by Midhun HP News | May 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വിളയിൽ റസിഡൻ്റ്സ് അസ്സോസിയേഷൻ്റെ 26-ാം വാർഷിക പൊതുയോഗം 2024, മെയ് 26, ഞായറാഴ്ച രാവിലെ 10 മണി മുതൽ പ്രസിഡൻ്റിൻ്റെ ഭവനാങ്കണത്തിൽ നടക്കും. വി ആർ എ പ്രസിഡൻ്റ് ഉണ്ണി ആറ്റിങ്ങലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വി ആർ എ ജനറൽ സെക്രട്ടറി എം ജി മനോജ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ആർ പി കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തും. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ജി.രാമകൃഷ്ണപിള്ള, സന്തോഷ്കുമാർ, സി കൃഷ്ണപിള്ള, ലത. എൽ ആർ മണികണ്ഠൻ പിള്ള തുടങ്ങിയവർ സംസാരിക്കും. ഇതിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് അഗ്നിരക്ഷാസേന നടത്തുന്ന ബോധവല്ക്കരണക്ലാസും ഉണ്ടായിരിക്കുന്നതാണ്.
by Midhun HP News | May 21, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: നെടുമ്പാശേരി അവയവക്കടത്ത് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നാണെന്ന് കേസിലെ പ്രതിയായ തൃശൂർ സ്വദേശി സാബിത്ത് നാസർ മൊഴി നൽകി.
ഇയാൾ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഷമീറിനെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ, രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2019 മുതൽ പ്രതി സാബിത്ത് നാസറും സംഘവും അവയവക്കടത്തിന് ഇറാനിലേക്ക് ആളെ എത്തിച്ചിരുന്നു. ഇതിൽ 19 പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നൽകാൻ തയ്യാറായി 2019ൽ ഹൈദാരാബദിലെത്തിയതായിരുന്നു സാബിത്ത് നാസർ. എന്നാൽ ആ നീക്കം നടന്നില്ല. പക്ഷെ അവയവ മാഫിയ സംഘങ്ങളുമായി ഇയാൾ ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി ഇയാൾ മാറി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് പൊലീസ് പറയുന്നു.
ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്‍റുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവര്‍ക്ക് ടിക്കറ്റ്, താമസം മുതൽ ചികിത്സാ ചിലവും പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ വരെയും നൽകും. വൻതുക ആശുപത്രിയിൽ ചിലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജന്‍റിന്‍റെ പോക്കറ്റിലാക്കുകയാണ് പതിവ്.
എത്രപേരെ ഇയാൾ അവയവ കൈമാറ്റത്തിനായി സമീപിച്ചു, ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, ഇവരുടെ ആരോഗ്യസ്ഥിതി, ഇതിൽ എത്രപേർ മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളിലാണ് പ്രധാന അന്വേഷണം. ഇരകളായവരെ കണ്ടെത്തി പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. പ്രതിയുടെ ചാവക്കാട് സ്വദേശിയായ പങ്കാളിക്കായുള്ള തെരച്ചിലാണ് അന്വേഷണ സംഘം. രാജ്യാന്തര മാഫിയ സംഘങ്ങളുടെ സാന്നിദ്ധ്യമുള്ള കേസിൽ എൻഐഎ ഉൾപ്പടെ കേന്ദ്ര അന്വേഷണ ഏജൻസികളും വിവരശേഖരണം തുടരുകയാണ്. കൂടുതൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന തെളിവ് കിട്ടിയാൽ കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുത്തേക്കും.
by Midhun HP News | May 20, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ കിഫ് ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.
ബുധനാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍, ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍, തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് ജസ്റ്റിസ് ടി ആര്‍ രവി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇടക്കാല ഉത്തരവിന്റെ കാലാവധി കഴിഞ്ഞതായി ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും സിംഗിള്‍ ബെഞ്ച് പരിഗണിക്കാനിരിക്കുന്നതിനാല്‍ ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഇഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചിരുന്നു.
by Midhun HP News | May 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമവിരുദ്ധമായി ലോട്ടറി വിൽപനയെന്ന കുറ്റം ചുമത്തി വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിൽ മേപ്പാടി പോലീസാണ് കേസെടുത്തത്.
ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരിൽ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പൺ വിതരണം ചെയ്തതിനാണ് കേസ്. ലോട്ടറി റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോചെയുടെ ഓൺലൈൻ നറുക്കെടുപ്പ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലിൽ ലോട്ടറി ഡറക്ടറേറ്റും പരിശോധന ആരംഭിച്ചിട്ടുണ്ട്.
ചായപ്പൊടി വിൽപ്പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വിൽക്കുന്നു എന്നാണ് എഫ്ഐആറിലുള്ളത്. ദിവസവും നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന കുറയുന്നുണ്ടെന്നും ഇത് സർക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്ഐആറിലുണ്ട്. എന്നാൽ തന്റെ കമ്പനി സെയിൽസ് പ്രൊമോഷനെന്ന നിലയിൽ മാത്രമാണ് സമ്മാനക്കൂപ്പൺ നൽകുന്നതെന്നാണ് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്.
by Midhun HP News | May 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ വിഭജിക്കാന്‍ മന്ത്രിസഭാ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുകള്‍ വീതം കൂടും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെ വാര്‍ഡുകള്‍ വര്‍ധിക്കും. വാര്‍ഡ് വിഭജനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷനെ നിയോഗിക്കും. സംസ്ഥാനത്താകെ 1200 പുതിയ വാര്‍ഡുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്.
വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും. പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും.
അടുത്തവർഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് വാർഡ് പുനർനിർണം പൂർത്തിയാക്കും. ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരു വാർഡ് എന്നാണു കണക്ക്. ജനസംഖ്യ വർധിച്ച സാഹചര്യത്തിലാണ് വാർഡ് പുനർനിർണയിക്കുന്നത്.
by Midhun HP News | May 20, 2024 | Latest News, ജില്ലാ വാർത്ത
കല്ലുവെട്ടി സാരംഗി റെസിഡൻസ് അസോസിയേഷൻ പഠനോത്സവം 2024 ൻ്റെ ഭാഗമായി റസിഡൻസ് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും, എൽ.കെ.ജി മുതൽ പത്താം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു.
ദേശീയ ഖോ ഖോ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടീമംഗമായ ആദിത്യ.എസ്.കെ, മലേഷ്യയിൽ നടന്ന ത്രിരാഷ്ട്ര ഖോ ഖോ ടൂർണമെന്റിൽ സ്വർണ്ണമെഡൽ നേടിയ ടീമംഗമായ ഷിബിൻ.എസ് എന്നിവർക്കും ഉപഹാരങ്ങൾ നൽകി.

Recent Comments