by Midhun HP News | Sep 4, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: യുവാവിനെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും രക്ഷപ്പെട്ടു റോഡിലേയ്ക്ക് ഓടിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ച് കാറിൽ കയറ്റിക്കൊണ്ടു പോയി വീണ്ടും ആക്രമിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. നാവായിക്കുളം പൈവേലിക്കോണം അശ്വതിഭവനിൽ ഹരിദേവ് (29) അറസ്റ്റിലായത്. ജൂലൈ നാലിന് ആണ് കേസിനാസ്പദമായ സംഭവം.
അന്നേദിവസം തന്നെ നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ദേഹോപദ്രവമേല്പിച്ച കേസ്സിലും പ്രതിയാണ്. പ്രതി സംഭവത്തിനു ശേഷം ബാംഗ്ലൂർ, ഹൈദ്രാബാദ്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കല്ലമ്പലം, പള്ളിക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കൊലപാതശ്രമകേസ്സുകളിലും മയക്കു മരുന്നു വിപണന കേസ്സുകളിലും പ്രതിയാണ് അറസ്റ്റിലായ ഹരിദേവ്.
തിരുവനന്തപുരം റൂറൽ എസ്സ്.പി. പ്രശാന്തൻ കാണിയുടെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി പി.വി രമേഷ് കുമാർൻറ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു.ഡി., ഡാൻസാഫ് ടീം അംഗങ്ങളായ എസ്സ്.ഐ.ബിജു, എ.എസ്.ഐ അനൂപ്, സി.പി.ഒ സുനിൽരാജ്, വിനീഷ്, ഉമറുൾ ഫറൂഖ്, സുജിൽ വർക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസിലെ എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ ബാലു.ഡി, ഹരീഷ് എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.




by Midhun HP News | Sep 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ട്രിവാൻഡ്രം റോയൽസിനെ തകർത്തത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ വിഘ്നേഷ് പുത്തൂരിന്റെ ഉജ്ജ്വല ബൗളിങ് മികവ്. മികച്ച ടേണും വൈവിധ്യവും കൊണ്ട് ബാറ്റർമാരെ വട്ടംകറക്കിയ വിഘ്നേഷ് 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി റോയൽസിന്റെ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. മൂന്നാം സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേർന്ന് പടുത്തുയർത്തിയ 51 റൺസിന്റെ കൂട്ടുകെട്ട് തകർത്താണ് വിഘ്നേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഴാം ഓവറിൽ പന്തെറിഞ്ഞ താരം കൃത്യമായ ഡോട്ട് ബോളുകളിലൂടെ റണ്ണൊഴുക്ക് തടഞ്ഞ് ബാറ്റർമാരിൽ സമ്മർദ്ദം സൃഷ്ടിച്ചു.
ഗൂഗ്ലിയിലൂടെ കൃഷ്ണപ്രസാദിനെ ലോങ് ഓണിൽ അശ്വിൻ ആനന്ദിന്റെ കൈകളിലെത്തിച്ചാണ് വിഘ്നേഷ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചത്. തുടർന്ന് ഓഫ് സ്റ്റംപിനു പുറത്തേക്ക് പിച്ച് ചെയ്ത വേഗം കുറഞ്ഞ ഗൂഗ്ലിയിൽ ഗോവിന്ദ് ദേവ് പൈയെ വരുൺ നയനാർ സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നാം ഓവറിൽ അക്ഷയ് മനോഹറിനെയും നാലാം ഓവറിൽ സിജോമോൻ ജോസഫിനെയും നിഖിൽ എമ്മിനെയും പുറത്താക്കി വിഘ്നേഷ് റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്തു.
കൃത്യമായ ഫീൽഡിങ് ക്രമീകരണങ്ങൾക്കൊപ്പം പന്തിന്റെ വേഗത്തിലും ലൈനിലും വരുത്തിയ വൈവിധ്യങ്ങളാണ് വിഘ്നേഷിന്റെ ബൗളിങ്ങിനെ കൂടുതൽ അപകടകാരിയാക്കിയത്. 13 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ശ്രദ്ധേയ പ്രകടനത്തോടെ മത്സരത്തിലെ താരമായി മാറിയ വിഘ്നേഷ് പുത്തൂർ കെസിഎല്ലിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.



by Midhun HP News | Sep 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ചുമതലയേറ്റു. ലീഡര്‍ഷിപ്പ്, എച്ച്ആര്‍ മാനേജ്‌മെന്റ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇവന്റ് മാനേജ്‌മെന്റ് മേഖലകളില്‍ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം, ഇന്ത്യന്‍ ആര്‍മിയുടെ എയര്‍ ഡിഫന്‍സ് വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.

നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ സ്റ്റേഷന്‍ കമാന്‍ഡറായും, വിരമിക്കുന്നതിന് മുന്‍പ് തിരുവനന്തപുരം എന്‍സിസിയുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാചല്ലൂര്‍ സ്വദേശിയായ ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ മികച്ച കായിക താരവും യോഗ പരിശീലകനുമാണ്.



by Midhun HP News | Sep 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സവാള വിലവര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവര്‍ധന നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്.) വഴി 100 ടണ്‍ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടണ്‍ സവാളയ്ക്കുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോര്‍ട്ടികോര്‍പ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകള്‍ വഴി കിലോയ്ക്ക് 35 നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ വിപണികളില്‍ സവാള വില ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോര്‍ത്ത് പറവൂര്‍ തുടങ്ങിയ വിപണികളില്‍ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതല്‍ 80 വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം വിപണികള്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കും. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടല്‍ വ്യാപിപ്പിക്കും.
നാസിക്, കര്‍ണാടക ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പാദന കേന്ദ്രങ്ങളിലെ വിലവര്‍ധന, മൊത്തവ്യാപാരികളുടെ സംഭരണം, കര്‍ഷകരില്‍ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവര്‍ധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു. ആവശ്യാനുസരണം കൂടുതല്‍ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ ഔട്ട്‌ലെറ്റുകളും വില്‍പ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാന്‍ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സംഭരണ സൗകര്യങ്ങള്‍ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകള്‍ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയില്‍ 38 ശതമാനം വരെ കുറവ് വരുത്താന്‍ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണയായി ഓണത്തിന് ശേഷം വില കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഇത്തവണ പ്രധാന ഉല്‍പാദന കേന്ദ്രങ്ങളില്‍ പോലും വില ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്നും മന്ത്രി പറഞ്ഞു.

by Midhun HP News | Sep 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്.ക്രൈംബ്രാഞ്ചിലെയും വിജിലൻസിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുള്ളത്. അന്വേഷണ സംഘത്ത പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് ഉടൻ പുറത്തിറക്കും.

മെസിയുടെയും അർജന്റീന ദേശീയ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കായിക വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച മുഖ്യമന്ത്രി വിഡി സതീശൻ വിഷയം ഗൗരവകരമാണെന്ന് വിലയിരുത്തുകയും തുടർനടപടികൾക്കായി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുകയുമായിരുന്നു. സംഭവത്തിൽ സമഗ്രമായ ക്രിമിനൽ അന്വേഷണം അനിവാര്യമാണെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയത്.

മെസിയെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച ഘട്ടം മുതലുള്ള എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഉത്തരവുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. നടന്ന മുഴുവൻ പണമിടപാടുകളും സാമ്പത്തിക ഉറവിടങ്ങളും പരിശോധിക്കും. വിഷയത്തിൽ കായിക വകുപ്പും ഇഡിയും നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകൾ കൂടി എസ്ഐടിയുടെ അന്വേഷണ പരിധിയിൽ വരും.


by Midhun HP News | Sep 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ നവീകരണ പദ്ധതിയിൽ കേരളം ഒപ്പുവെക്കണമോ എന്ന വിഷയത്തിൽ ഭരണകക്ഷിയായ യുഡിഎഫിൽ കടുത്ത ഭിന്നത. പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി കരട് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും, മുന്നണിക്കുള്ളിൽ അഭിപ്രായൈക്യം രൂപപ്പെടാത്തതിനാൽ അന്തിമ തീരുമാനത്തിന്റെ രാഷ്ട്രീയ ബാധ്യത ആര് ഏറ്റെടുക്കുമെന്ന ചോദ്യം സങ്കീർണ്ണമാകുന്നു.

കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം പങ്കാളിയാകുന്നതിനെ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമായി എതിർക്കുമ്പോൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തി ധാരണാപത്രത്തിൽ ഒപ്പുവെക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വിഡി സതീശൻ.
മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതിയാണ് റിപ്പോർട്ടിന്റെ കരട് തയ്യാറാക്കിയത്. എന്നാൽ ഈ റിപ്പോർട്ടിൽ പദ്ധതി നടപ്പിലാക്കണമെന്നോ വേണ്ടെന്നോ ഉള്ള കൃത്യമായ ശുപാർശകളോ നിഗമനങ്ങളോ ഇല്ലെന്നാണ് വിവരം. പകരം വിഷയത്തിലെ നിലവിലെ വസ്തുതകളും സാമ്പത്തിക വശങ്ങളും മാത്രമാണ് ഉപസമിതി എടുത്തുപറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ വിവാദം ഒഴിവാക്കാൻ ഉപസമിതി കരുതലോടെ ഒഴിഞ്ഞുമാറിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചാൽ സമഗ്ര ശിക്ഷ കേരളം’ വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട 1,540 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ലഭ്യമാകും. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണാധികാരവും അടിയറവ് വെക്കാതെ, ചർച്ചകളിലൂടെ കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് യുഡിഎഫിലെ ഭൂരിഭാഗം ഘടകകക്ഷികളുടെയും നിലപാട്.

ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ള വിഷയത്തിൽ തീരുമാനമെടുക്കാൻ ആദ്യവട്ട മന്ത്രിമാരെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. മുന്നണി നേതൃത്വം നേരിട്ട് ഏറ്റെടുക്കാൻ മടിക്കുന്ന ഒരു തീരുമാനത്തിൽ എന്ത് നിലപാട് സ്വീകരിച്ചാലും അതിന്റെ രാഷ്ട്രീയ തിരിച്ചടി ഈ യുവ മന്ത്രിമാർ ഒറ്റയ്ക്ക് നേരിടേണ്ടി വരുമെന്ന ആശങ്കയാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്. വരും ദിവസങ്ങളിൽ യുഡിഎഫ് ഉന്നതാധികാര സമിതിയിലും മന്ത്രിസഭയിലും ഈ വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും.


Recent Comments