കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ആന്തൂര്‍ നഗരസഭയിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.

സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ, ജാമ്യാപേക്ഷ പരിഗണിച്ചില്ല; റിമാന്‍ഡില്‍

രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ, ജാമ്യാപേക്ഷ പരിഗണിച്ചില്ല; റിമാന്‍ഡില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി തീര്‍ന്ന പശ്ചാത്തലത്തില്‍ വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാന്‍ കോടതി ഇന്ന് തീരുമാനിക്കുകയായിരുന്നു. രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി 15ന് കോടതി പരിഗണിക്കും. നിലവില്‍ രാഹുല്‍ ജയിലില്‍ കഴിയുന്നത് 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ല, വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവുന്നില്ല, പാസ് വേര്‍ഡ് നല്‍കാത്തതിനാല്‍ ലാപ്‌ടോപ്പ് പരിശോധിക്കാന്‍ ആകുന്നില്ല എന്നി കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് പൊലീസ് രണ്ടുദിവസമാണ് ചോദിച്ചത്.

എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് കോടതി ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. ഈ സമയപരിധി ഇന്ന് രാവിലെ 11 മണിക്ക് അവസാനിച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രാഹുലിന്റെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചില്ല. 15ന് പരിഗണിക്കാന്‍ മാറ്റിയ കോടതി, വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

കടയ്ക്കാവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കടയ്ക്കാവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
അസ്ഥികൂടത്തിനു സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തി.
ശരീര അവശിഷ്ടങ്ങൾക്ക് 10 ദിവസത്തോളം പഴക്കം വരും. 75 വയസ്സുള്ള ദേവദാസൻ എന്ന ആളെ പത്ത് ദിവസമായി കാണ്മാനില്ല എന്ന് പറയുന്നുണ്ട്.

സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

ആറ്റിങ്ങൽ വലിയകുന്നിൽ വാഹനാപകടം; 19കാരൻ മരണപെട്ടു

ആറ്റിങ്ങൽ വലിയകുന്നിൽ വാഹനാപകടം; 19കാരൻ മരണപെട്ടു

ആറ്റിങ്ങൽ വലിയകുന്നിൽ വാഹനാപകടം. യുവാവ് മരണപെട്ടു. ആറ്റിങ്ങൽ വലിയകുന്ന് ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം വച്ച് ഇന്ന് 11 മണിയോടെയായിരുന്നു സംഭവം. നാവായിക്കുളം ചിറ്റായിക്കോട് കല്ലൂർ കുഴി പുത്തൻവീട്ടിൽ മുരളീധരൻപിള്ളയുടെ മകൻ ഗോകുൽ (19) ആണ് മരണപ്പെട്ടത്.

ആറ്റിങ്ങൽ മൂന്ന്മുക്ക് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ മോട്ടോർ സൈക്കിളും വെഞ്ഞാറമൂട് ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ച് ആണ് അപകടം നടന്നത്. ഗോകുലിന്റെ കൂടെയുണ്ടായിരുന്ന നാവായിക്കുളം സ്വദേശി അതുലിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോകുലും അതുലും ആറ്റിങ്ങൽ പോളിടെക്നിക്കിൽ ഒന്നാംവർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥികൾ ആണ് . കോളേജിൽ ഇന്ന് നടന്ന ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് ഇരുവരും കോളേജിൽ നിന്നും പുറത്തേക്ക് പോയ സമയമാണ് അപകടം നടന്നത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26 ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27 ന് 35,000 പേർക്കും അവസരം ലഭിക്കും. സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം ഈ ദിവസങ്ങളിൽ അനുവദിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ്. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എഡിഎം നിർദ്ദേശിച്ചു. കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവിൽ വനപാലകരും അഗ്നിശമനസേനയും എൻ ഡി ആർ എഫും ഏറെ പണിപ്പെട്ടാണ് കാനനപാതയിൽ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നത്.

നിലവിൽ ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. മണ്ഡലവിളക്കുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തേണ്ട പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.