തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്.
തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി.

തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് മാനേജ്മെൻ്റ് അറിയിച്ചു.

വരും ദിവസങ്ങളിലും എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടേക്കും. കമ്പനി സിഇഒ അലോക് സിംഗ് ജീവനക്കാർക്ക് ഇമെയിൽ അയച്ചു. നിയന്ത്രിത ഷെഡ്യൂൾ ഏർപ്പെടുത്താൻ കമ്പനി നിർബന്ധിതമായെന്ന് അലോക് സിംഗ് അറിയിച്ചു. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്.ജീവനക്കാരുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്നും അലോക് സിംഗ് വ്യക്തമാക്കി.

രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. ഇന്നലെ രാത്രി മുതലാണ് വിമാനങ്ങൾ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാർ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളിൽ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. യാത്ര തുടരാൻ കഴിയാതെ പോയവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്റെ പിതാവ് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്റെ പിതാവ് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്റെ പിതാവ് കെ സൂര്യകുമാർ അന്തരിച്ചു. 82 വയസായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക എ പി ശാന്തകുമാരി. മക്കൾ ബിന്ദു എസ് (അധ്യാപിക), ഐഎൻസിഎസ് ജീവനക്കാരനായിരുന്ന പരേതനായ ബിജു എസ്, സിന്ധു സൂര്യകുമാർ. സംസ്ക്കാരം വൈകിട്ട് 4 ന് പെരുമ്പാവൂർ മുൻസിപ്പൽ ശ്മശാനത്തിൽ നടക്കും.

ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു. ഇന്ന് തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടിൽ 21 പേർക്ക് സ്ലോട്ട് നൽകിയിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് ആരും ടെസ്റ്റിന് എത്തിയില്ല. സർക്കുലർ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് സമിതി പറയുന്നത്.

ഇന്നലെ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവർക്കെതിരെയും പ്രതിഷേധമുണ്ടായി. സമരത്തിൽ നിന്നും പിന്മാറിയ സിഐടിയുവിനെതിരെ സമരസമിതി രംഗത്തെത്തി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി നേതൃത്വം ചോദിച്ചു. പ്രശ്നം രൂക്ഷമായി തുടരുമ്പോൾ ഗതാഗതമന്ത്രി വിദേശത്തുമാണ്.

15 വർഷത്തിന് ശേഷമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് പാടില്ലെന്ന നിർദ്ദേശവും, ഇരട്ട് ക്ലച്ചും ബ്രേക്കും ഒഴിവാക്കണമെന്ന് നിർദ്ദേശവും ഉള്‍പ്പെടെ ഫെബ്രുവരി മാസത്തിലുള്ള സർക്കുലർ പിൻവിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടിലെന്നാണ് സമിതി പറയുന്നത്. സംയുക്ത സമരത്തിൽ നിന്നും പിൻമാറിയ സിഐടിയ മറ്റ് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഓരോ ദിവസം സ്ലോട്ട് നഷ്ടമാകുന്നവർക്ക് മാസങ്ങള്‍ക്ക് ശേഷമായിരിക്കും പുതിയ ടെസ്റ്റിന് അവസരം ലഭിക്കുന്നത്. ലേണേഴ്സ് കഴിഞ്ഞാൽ ആറ് മാസത്തിനുള്ളിൽ ടെസ്റ്റ് ജയിച്ചിരിക്കണം. സമരം നീണ്ടുപോയാൽ സമയപരിധിക്കുള്ളിൽ ഇവർക്ക് ടെസ്റ്റിൽ പങ്കെടുക്കാകുമോയെന്നും സംശയമാണ്.

ഹൈറേഞ്ചുകളിലെ വിനോദയാത്രയിൽ സുരക്ഷ മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൈറേഞ്ചുകളിലെ വിനോദയാത്രയിൽ സുരക്ഷ മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: അവധിക്കാലമായതിനാൽ ഹൈറേഞ്ചുകളിലേക്ക് യാത്ര പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടിയിട്ടുണ്ട്. സർക്കാർ കണക്ക് പ്രകാരം 45 മലമ്പാതകളാണ് ഉള്ളത്. മഞ്ഞും ,തണുപ്പും, കോടയും സഞ്ചാരികളെ ഹൈറേഞ്ചുകളിലേക്ക് എക്കാലവും ആകർഷിച്ച് കൊണ്ടേയിരിക്കും.

അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിൽ ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നതെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.

നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളിൽ ” സൈറ്റ് ഡിസ്റ്റൻസ് ” (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് “സൈറ്റ് ഡിസ്റ്റൻസ്” എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.” സൈറ്റ് ഡിസ്റ്റൻസ്” കുറഞ്ഞ റോഡുകൾ ,പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ “സൈറ്റ് ഡിസ്റ്റൻസ്” വളരെ കുറവുമായിരിക്കുമെന്നും മോട്ടോർ വാഹനവകുപ്പിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

കുറിപ്പ്:

അവധിക്കാലമാണ് …. ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം!

ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ്

നിങ്ങൾ Ghat Road കളെക്കുറിച്ച് കേട്ടിട്ടുണ്ടോ..?

സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 Ghat Road (മലമ്പാതകൾ ) ആണ് ഉള്ളത് എങ്കിലും ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. കാലാവസ്ഥയും, ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഈ ജില്ലകളിലേക്ക് എക്കാലവും ആകർഷിച്ച് കൊണ്ടിരിക്കുന്നു.. അയൽ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ, അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ച് കുന്നുണ്ട്. ഇതിൽ ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും,നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി കാണപ്പെട്ടിട്ടുള്ളത്.

കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളിൽ ” സൈറ്റ് ഡിസ്റ്റൻസ് ” (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവർ മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് “സൈറ്റ് ഡിസ്റ്റൻസ്” എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.

” സൈറ്റ് ഡിസ്റ്റൻസ്” കുറഞ്ഞ റോഡുകൾ ,പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ “സൈറ്റ് ഡിസ്റ്റൻസ്” വളരെ കുറവുമായിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

” സൈറ്റ് സിസ്റ്റൻസ്” കുറഞ്ഞ റോഡിൽ ഡ്രൈവർക്ക്

1. മുന്നിലെ വളവിൻ്റെയൊ, ഇറക്കത്തിൻ്റെയൊ തീവ്രത അറിയാൻ കഴിയില്ല.

2. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല

3. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല.

4. ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കാൻ കഴിയില്ല.

ഇങ്ങനെയുള്ളപ്പോൾ ഡ്രൈവർ എന്ത് ചെയ്യണം?

1.മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

2. ഗിയർ ഡൗൺ ചെയ്യാതെ ,തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്).

2.ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.

3. റോഡ് സൈൻസ് ശ്രദ്ധിക്കുക

4. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.

5. വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.

6. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക

7. വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.

8. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.

9. അപരിചിതമായ വഴികളിലൂടെ ഗൂഗിൾ മാപ്പിൻ്റെ സഹായത്താൽ മാത്രം രാത്രി കാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.

10. യാത്ര തുടങ്ങും മുമ്പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പ് വരുത്തുക.

11. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക

12. പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക

13. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക തന്നെ വേണം.

നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറിയേക്കാം.

തിരുവനന്തപുരം കളക്ടർ അധികാര ദുർവിനിയോഗം നടത്തിയതായി പരാതി

തിരുവനന്തപുരം കളക്ടർ അധികാര ദുർവിനിയോഗം നടത്തിയതായി പരാതി

തിരുവനന്തപുരം കളക്ടർ ജറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയതായി പരാതി. സ്വകാര്യ ആവശ്യത്തിന് ഡ്യൂട്ടി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. കളക്ടർക്ക് എതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടേഴ്സ് രംഗത്തെത്തി. ഡോക്ടർമാരോട് മാന്യമായി ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർജനെയാണ് കളക്ടർ വിളിച്ചുവരുത്തിയത്. ജനറൽ ആശുപത്രി ഒപിയിൽ രോഗികളുടെ തിരക്കളുള്ളപ്പോഴാണ് ജില്ല കളക്ടറുടെ നടപടി. നഖത്തെ ബാധിക്കുന്ന രോഗം ചികിത്സിക്കാനാണ് സർക്കാർ ഡോക്ടറെ വസതിയിലേക്ക് വിളിച്ചു വരുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ജില്ല കളക്ടറുടെ വസതിയിൽ നിന്ന് ഡിഎംഒയെയാണ് കളക്ടറുടെ സ്റ്റാഫ് വിളിച്ച് അടിയന്തരമായി സർക്കാർ സർജനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത്.

തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് സർജനെ കളക്ടറുടെ വസതിയിലേക്ക് വിടുന്നത്. അവിടെ എത്തിയപ്പോഴാണ് നഖത്തെ ബാധിക്കുന്ന രോഗം പരിശോധിക്കാൻ വേണ്ടിയാണ് വിളിച്ചുവരുത്തിയതെന്ന് സർജന് മനസിലായത്. സംഭവം അറിഞ്ഞതോടെയാണ് കെജിഎംഒഎ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

എസ്എസ്എൽസി പുനർമൂല്യനിർണയം: അപേക്ഷ ഇന്നു മുതൽ നൽകാം

എസ്എസ്എൽസി പുനർമൂല്യനിർണയം: അപേക്ഷ ഇന്നു മുതൽ നൽകാം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്നു മുതൽ നൽകാം. ഇന്നു മുതൽ 15 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാകുക. വെബ്സൈറ്റ്:sslcexam.kerala.gov.in

ഉപരിപഠന അർഹത നേടാത്ത റ​ഗുലർ വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ ആറു വരെ നടത്തും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ ​ഗ്രേഡ് ഉൾപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ഓൺലൈനായി ലഭ്യമാക്കും. മാർക്ക് ലിസ്റ്റ് മൂന്നുമാസത്തിനകം തന്നെ നൽകാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.