by Midhun HP News | Dec 24, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. ലോകത്തെ മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.
സാധാരണ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈല്‍ ടവര്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. പ്രത്യേക സാറ്റലൈറ്റ് ഫോണുകളോ വലിയ ഡിഷ് ആന്റിനകളോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ കൈവശമുള്ള സാധാരണ 4ജി, 5ജി സ്മാര്‍ട്ട്ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റും വോയിസ് കോളുകളും ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്കാകും.
6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍. നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എല്‍വിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍വിഎം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്.
ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് ഏകദേശം 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആന്‍ഡ് സയന്‍സ്, എല്‍എല്‍സി) തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.
ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു. എല്‍ എം വി-ത്രീ-യില്‍ ഐ എസ് ആര്‍ ഒ നടത്തുന്ന ഒമ്പതാമത്തെ വിക്ഷേപണമാണിത്.



by Midhun HP News | Dec 24, 2025 | Latest News, കേരളം
ശബരിമല മണ്ഡലപൂജ അടുത്തതോടെ സന്നിധാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭക്തജനത്തിരക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച രാത്രി 12 മണിവരെ 1,05,738 പേരാണ് ദര്‍ശനം നടത്തിയത്. അവധി ദിവസമായിരുന്ന ഞായറാഴ്ച തിരക്ക് താരതമ്യേന കുറവായിരുന്നു. ആ ദിവസം 61,576 പേരാണ് ശബരിമലയില്‍ എത്തിയത്. സീസണ്‍ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ ശരാശരി ഒരു ലക്ഷം ഭക്തരാണ് പ്രതിദിനം ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടതോടെ തിരക്ക് കുറഞ്ഞിരുന്നു.
ഇപ്പോഴാണ് വീണ്ടും ദിനംപ്രതി എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. തിരക്ക് കൂടിയതോടെ പതിനെട്ടാംപടിയില്‍ കയറുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. ഞായറാഴ്ച മണിക്കൂറില്‍ ശരാശരി 1,800ലധികം പേര്‍ പതിനെട്ടാംപടി കയറിയിരുന്നുവെങ്കില്‍, തിങ്കളാഴ്ച അത് മണിക്കൂറില്‍ 3,500ലധികമായി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പമ്പയില്‍ നിന്ന് ഭക്തരുടെ ഒഴുക്ക് ശക്തമായി തുടരുകയായിരുന്നു.
ഇതോടെ മരക്കൂട്ടം മുതല്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂ കോംപ്ലക്‌സുകളില്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഭക്തര്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിഞ്ഞത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ 53,400 പേര്‍ ദര്‍ശനത്തിനായി എത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലുമേട് വഴിയും ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. എന്നാല്‍ പുല്‍മേട് വഴി ഒരു ദിവസം പരമാവധി 5,000 പേരെ മാത്രമാണ് കയറ്റിവിട്ടത്. ഈ സീസണില്‍ ഇതുവരെ പുല്‍മേട് വഴി സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം – കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് മെനു പരിഷ്കരിക്കുക. ഐആർസിടിസിയുടെ നിർദേശങ്ങൾ അനുസരിച്ചാകും മെനുവിൽ മാറ്റങ്ങൾ വരുത്തുക.
കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഏതെല്ലാം വിഭവങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ഐആർസിടിസിയുമായി ചർച്ചകൾ നടക്കുകയാണ്. ഓടുന്ന ട്രെയിനിൽ കറികൾ യാത്രക്കാരുടെ വസ്ത്രങ്ങളിൽ വീഴുക പതിവാണ്.
ഇത് ഒഴിവാക്കാൻ കറികൾക്ക് കട്ടി കൂട്ടും. ഇപ്പോൾ നൽകുന്ന കേസരിക്ക് പുറമെ ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ എന്നിവയാണ് മധുരത്തിനായി കമ്പനി ശുപാർശ ചെയ്തിട്ടുള്ളത്.
ഉച്ചഭക്ഷണത്തിലും വലിയ മാറ്റമുണ്ടായേക്കും. ചോറിന് പുറമെ തലശ്ശേരി ബിരിയാണി, മലബാർ ദം ബിരിയാണി എന്നിവയാണ് ശുപാർശ ചെയ്തിട്ടുളളത്. പ്രഭാതഭക്ഷണത്തിൽ പാലപ്പം, വെജിറ്റബിൾ കുറുമ, ഇടിയപ്പവും മുട്ടക്കറിയും പലഹാരങ്ങളായി ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പഴംപൊരി എന്നിവയും ശുപാർശ ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഇഷ്ടമുള്ള തരത്തിൽ മെനു പരിഷ്കരിക്കാനാണ് കമ്പനിയുടെ നീക്കം. വിമാനങ്ങളിൽ ഭക്ഷണവിതരണം ചെയ്യാൻ കമ്പനിയായ കാസിനോ ഡിസംബർ 16 -ാം തിയതി മുതൽക്കാണ് വന്ദേ ഭാരതിലെ ഭക്ഷണവിതരണം ഏറ്റെടുത്തത്.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മേരി പുഷ്പവും മത്സരിക്കും. കുന്നുകുഴി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.
നഗരസഭയില്‍ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം.
101 വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകൾ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 29 സീറ്റ് മാത്രമാണ് കോർപറേഷനിൽ ഇത്തവണ എൽഡിഎഫിന് നേടാനായത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.



by Midhun HP News | Dec 24, 2025 | Latest News, കേരളം
കണ്ണൂര്‍: തലശേരി റെയില്‍വെ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്തലിന്‍ പുരട്ടിയ കറന്‍സികള്‍ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥ.
തലശേരി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവര്‍ പറശിനി കടവ് സ്വദേശിയോട് കൈക്കൂലി തുകയുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.



Recent Comments