കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്

കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്

തിരുവനന്തപുരം: പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവല്‍ എതിര്‍വായ്ക്ക് ലഭിച്ചു. തിരുവിതാംകൂര്‍ ചരിത്രത്തിലെ അധികാര രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരുടെ ജീവിത പോരാട്ടം അടയാളപ്പെടുത്തുന്നതാണ് നോവല്‍.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് സലിന്‍. മെയ് 26 ന് വെള്ളനാട് സൈക്കോ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് കരുണാസായി ഡയറക്ടര്‍ എല്‍.ആര്‍. മധുജന്‍ അറിയിച്ചു.

‘നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി’; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

‘നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി’; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് 58 കാരി ജയയുടെ മരണത്തിനിടയാക്കിയത്. മകന്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോക്ടറാണ് കൊലപാതകമാണെന്ന കാര്യം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് നാട്ടുകാര്‍ ജയയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ കാണുമ്പോള്‍ നിലത്ത് ജയ മരിച്ചു കിടക്കുന്നതാണ് കണ്ടത്. എന്നാല്‍ പൊലീസ് എത്തുമ്പോള്‍ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മകന്‍ ബിജു മദ്യപിച്ച് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.


വിദ്യാർത്ഥിനികൾക്കായുള്ള അവധിക്കാല പഠന ക്യാമ്പായ ‘സമ്മറൈസ് മോറൽ സ്കൂൾ’ ആരംഭിച്ചു

വിദ്യാർത്ഥിനികൾക്കായുള്ള അവധിക്കാല പഠന ക്യാമ്പായ ‘സമ്മറൈസ് മോറൽ സ്കൂൾ’ ആരംഭിച്ചു

വർക്കല: വിസ്ഡം വിമൺസ് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെയും വിസ്‌ഡം ഗേൾസിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായുള്ള അവധിക്കാല പഠന ക്യാമ്പായ ‘സമ്മറൈസ് മോറൽ സ്കൂൾ’ ആരംഭിച്ചു. ഓടയം ദാറുസ്സലാം മദ്റസ ഹാളിൽ ആരംഭിച്ച പഠന ക്യാമ്പ് വിസ്ഡം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് മാഹീൻ കുട്ടി പാലാംകോണം ഉദ്ഘാടനം ചെയ്തു.

മെയ് 14 മുതൽ 17 വരെ രാവിലെ 9 മുതൽ ഉച്ചക്ക് 12 മണി വരെയാണ് ക്യാമ്പ്. വിസ്ഡം ഗേൾസ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി ആസിയ അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം മണ്ഡലം വൈസ് പ്രസിഡൻ്റ് മിർസാദ്, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡൻറ് സലിം കുട്ടി ഓടയം, മധുനൂർ എന്നിവർ സംസാരിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന് വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ്‌ അർഷദ് അൽ ഹികമി താനൂർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അൽഫഹദ് പൂന്തുറ, ഷെയ്ഖ് അൽഅമീൻ തുടങ്ങിയവർ നേതൃത്വം നൽകും. വിസ്ഡം വിമൻസ് മണ്ഡലം സെക്രട്ടറി സബീനറാഫി സ്വാതവും, ഗേൾസ് ഓടയം ശാഖ സെക്രട്ടറി സൈനബ് നന്ദിയും പറഞ്ഞു.

പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ശ്രമിച്ച് എം വി ഡി

പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ശ്രമിച്ച് എം വി ഡി

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ശ്രമിച്ച് മോട്ടോർവാഹനവകുപ്പ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് അപേക്ഷകരും പരാജയപ്പെട്ടു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മുട്ടത്തറയിൽ സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് അപേക്ഷകരെത്തിയത്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. റോഡ് ടെസ്റ്റിന് ശേഷം മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ വിനോദിൻറെ മകളാണ് എച്ച് എടുക്കാൻ എത്തിയത്.

പരീക്ഷക്കായി കൊണ്ടു വന്ന വാഹനത്തിന്‍റെ പിൻഭാഗം അപകടത്തിൽപ്പെട്ട നിലയിലായിരുന്നു. റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാൾക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സംഘർഷത്തിനിടെ പെൺകുട്ടിയെയും ഇരുചക്രവാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടുപേരെയും പൊലീസ് അകത്തേക്ക് കയറ്റിവിട്ടു. കാറിന്‍റെ എച്ച് ടെസ്റ്റിൽ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു. ടെസ്റ്റ് പരാജയപ്പെട്ട അപേക്ഷകയെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണഅ സമരക്കാര്‍ പ്രതിഷേധിച്ചത്.

ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെ വാഹനത്തിന് മുന്നില്‍ നിന്നുകൊണ്ട് സമരക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി. കഴിഞ്ഞ 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്നത്. അതേസമയം, ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായി വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി ഇതിനിടെ സമരം കടുപ്പിക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.

ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു

ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരന് പരിക്ക്. എ ആർ ക്യാമ്പിലെ പൊലീസുകാരൻ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് കമ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം. ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് ഒരു സംഘം പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ ആറുപേർ കസ്റ്റഡിയിലാണ്.

പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ശ്രമിച്ച് എം വി ഡി

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സംയുക്ത സമര സമിതി. പ്രതിഷേധത്തിന്റെ ഭാ​ഗമായി ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ കൂറ്റൻ ധർണ നടത്താനാണ് തീരുമാനം. അര ലക്ഷത്തോളം പേർ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്നു സമര സമിതി അവകാശപ്പെട്ടു.

പരിഷ്കാരത്തിനെതിരായ സമരം ഒരാഴ്ച പിന്നിട്ടു. എന്നാൽ സർക്കാരും സമരക്കാരും വിട്ടുവിഴ്ചയില്ലെന്ന നിലപാടിൽ തന്നെയാണ്. അതേസമയം ഇന്നും ടെസ്റ്റിനുള്ള സ്ലോട്ട് നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ടെസ്റ്റ് ​ഗ്രൗണ്ടുകൾക്ക് സമീപം പ്രതിഷേധം തുടരുമെന്നു സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇതു കണക്കിലെടുത്തു സുരക്ഷ ഒരുക്കും.