മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ശിവദാസിനെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ശിവദാസിനെതിരെ കേസ്

കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് നടപടി. മട്ടന്നൂര്‍ പൊലീസ് ആണ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിന് കാരണമായ സംഭവം. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആയ ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതോടെ മട്ടന്നൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല?, പ്രോസിക്യൂഷനോട് കോടതി

പള്‍സര്‍ സുനി വിളിച്ച സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല?, പ്രോസിക്യൂഷനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയില്ലെന്ന് വിചാരണക്കോടതി. നടിക്കെതിരായ ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി, ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണില്‍ സംസാരിച്ചു. ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. ശ്രീലക്ഷ്മി എന്ന സ്ത്രീ സംഭവ ദിവസം സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടു. ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ചോദിച്ചു. ഗൂഢാലോചനക്കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ല. പള്‍സര്‍ സുനി പറഞ്ഞ മാഡം ആര് എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നാണ് ആക്രമിക്കുന്നതിനിടെ പള്‍സര്‍ സുനി നടിയോട് പറഞ്ഞത്.

അങ്ങനെയൊരു സ്ത്രീയുണ്ടോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് അത്തരത്തില്‍ പറഞ്ഞു തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറയുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ല. ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിസംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പള്‍സര്‍ സുനി ഒരിടത്തും പറഞ്ഞിട്ടില്ല. ബാലചന്ദ്ര കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യം പറഞ്ഞതെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.

ദിലീപും പൾസർ സുനിയും വളരെ രഹസ്യമായിട്ടാണ് ക്വട്ടേഷൻ ഗൂഡാലോചന നടത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. തങ്ങൾ തമ്മിലുളള ബന്ധം പുറത്തറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ പൾസർ സുനിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ദിലീപിനെ ആലുവയിലെ വീട്ടിൽ വെച്ച് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞത്. ദിലീപിന്റെ കയ്യിൽ നിന്നും പണം വാങ്ങിപ്പോയെന്നും പറയുന്നു. ഈ രണ്ടു കാര്യവും എങ്ങനെ ഒത്തുപോകുമെന്നും കോടതി വിധിന്യായത്തിൽ ചോദിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതിനിടെയാണ് ഈ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കപ്പുറത്ത് വിശ്യാസ യോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറുപ്രതികളെ ശിക്ഷിക്കുകയും നടന്‍ ദിലീപ് ഉല്‍പ്പെടെ നാലുപേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിലാണ് കോടതി പ്രോസിക്യൂഷന്‍ വീഴ്ചകള്‍ വിശദീകരിക്കുന്നത്.

വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു’, കോടതി വിധിക്കെതിരെ അതിജീവിത

വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു’, കോടതി വിധിക്കെതിരെ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ തന്നെ തന്നോട് പറഞ്ഞിരുന്നു. തന്നോടൊപ്പം നിന്ന മനുഷ്യർക്ക് നന്ദി അറിയിക്കുന്നതായും നടി കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പിൽ പറയുന്നത്

എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

അതുപോലെ ഒന്നാംപ്രതി എൻ്റെ പെഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എൻ്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്ചെയ്‌ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ, എനിക്കിതിൽ അത്ഭുതമില്ല. 2020 ൻ്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്‌തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എൻ്റെ എല്ലാ ഹർജികളും പക്ഷേ നിഷേധിക്കുകയായിരുന്നു. അതിൻ്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, “നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല” തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു.

അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക – അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.

ഈ ട്രയൽ കോടതിയിൽ എൻന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
* ഈ കേസിൽ എൻ്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല.
ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.

* ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു. അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് – അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.

* മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെ ട്ട്സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപ്പെട്ടത്.

* ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതി ഭാഗം ഇതേ ജഡ്‌ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.

* എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.

* ഈ കേസിൻ്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു

വീണ്ടും കുതിച്ചുപൊങ്ങി പൊന്ന്; അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണവില

വീണ്ടും കുതിച്ചുപൊങ്ങി പൊന്ന്; അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണവില

ഇന്നലെ സ്വർണവില ഒന്ന് ബ്രേക്കിട്ടെങ്കിലും ഇന്ന് വീണ്ടും വില വർധിച്ചു. 98,200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് വിലയുണ്ടായത്. ഇന്ന് അതിൽ നിന്നും 600 രൂപ വർധിച്ച് പവന് 98,800 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 12,350 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നിരക്ക്.
സ്വർണവില ഈ വർഷം അവസാനിക്കുന്നതിന് മുന്നേ ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ധരും ആഭരണ പ്രേമികളും ഉറ്റുനോക്കുന്നത്.

യാത്രയ്ക്കിടെ ദിലീപിന്റെ ‘ഈ പറക്കും തളിക’ വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം

യാത്രയ്ക്കിടെ ദിലീപിന്റെ ‘ഈ പറക്കും തളിക’ വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.

ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു. എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു. ബസ് യാത്ര പുറപ്പെട്ട വേളയില്‍ത്തന്നെ ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന്‍ അഭിപ്രായപ്പെട്ടു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.

എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്‍കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്. എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.