by Midhun HP News | May 22, 2024 | Latest News, ജില്ലാ വാർത്ത
ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചു. ഇതോടെ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്സിലേക്ക് വലിയതോതിൽ സന്ദർശകരുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സന്ദർശകർക്ക് വിശ്രമിക്കുവാനായി മൂന്നോളം ഗസീബോ (ഒരെണ്ണം ഓപ്പൺ, രണ്ടെണ്ണം ക്ലോസ്ഡ്) അഞ്ചോളം ഉദ്യാന ഇരിപ്പിടങ്ങൾ, 7000 സ്ക്വയർ ഫീറ്റ് പുൽത്തകിടി, മൃഗങ്ങളുടെയും പക്ഷികളുടെയും ശില്പങ്ങൾ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള പ്ലേ എക്യുപ്മെന്റസ്കളായ
ഊഞ്ഞാൽ, സ്ലൈഡ്ർ, സീസൊ, മേരി ഗോ റൗണ്ട് തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കൂടാതെ, ലൈറ്റ് ഹൗസിന്റെ 189 പടികളിൽ ഗ്രാനൈറ്റ് പാകുകയും, മുകളിലെ സുരക്ഷാ വേലിയുടെ ഉയരം 1.5 ആയ് ഉയർത്തുകയും, കുട്ടികളുടെ സുരക്ഷ മുൻനിർത്തി കൈവരിയിൽ ഗൃല്ലുകൾ പിടിപ്പിക്കുകയും, ലൈറ്റ് ഹൗസ് കെട്ടിടത്തിലുൾപ്പെടെ പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഉദ്യാനത്തിലും പരിസരങ്ങളിലുമായി പത്തോളം ഹെറിറ്റേജ് വിളക്ക് കാലുകളും നാട്ടിയിട്ടുണ്ട്. സന്ദർശകർക്കായി രണ്ടോളം ബയോ ടോയ്ലറ്റ്കളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
ഭാരത സർക്കാർ കപ്പൽ ഗതാഗത മന്ത്രാലയം ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് ഡയറക്ട്രേറ്റിനുകീഴിലെ ലൈറ്റ് ഹൗസുകളിലൊന്നാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്. 1695 ൽ ഒരു സിഗ്നൽ സ്റ്റേഷനായിരുന്നു ആദ്യകാലങ്ങളിൽ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്, തുടർന്ന്
1988 ഏപ്രിൽ 30 ന് ഭാരത സർക്കാരാണ് നൂതന ശൈലിയിൽ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ പണി പൂർത്തിയാക്കി കമ്മിഷൻ ചെയ്തത്. ലൈറ്റ്ഹൗസ് ശൃംഖലയിൽ കൊച്ചി മേഖലയിൽ ഉൾപ്പെട്ടതാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്.
രാജ്യത്തെ 75 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള ഒൻപത് ലൈറ്റ് ഹൗസുകളിൽ ഒന്നായിരുന്നു അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്. പൈതൃകത്തിന് യോജിച്ച വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതി പ്രകാരമാണ് നിലവിൽ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ വികസന പ്രവർത്തികളുടെ ഉദ്ഘാടനം പ്രധാനി മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഫെബ്രുവരി 28 ന് ചെന്നൈയിൽ വച്ച് വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുകയുമായിരുന്നു.
മുതിർന്നവർക്ക് 10 രൂപയും, കുട്ടികൾക്ക് 3 രൂപയും, വിദേശികൾക്ക് 25 രൂപയുമാണ് എൻട്രൻസ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ, ഫോട്ടോ20, വിഡിയോ കാമറ 25 രൂപയുമാണ് (ഗ്രൂപ്പായാണ് പോകുന്നതെങ്കിൽ ഒരാൾക്ക് മാത്രം) നൽകേണ്ടത്. ദിവസവും വൈകിട്ട് 3 മണിമുതൽ 5 മണിവരെയാണ് സന്ദർശക സമയം. തിങ്കൾ അവധി ദിവസവുമാണ്.

by Midhun HP News | May 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ആവർത്തിച്ചുള്ള ചികിത്സ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച ഉന്നതതലയോഗം ഇന്ന്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് – ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സൂപ്രണ്ട് തുടങ്ങിയവർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും.
യോഗത്തിൽ മെഡിക്കൽ കോളജുകളിലെ ചികിത്സാപിഴവ് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ ഓഫീസിലാണ് യോഗം. സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച യോഗവും ഇന്ന് ചേരും. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചാല്‍ ഏകജാലക പ്രവേശനത്തിന് തയ്യാറെന്നാണ് മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ നിലപാട്.
ഇന്നത്തെ യോഗത്തില്‍ മാനേജ്‌മെന്‍റ് പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കും. ഇതിന് സർക്കാർ വഴങ്ങിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികളുമായി മാനേജ്‌മെന്‍റുകള്‍ മുന്നോട്ട് പോയാല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികൾ പ്രതിസന്ധിയിലാകും.
by Midhun HP News | May 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചിൽ ഒളിപ്പിച്ചു കടന്നുകളഞ്ഞു എന്നാണ് കേസ്. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. പിന്നീട് വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു റഫീഖാ ബീവിയും, മകൻ ഷഫീഖും. ഇവർക്കൊപ്പമായിരുന്നു മറ്റൊരു പ്രതിയായ അൽ അമീനും താമസിച്ചിരുന്നത്. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം മച്ചിൽ ഒളിപ്പിച്ച ശേഷം പ്രതികൾ സ്ഥലം വിടുകയായിരുന്നു.
by Midhun HP News | May 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.
യുവതിയെ ഒന്നിലേറെ തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ദോസ് കുന്നപ്പിള്ളി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി കോവളം പൊലീസില്‍ നല്‍കിയ പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അടിമലത്തുറയിലെ ലോഡ്ജില്‍ വെച്ചാണ് യുവതിയെ ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് കുന്നത്തുനാട്ടിലും, ഈ യുവതി താമസിക്കുന്ന വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചിരുന്നതായിട്ടാണ് കുറ്റപത്രത്തില്‍ പറയുന്നത്. യുവതിയെ ഭീഷണിപ്പെടുത്താന്‍ കൂടെ നിന്നതിനാണ് സുഹൃത്തുക്കളെ പ്രതി ചേര്‍ത്തിട്ടുള്ളത്. കോവളം ഗസ്റ്റ് ഹൗസില്‍ നിന്നും മടങ്ങുന്ന വഴി കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്.
by Midhun HP News | May 22, 2024 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും മുൻ പ്രധാനമന്ത്രിയും ആയ രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. ആലങ്കോട് റഷീദ്, കെ സുരേന്ദ്രൻ നായർ, ആർ.വിജയകുമാർ, പി. എസ്. കിരൺ കൊല്ലമ്പുഴ, ഷൈജു ചന്ദ്രൻ, ആലങ്കോട് ജോയ്, വിജയൻ സോപാനം, ഭാസി, അയ്യമ്പള്ളി മണിയൻ, മുരളീധരൻ നായർ, മോഹനൻ നായർ, ഇന്ദിരാ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
by Midhun HP News | May 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ലാലേട്ടൻ ഫാൻസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാലേട്ടന്റെ പിറന്നാൾ ദിനം ആഘോഷിച്ചു. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ഹോസ്പിറ്റലിൽ അത്യാവശ്യ വിഭാഗത്തിലേക്ക് ഒരു വീൽ ചെയറും ഭിന്നശേഷി കുട്ടികളെയും മുതിർന്നവരയും പരിപാലിക്കുന്ന അംബേക്കർ മെമ്മോറിയൽ ഓർഫണെജിൽ മധുരം പങ്കിട്ടും പിറന്നാൾ സദ്യ ഒരുക്കിയുമാണ് ലാലേട്ടന്റെ പിറന്നാൾ ദിനം ആഘോഷിച്ചത്.

Recent Comments