ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ‍ര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.

2014 ലാണ് കേസിന് ആസ്പദമായ സംഭവം. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തിൽ നാല് വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞുണ്ടായിരുന്നു. സ്വാസ്തികയെന്ന ഈ കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മ ഓമനയെയും കൊലപ്പെടുത്തിയ കേസിലാണ് ഇവരെ കോടതി ശിക്ഷിച്ചത്. നിനോ മാത്യുവാണ് കൊലപാതകങ്ങൾ നടത്തിയത്.

അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനുമായിരുന്നു കോടതി ശിക്ഷിച്ചത്. കാമ പൂര്‍ത്തീകരണത്തിനാണ് പ്രതികള്‍ പിഞ്ച് കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയതെന്നും സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

‘ഡ്രൈ ഡേ എടുത്തു കളയും, അതിനു കൊടുക്കേണ്ടത് കൊടുക്കണം’- വീണ്ടും ബാർ കോഴ? ശബ്ദ സന്ദേശം പുറത്ത്

‘ഡ്രൈ ഡേ എടുത്തു കളയും, അതിനു കൊടുക്കേണ്ടത് കൊടുക്കണം’- വീണ്ടും ബാർ കോഴ? ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും ബാർ കോഴയ്ക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പുറത്തായി. മദ്യ നയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദ്ദേശിച്ചു ബാർ ഉടമകളുടെ സംഘടനയായ ഫെഡ‍റേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച സന്ദേശമാണ് പുറത്തായത്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനും (രാത്രി 11 മണി എന്നത് 12 ലേക്ക് ആക്കാൻ) ഒരാൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നു ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തു വന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് നിർദ്ദേശമനുസരിച്ചാണ് പിരിവെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.

ഡ്രൈ ഡേ, ബാറുകളുടെ സമയം കൂട്ടൽ എന്നിവയടക്കം ഉടമകൾ മുന്നോട്ടു വച്ച കാര്യങ്ങൾ പരി​ഗണിച്ചുള്ള മദ്യ നയത്തിനു തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്. അതിനിടെയാണ് പണം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്തായത്. ‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം വച്ച് കൊടുക്കാൻ പറ്റുന്നവർ കൊടുക്കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്തു കളയും. അങ്ങനെ പല മാറ്റങ്ങളുണ്ടാകും. അതു ചെയ്തു തരാൻ കൊടുക്കേണ്ടത് കൊടുക്കണം’- ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഇന്നലെ ബാർ ഉടമകളുടെ സംഘടനയുടെ എക്സിക്യൂട്ടിവ് യോ​ഗം കൊച്ചിയിൽ നടന്നിരുന്നു. യോ​ഗ സ്ഥലത്തു നിന്നാണ് ശബ്ദ സന്ദേശമയക്കുന്നതെന്നു അനിമോൻ പറയുന്നു. ഇടുക്കിയിൽ നിന്നു സംഘടനയിൽ അം​ഗമായവരുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്. പിന്നീട് ഇതു ഡിലീറ്റ് ചെയ്തു.

ശബ്ദരേഖ പുറത്തു വന്നത് അനിമോൻ നിഷേധിച്ചില്ല. എന്നാൽ പരിശോധിക്കണമെന്നു പറഞ്ഞു കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. കൊച്ചിയിൽ സംഘടനയുടെ യോ​ഗം നടന്നതായി പ്രസിഡന്റ് വി സുനിൽ കുമാർ സമ്മതിച്ചു. എന്നാൽ പണപ്പിരിവിനു നിർദ്ദേശം നൽകിയിട്ടില്ലെന്നു വ്യക്തമാക്കി.

ഓപ്പറേഷന്‍ പാം ട്രീ: ആക്രി കച്ചവടം മറയാക്കി 1170 കോടിയുടെ നികുതി വെട്ടിപ്പ്

ഓപ്പറേഷന്‍ പാം ട്രീ: ആക്രി കച്ചവടം മറയാക്കി 1170 കോടിയുടെ നികുതി വെട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് 1170 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. എറണാകുളം ഉള്‍പ്പെടെ ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. ആക്രി കച്ചവടത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായിരുന്നു റെയ്ഡ്.

പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആദ്യ ഘട്ട റെയ്ഡ് ആരംഭിച്ചത്. 300ലധികം ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്. ഓപ്പറേഷന്‍ പാം ട്രീ എന്ന പേരിലായിരുന്നു ജിഎസ്ടി വകുപ്പ് സംസ്ഥാനത്ത് റെയ്ഡ് നടത്തിയത്. വ്യാജ ബില്ലുകള്‍ ചമച്ചും അഥിഥി തൊഴിലാളികളുടെ പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തുമായിരുന്നു വെട്ടിപ്പ്. തൊഴില്‍ വാഗ്ദാനം ചെയ്താണ് അതിഥി തൊഴിലാളികളില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ തട്ടിയെടുത്തത്. 1170 കോടി രൂപയുടെ വ്യാജ ബില്ലുകള്‍ ചമച്ച് കൊണ്ട് നടത്തിയ നികുതി വെട്ടിപ്പില്‍ സംസ്ഥാനത്തിന് 209 കോടിയുടെ നഷ്ടം ഉണ്ടായതായാണ് കണ്ടെത്തല്‍. പരിശോധനയില്‍ 148 വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകളും കണ്ടെത്തിയിട്ടുണ്ട്. ആക്രി ഇടപാടുകളുടെ പേരിലാണ് വലിയ നികുതി വെട്ടിപ്പുകള്‍ നടന്നിരിക്കുന്നത്.

സംസ്ഥാന മന്ത്രിസഭാ യോ​ഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ ഇന്ന് യോ​ഗം ചേരും. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോ​ഗം തീരുമാനമെടുക്കും.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിനു ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ​ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓർഡിനൻസിനു പകരം സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇക്കാര്യങ്ങളിലും യോ​ഗത്തിൽ തീരുമാനമുണ്ടാകും.

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; വര്‍ക്കലയില്‍ കടലില്‍ ചാടിയ 14കാരി മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; വര്‍ക്കലയില്‍ കടലില്‍ ചാടിയ 14കാരി മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

കൊല്ലം: വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരുകുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ കടലില്‍ അകപ്പെട്ടു. ഒരുപെണ്‍കുട്ടിയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയില്‍ അടിഞ്ഞത്. മറ്റേ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. കുട്ടി വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതാണ് പിണങ്ങിയിറങ്ങാന്‍ കാരണമെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

ആലപ്പാട് ജയകുമാർ സമൃതിഭവന്റെ ശിലാസ്ഥാപനം നടത്തി

ആലപ്പാട് ജയകുമാർ സമൃതിഭവന്റെ ശിലാസ്ഥാപനം നടത്തി

കിളിമാനൂർ: ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആലപ്പാട് ജയകുമാർ സമൃതിഭവന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ശിലാസ്ഥാപനം നടത്തി. ചടങ്ങിൽ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണവും ആലപ്പാട് ജയകുമാർ അനുസ്മരണ പ്രഭാഷണവും അടൂർ പ്രകാശ് എം പി നിർവഹിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് അനുപ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി ടി ആര്‍ മനോജ് സ്വാഗതം പറഞ്ഞു. കെപിസിസി അംഗം എൻ സുദർശനൻ, എൻ ആർ ജോഷി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ, പഞ്ചായത്തംഗം എം ജയ്കാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. സ്വാഗതസംഘം കൺവീനർ അഡ്വ വിഷ്ണുരാജ് ആർ കൃതജ്ഞത രേഖപ്പെടുത്തി.