി ശാസ്ത്രിയുടെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതാണ്. ടീമിനെ വളര്‍ത്തിയെക്കുന്നതിലും പോരാട്ടങ്ങള്‍ വിജയിക്കുന്നതിനും ഇംഗ്ലണ്ടിന് എന്താണോ ആവശ്യം അതു നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കും. പനേസര്‍ പറയുന്നു. ആഷസിലെ ഇംഗ്ലണ്ടിന്റെ പ്രകടനം കണക്കാക്കിയാല്‍ ബ്രണ്ടന്‍ മക്കെല്ലം തുടരണമോ എന്ന കാര്യത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡിലെ ചിലരെങ്കിലും മാറി ചിന്തിക്കാന്‍ സാധ്യതയുണ്ടെന്നും പനേസര്‍ വ്യക്തമാക്കുന്നു.

‘സിഡ്‌നി ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഫലം അനുസരിച്ചായിരിക്കും മക്കെല്ലത്തിന്റെ ഭാവി. മോശമാണെങ്കില്‍ മക്കെല്ലത്തിന്റെ തന്ത്രത്തില്‍ ഇനിയും കളിക്കണമോ എന്നു ഇസിബിയിലെ ചിലരെങ്കിലും ചിന്തിച്ചേക്കാം. കൗണ്ടിയില്‍ മിന്നും പ്രകടനം നടത്തുന്ന പല താരങ്ങള്‍ക്കും ദേശീയ ടീമില്‍ അവസരം കിട്ടുന്നില്ല. അതിനാല്‍ തന്നെ പുതിയൊരു പരിശീലകന്‍ എന്നത് ചിന്തിക്കാന്‍ സാധ്യതയുള്ള കാര്യമാണ്.’

ഇന്ത്യന്‍ ടീമിനൊപ്പമുള്ള രവി ശാസ്ത്രിയുടെ ട്രാക്ക് റെക്കോര്‍ഡ് മികച്ചതാണ്. ടീമിനെ വളര്‍ത്തിയെക്കുന്നതിലും പോരാട്ടങ്ങള്‍ വിജയിക്കുന്നതിനും ഇംഗ്ലണ്ടിന് എന്താണോ ആവശ്യം അതു നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കും. പനേസര്‍ പറയുന്നു. ആഷസിലെ ഇംഗ്ലണ്ടിന്റെ പ്രകടനം കണക്കാക്കിയാല്‍ ബ്രണ്ടന്‍ മക്കെല്ലം തുടരണമോ എന്ന കാര്യത്തില്‍ ഇംഗ്ലണ്ട് ബോര്‍ഡിലെ ചിലരെങ്കിലും മാറി ചിന്തിക്കാന്‍ സാധ്യതയുണ്ടെന്നും പനേസര്‍ വ്യക്തമാക്കുന്നു.

‘സിഡ്‌നി ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ഫലം അനുസരിച്ചായിരിക്കും മക്കെല്ലത്തിന്റെ ഭാവി. മോശമാണെങ്കില്‍ മക്കെല്ലത്തിന്റെ തന്ത്രത്തില്‍ ഇനിയും കളിക്കണമോ എന്നു ഇസിബിയിലെ ചിലരെങ്കിലും ചിന്തിച്ചേക്കാം. കൗണ്ടിയില്‍ മിന്നും പ്രകടനം നടത്തുന്ന പല താരങ്ങള്‍ക്കും ദേശീയ ടീമില്‍ അവസരം കിട്ടുന്നില്ല. അതിനാല്‍ തന്നെ പുതിയൊരു പരിശീലകന്‍ എന്നത് ചിന്തിക്കാന്‍ സാധ്യതയുള്ള കാര്യമാണ്.’

‘ഒരു ടീമിനു എങ്ങനെ വിജയിക്കാമെന്നു കളിപ്പിച്ച് തെളിയിച്ച പരിശീലകനാണ് ശാസ്ത്രി. കളി ജയിക്കേണ്ടത് ഏതു തരത്തിലാണെന്നു അദ്ദേഹം കൃത്യമായി കാണിച്ചു തന്നിട്ടുണ്ട്. ഇന്ത്യ ദുര്‍ബലരാണെന്നു എല്ലാവരും വിലയിരുത്തിയ ഘട്ടത്തിലാണ് അവര്‍ ഓസീസിനെ വീഴ്ത്തിയത്. അദ്ദേഹം ടീമിനെ അടിമുടി ശക്തമാക്കിയാണ് കളിപ്പിച്ചത്.’

‘അത്തരമൊരു കോച്ചിനെയാണ് ഇംഗ്ലണ്ടിനു ഇപ്പോള്‍ ആവശ്യമുള്ളത്. എല്ലായ്‌പ്പോഴും ഒരാളെ തന്നെ ആശ്രയിച്ചാല്‍ മോശം ഫലം ആവര്‍ത്തിക്കപ്പെടുക മാത്രമായിരിക്കും സംഭവിക്കുക. വ്യത്യസ്ത തന്ത്രമുള്ളൊരാള്‍ വന്നാല്‍ ഫലവും വ്യത്യസ്തമായിരിക്കും’- പനേസര്‍ വ്യക്തമാക്കി.

മക്കെല്ലത്തിന്റെ കീഴില്‍ 45 മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് 17 മത്സരങ്ങള്‍ തോറ്റു. 25 മത്സരങ്ങളാണ് ജയിച്ചത്. നിലവില്‍ ആഷസ് പരമ്പര ഇത്തവണയും തിരിച്ചു പിടിക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചില്ല. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 3-1 എന്ന നിലയിലാണ്.

എൽഡിഎഫ് പിന്തുണയിൽ വിജയം; അഗളി പഞ്ചായത്ത് പ്രസി‍ഡന്റ് മഞ്ജു രാജിവെച്ചു

എൽഡിഎഫ് പിന്തുണയിൽ വിജയം; അഗളി പഞ്ചായത്ത് പ്രസി‍ഡന്റ് മഞ്ജു രാജിവെച്ചു

പാലക്കാട്: അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു എന്‍ കെ രാജിവെച്ചു. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഎം പിന്തുണയോടെയാണ് മഞ്ജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നും എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും മഞ്ജു പറഞ്ഞു. കൂറുമാറ്റത്തിനു പിന്നില്‍ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഈ പിന്തുണ സ്വീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അതിനാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് മഞ്ജു അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി അഗളി പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണത്തിലായിരുന്നു. ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്തിന്റെ കൂറുമാറ്റവും, പ്രസിഡന്റ് തെരഞ്ഞെടുപ്പും വിവാദമായത്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്, മഞ്ജു പ്രാദേശിക പാര്‍ട്ടി നേതാക്കളുമൊത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പത്ത് സീറ്റും എല്‍ഡിഎഫിനെ ഒമ്പത് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്. സിബു സിറിയക്കിനെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

മഞ്ജുവിന് അബദ്ധം സംഭവിച്ചതാകാമെന്നും, സിപിഎം പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സിപിഎം പിന്തുണയോടെയുള്ള കോണ്‍ഗ്രസ് അംഗത്തിന്റെ അഗളിയിലെ വിജയം ഏറെ ചര്‍ച്ചയായിരുന്നു.

‘ഞാന്‍ ഇന്ത്യക്കാരനാണ്….’; ചൈനീസ് എന്ന് വിളിച്ച് ക്രൂരമര്‍ദനം, വിദ്യാര്‍ഥിയുടെ ജീവനെടുത്ത് ആറംഗ സംഘം

‘ഞാന്‍ ഇന്ത്യക്കാരനാണ്….’; ചൈനീസ് എന്ന് വിളിച്ച് ക്രൂരമര്‍ദനം, വിദ്യാര്‍ഥിയുടെ ജീവനെടുത്ത് ആറംഗ സംഘം

ഡെറാഡൂണ്‍: വംശീയാധിക്ഷേപം നടത്തുകയും ക്രൂരമര്‍ദനത്തിനിരയാക്കുകയും ചെയ്ത വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ത്രിപുരയില്‍ വന്‍പ്രതിഷേധം. എയ്ഞ്ചല്‍ ചക്മ(24) എന്ന വിദ്യാര്‍ഥിയാണ് ആറംഗ സംഘത്തിന്റെ ക്രൂര മര്‍ദനത്തിനിരയായത്. മണിപ്പൂരില്‍ ജോലി ചെയ്യുന്ന ബിഎസ്എഫ് ജവാനായ തരുണ്‍ ചക്മയുടെ മക്കളായ എയ്ഞ്ചലിനേയും മൈക്കിളിനേയുമാണ് ഈ സംഘം ചൈനീസ് എന്ന് വിളിച്ച് മര്‍ദിച്ചത്.

എന്നാല്‍ താന്‍ ഇന്ത്യക്കാരനാണെന്ന് കേണ് പറഞ്ഞിട്ടും മാരകായുധങ്ങളുമായി ആക്രമിച്ച സംഘം കഴുത്തിലാണ് ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച മൈക്കിളിനേയും മുറിവേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചല്‍ 17 ദിവസം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടു. ക്രിസ്മസിന്റെ പിറ്റേ ദിവസമാണ് മരിക്കുന്നത്. സഹോദരന്‍ മൈക്കിളും ചികിത്സയിലാണ്.

ഡെറാഡൂണിലെ സ്വകാര്യ സര്‍വകലാശാലയില്‍ എംബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു എയ്ഞ്ചല്‍. ഓള്‍ ഇന്ത്യ ചക്മ സ്റ്റുഡന്റ് യൂണിയന്റേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും സമ്മര്‍ദത്തിന് ശേഷമാണ് നടപടിയുണ്ടായതെന്നും അതുവരെ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെന്നുമാണ് പിതാവിന്റെ ആരോപണം.

മരണശേഷം കൊലക്കുറ്റം ചുമത്തി. തുടര്‍ന്ന് കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 2 പ്രതികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. നേപ്പാള്‍ സ്വദേശിയായ ഒരു പ്രതിയെ ഇനിയും പിടികൂടാനായില്ല. ഇയാളെ പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. എയ്ഞ്ചലിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമുണ്ടായി.

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്, ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥി

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്, ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥി

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് വൈകിട്ട് 7ന് തലസ്ഥാനത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എല്‍എംഎസ് കോംപൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍ താമസിക്കും.

നാളെ രാവിലെ 10ന് വര്‍ക്കല ശിവഗിരിയില്‍ 93ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തി 12.05ന് മാര്‍ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 1.25ന് ഡല്‍ഹിയിലേക്ക് മടങ്ങും.

കനകക്കുന്നില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനകക്കുന്നില്‍ വസന്തോത്സവം ന്യൂ ഇയര്‍ ലൈറ്റിങ് പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തിങ്കളാഴ്ച വൈകീട്ട് ആറു മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് കനകക്കുന്ന് കോമ്പൗണ്ടിലേക്കുള്ള പ്രവേശനം നിരോധിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡിസംബര്‍ 29,30 തീയതികളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 29ന് ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30വരെയും 30ന് രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

29ന് ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെ ശംഖുംമുഖം- ആള്‍സെയിന്റ്‌സ്-ചാക്ക പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന്‍ സ്‌ക്വയര്‍- ഫ്‌ലൈഓവര്‍-നിയമസഭ- ജി.വി രാജ- എല്‍.എം.എസ്- മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

30ന് രാവിലെ ആറു മുതല്‍ 9.30 വരെ കവടിയാര്‍- വെള്ളയമ്പലം- മ്യൂസിയം-വേള്‍ഡ്‌വാര്‍-വിജെറ്റി-ആശാന്‍ സ്‌ക്വയര്‍-ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും, രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വരെ ചാക്ക ലോര്‍ഡ്‌സ് – ലുലു -കുഴിവിള -ആക്കുളം -കോട്ടമുക്ക് -പ്രശാന്ത് നഗര്‍ – ഉളളൂര്‍ -കേശവദാസപുരം-പരുത്തിപ്പാറ-മാര്‍ ഇവാനിയസ് കോളേജ് റോഡിന്റെ ഇരുവശങ്ങളിലും, രാവിലെ ലറു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ശംഖുമുഖം-ആള്‍സെയിന്റ്സ്-ചാക്ക റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

കൂടാതെ 29നും 30നും ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കല്‍ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ്.പി ഫോര്‍ട്ട് – ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂര്‍ ഫ്‌ലൈഓവര്‍ – തൈക്കാട് -വഴുതക്കാട് – വെള്ളയമ്പലം-കവടിയാര്‍ റോഡിലും 30ന് വിമെന്‍സ് കോളജ് -ബേക്കറി ജങ്ഷന്‍ -പഞ്ചാപുര- രക്തസാക്ഷിമണ്ഡപം- നിയമസഭാമന്ദിരം -പി.എം.ജി, പ്‌ളാമൂട്, പട്ടം -കേശവദാസപുരം റോഡിലും, വെള്ളയമ്പലം-കവടിയാര്‍-കുറവന്‍കോണം-പട്ടം-കേശവദാസപുരം-ഉള്ളൂര്‍-ആക്കുളം-കുഴിവിള-ഇന്‍ഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും നിയന്ത്രണങ്ങളുണ്ട്.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.

വിമാനത്താവളത്തിലേക്കും, റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം.