ബി നെഗറ്റീവ് രക്തം ആവശ്യമുണ്ട്

ബി നെഗറ്റീവ് രക്തം ആവശ്യമുണ്ട്

ആറ്റിങ്ങൽ: വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് അടിയന്തിരമായി രക്തം ആവശ്യമുണ്ട്. ബി നെഗറ്റീവ് രക്തം ആണ് ആവശ്യം. നൽകുവാൻ കഴിയുന്നവർ 9895243481 ഈ നമ്പറിൽ ബന്ധപ്പെടുക.

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. സജാദ് എന്ന ആള്‍ വീട്ടിലേക്ക് തന്നെ നിര്‍ബന്ധ പൂര്‍വം വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഡിസിസി ഭാരവാഹികള്‍ അടക്കം അവിടെ ഉണ്ടായിരുന്നു. നാല് പേര്‍ പിന്നീട് വീട്ടിലേക്ക് വന്നു. അനുവാദമില്ലാതെ ഇവര്‍ വിഡിയോ എടുത്തുവെന്നും എംഎല്‍എ പറഞ്ഞു.

‘സജാദ് എന്ന വ്യക്തി തനിക്കെതിരെ നടത്തിയ പ്രചരണങ്ങളില്‍ ക്ഷമ പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം വിളിച്ചപ്പോള്‍ പോകുകയാണുണ്ടായത്. തന്നെ വിളിച്ച് വരുത്തി മോശം പറഞ്ഞപ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് താനും നടത്തിയത്. സജാദുമായി അയാളുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അഞ്ചെട്ടു പേര്‍ കയറിവന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

കയറി വന്നപ്പോള്‍ തന്നെ മോശമായാണ് അവര്‍ സംസാരിച്ചത്. വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. വന്നതുപോലെ തിരിച്ചു പോകാന്‍ കാലുണ്ടാകില്ല എന്നു ഭീഷണി മുഴക്കി. സജിത്ത് അങ്ങനെ പെരുമാറുമെന്നു കരുതിയില്ല. സ്ത്രീയെന്ന പരിഗണന പോലും കിട്ടിയില്ല. എന്നാല്‍ സജാദിന് തന്നെ വിളിച്ചുകൊണ്ടുപോയി ആസൂത്രണം നടത്തണമെന്ന് അദ്ദേഹത്തിന്റെ മനസില്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്നും’ രമ്യ ഹരിദാസ് പറഞ്ഞു.

പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ എംഎല്‍എയുടെ ഭാഗത്തു നിന്നാണല്ലോ ആദ്യം പ്രകോപനം ഉണ്ടായതെന്ന ചോദ്യത്തിന് ആരെങ്കിലും നേരെ വന്ന് തെറി പറഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രതികരണം മാത്രമാണ് താന്‍ നടത്തിയതെന്ന് എംഎല്‍എ പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും ആഭ്യന്തരവകുപ്പില്‍ നിന്നും തനിക്ക് അനുകൂലമായി നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ രമ്യഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്‌സി, എസ് ടി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ക്രിയേറ്റീവ് കോർണർ സ്കൂൾതല ഉദ്ഘാടനം നടന്നു

ക്രിയേറ്റീവ് കോർണർ സ്കൂൾതല ഉദ്ഘാടനം നടന്നു

ജിഎച്ച്എസ്എസ് നാവായിക്കുളം സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെയും സ്കൂൾതല ശാസ്ത്രോത്സവത്തിന്റെയും ഉദ്ഘാടനം വർക്കല നിയോജകമണ്ഡലം എംഎൽഎ വി ജോയ് നിർവഹിച്ചു.

പി റ്റി എ പ്രസിഡന്റ് ഗാന്ധി ലാൽ അധ്യക്ഷത വഹിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിഹാദ് മുഖ്യ പ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരളയുടെയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. പാഠ്യപദ്ധതിയോടൊപ്പം തൊഴിൽ പഠനം കൂടി ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളിൽ സൈദ്ധാന്തിക അറിവും തൊഴിൽ വൈദഗ്ധ്യങ്ങളുംതമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടാണ് ക്രിയേറ്റീവ് ക്ലാസ് മുറികൾ കൊണ്ട് വിഭാവനം ചെയ്യുന്നത്.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. കിളിമാനൂർ ബി പി സി നവാസ് കെ, വൈശാഖ് കെ എസ്, പ്രഥമ അധ്യാപകൻ അനിൽ കുമാർ, ബി ആർ സി പ്രതിനിധികളായ ട്രെയിനർ സജിത കെ വി, പ്രസീദ, ഷീബ കെ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി
നന്ദി രേഖപ്പെടുത്തി.

സൗത്ത് ഇന്ത്യൻ ജു-ജിത്സു ചാമ്പ്യൻഷിപ്പ്: വൈശാഖ് ആറ്റിങ്ങൽ കേരളാ ടീം മാനേജർ

സൗത്ത് ഇന്ത്യൻ ജു-ജിത്സു ചാമ്പ്യൻഷിപ്പ്: വൈശാഖ് ആറ്റിങ്ങൽ കേരളാ ടീം മാനേജർ

സെപ്റ്റംബർ 5, 6 തീയതികളിൽ ഹൈദരാബാദിലെ കറ്റേടൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സൗത്ത് ഇന്ത്യൻ ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ കേരളാ ടീം മാനേജർ ആയി ആറ്റിങ്ങൽ സ്വദേശി വൈശാഖിനെ തിരഞ്ഞെടുത്തു. സീനിയർ മാർഷ്യൽ ആർട്സ് കോച്ചും ആറ്റിങ്ങൽ ആസ്ഥാനമായുള്ള പ്രൊഫൈഷ്യന്റ് മാർഷ്യൽ ആർട്സ് അക്കാഡമി ചീഫ് കോച്ചുമാണ് വൈശാഖ്. വരാനിരിക്കുന്ന ജു-ജിത്സു ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള സെലക്ഷൻ മത്സരം കൂടിയാണ് ഹൈദരാബാദിൽ നടക്കുന്നത്.

ജപ്പാനിൽ ഉത്ഭവിച്ച് ലോകമെമ്പാടും പ്രചാരത്തിലുള്ള ഈ അയോദ്ധനകലയിൽ നിന്നാണ് ജൂഡോ ഉൾപ്പെടെയുള്ള വിവിധ അയോദ്ധനകലകളുടെ ഉത്ഭവം. കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും അംഗീകാരമുള്ള ഈ കായികയിനം ഏഷ്യൻ ഗെയിംസിൽ ഉൾപ്പടെ മത്സരയിനമാണ്.

യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ

കല്ലമ്പലം: യുവാവിനെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെട്ടു റോഡിലേയ്ക്ക് ഓടിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ച് കാറിൽ കയറ്റിക്കൊണ്ടു പോയി വീണ്ടും ആക്രമിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. നാവായിക്കുളം പൈവേലിക്കോണം അശ്വതിഭവനിൽ ഹരിദേവ് (29) അറസ്റ്റിലായത്. ജൂലൈ നാലിന് ആണ് കേസിനാസ്പദമായ സംഭവം.

അന്നേദിവസം തന്നെ നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ദേഹോപദ്രവമേല്പിച്ച കേസ്സിലും പ്രതിയാണ്. പ്രതി സംഭവത്തിനു ശേഷം ബാംഗ്ലൂർ, ഹൈദ്രാബാദ്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കല്ലമ്പലം, പള്ളിക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കൊലപാതശ്രമകേസ്സുകളിലും മയക്കു മരുന്നു വിപണന കേസ്സുകളിലും പ്രതിയാണ് അറസ്റ്റിലായ ഹരിദേവ്.

തിരുവനന്തപുരം റൂറൽ എസ്സ്.പി. പ്രശാന്തൻ കാണിയുടെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി പി.വി രമേഷ് കുമാർൻറ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു.ഡി., ഡാൻസാഫ് ടീം അംഗങ്ങളായ എസ്സ്.ഐ.ബിജു, എ.എസ്.ഐ അനൂപ്, സി.പി.ഒ സുനിൽരാജ്, വിനീഷ്, ഉമറുൾ ഫറൂഖ്, സുജിൽ വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസിലെ എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ ബാലു.ഡി, ഹരീഷ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.

വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ

വഴങ്ങിയത് വെറും 13 റൺസ്, വീഴ്ത്തിയത് 5 വിക്കറ്റുകൾ! ബാറ്റർമാരെ വട്ടം കറക്കി വിഘ്നേഷ് പുത്തൂർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിന്റെ വിഘ്നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിങ് മികവ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റർമാരെ വട്ടംകറക്കിയ വിഘ്നേഷ് 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റോയൽസിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ട് തകർത്താണ് വിഘ്നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറിൽ പന്തെറിഞ്ഞ താരം കൃത്യമായ ഡോട്ട് ബോളുകളിലൂടെ റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റർമാരിൽ സമ്മർദ്ദം സൃഷ്ടിച്ചു.

ഗൂഗ്ലിയിലൂടെ കൃഷ്ണപ്രസാദിനെ ലോങ് ഓണിൽ അശ്വിൻ ആനന്ദിന്റെ കൈകളിലെത്തിച്ചാണ് വിഘ്നേഷ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചത്. തുടർന്ന് ഓഫ് സ്റ്റംപിനു പുറത്തേക്ക് പിച്ച് ചെയ്ത വേഗം കുറഞ്ഞ ഗൂഗ്ലിയിൽ ഗോവിന്ദ് ദേവ് പൈയെ വരുൺ നയനാർ സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നാം ഓവറിൽ അക്ഷയ് മനോഹറിനെയും നാലാം ഓവറിൽ സിജോമോൻ ജോസഫിനെയും നിഖിൽ എമ്മിനെയും പുറത്താക്കി വിഘ്നേഷ് റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തു.

കൃത്യമായ ഫീൽഡിങ് ക്രമീകരണങ്ങൾക്കൊപ്പം പന്തിന്റെ വേഗത്തിലും ലൈനിലും വരുത്തിയ വൈവിധ്യങ്ങളാണ് വിഘ്നേഷിന്റെ ബൗളിങ്ങിനെ കൂടുതൽ അപകടകാരിയാക്കിയത്. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ശ്രദ്ധേയ പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ വിഘ്നേഷ് പുത്തൂർ കെസിഎല്ലിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.