നവജാത ശിശുവിൻ്റെ മൃതദേഹം മതിൽ കമ്പിയിൽ തറച്ച നിലയിൽ

നവജാത ശിശുവിൻ്റെ മൃതദേഹം മതിൽ കമ്പിയിൽ തറച്ച നിലയിൽ

ഹരിയാനയിൽ നവജാത ശിശുവിൻ്റെ മൃതദേഹം മതിൽ കമ്പിയിൽ തറച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊന്ന ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹരിയാനയിലെ അജ്‌റോണ്ട ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഹരിയാന പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

കുഞ്ഞിനെ കൊന്ന ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. നവജാതശിശുവിൻ്റെ മൃതദേഹം ഗ്രില്ലിൽ നിന്ന് നീക്കം ചെയ്യുകയും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ 4 മണിയ്ക്ക് എച്ച് പി ന്യൂസിലൂടെ

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ 4 മണിയ്ക്ക് എച്ച് പി ന്യൂസിലൂടെ

ചിറയിൻകീഴ്: നിലത്തിൽ പോരിനൊരുങ്ങി ശാർക്കര. ശാർക്കരയിൽ ഇന്ന് ഉച്ചമുതൽക്കെ ഭക്തജങ്ങളുടെ തിരക്കേറിയിരിക്കുകയാണ്. വെയിൽ താഴ്ന്ന് 4മണി കഴിഞ്ഞാലുടൻ നിലത്തിൽ പോര് ആരംഭിക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചത്. ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ നിങ്ങളിൽ എത്തിക്കാനായി ഹൃദയപൂർവ്വം ന്യൂസ്‌ ഫേസ് ബുക്കിലും യൂ ട്യൂബിലും ലൈവ് സംഘടിപ്പിച്ചിട്ടുണ്ട്. യൂ ട്യൂബ് ലിങ്കും ഫേസ്ബുക്ക്‌ ലിങ്കും താഴെ കൊടുക്കുന്നു.

‘ദേശീയഗാനത്തെ അവഹേളിച്ചു’ ; ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി

‘ദേശീയഗാനത്തെ അവഹേളിച്ചു’ ; ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പരാതി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെയാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കിയത്.

ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് രാജീവ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കെപിസിസി സംഘടിപ്പിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടാകുന്നത്.

‘പരിണിത പ്രജ്ഞനും എംഎല്‍എയുമൊക്കെ ആയിരുന്ന ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ മൈക്ക് സ്റ്റാന്‍ഡില്‍ താളം പിടിച്ചും, തെറ്റായുമാണ് ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചത്. ഇത് ബോധപൂര്‍വമാണെന്നെ കാണുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ ഈ വിഷയം അന്വേഷിച്ച് മേല്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’. ബിജെപി നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു.

വർക്കലയിൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 15 ൽ പരം പേർക്ക് ഭക്ഷ്യ വിഷബാധ

വർക്കലയിൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 15 ൽ പരം പേർക്ക് ഭക്ഷ്യ വിഷബാധ

വർക്കല: വർക്കലയിൽ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 15 ൽ പരം പേർക്ക് ഭക്ഷ്യ വിഷബാധ. വർക്കല ക്ഷേത്രം റോഡിലെ സ്പൈസി റസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചവരെയാണ് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. റസ്റ്റോറന്റിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും രാത്രിയിലും ഭക്ഷണം കഴിച്ചവർ ആണ് ആശുപത്രിയിലായിരിക്കുന്നത്. കുട്ടികൾ അടക്കം ഉള്ളവരും ഒരു കുടുബത്തിലെ നിന്ന് തന്നെ 3ഉം 4ഉം പേർ ഇതിൽ പെടും. താലൂക്ക് ആശുപത്രിയിൽ എത്തിയ 20 ഓളം പേരെയും ശ്രീനാരായണ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.

മൊത്തം 30 ഓളം പേർ ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉണ്ട്. ഒരാൾ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ. 2 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്ന് അറിയാൻ കഴിയുന്നത്.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെൽത്ത് സ്കോഡിന്റെയും നേതൃത്വത്തിൽ റസ്റ്റോറന്റിൽ പരിശോധന നടത്തി. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ റസ്റ്റോറന്റിൽ നിന്നും പിടികൂടിയിട്ടുണ്ട്.

ജീവനക്കാർ ഹോട്ടലിന്റെ തന്നെ മുകൾ ഭാഗത്ത്‌ ആണ് താമസിക്കുന്നത്. ഇവരുടെ ബെഡിന് കീഴെ നിന്നും പഴകിയ ആഹാരം പിടിച്ചെടുത്തു. പ്രധാനമായും അൽഫം , ഷവായി, മന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ എറ്റിട്ടുള്ളത്. കൂടുതൽ പേർ ചികിത്സ തേടി എത്തുന്നുണ്ട്.

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും. 2017 മുതൽ ഇയാളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കുടുംബം.അടുത്ത ദിവസങ്ങളിൽ യുവാവിന്റെ മാതാപിതാക്കൾ തിരുവനന്തപുരത്തെത്തി അന്വേഷണവുമായി സഹകരിക്കും. അതേസമയം ലഭിച്ച അസ്ഥി കഷണങ്ങളുടെ വിശദ പരിശോധന നടത്തിയാലേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ക്യാമ്പസിലെ ജീവനക്കാരനാണ് പഴയ വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും മതിയായ സുരക്ഷയില്ലാത്തതിനാൽ കഴിഞ്ഞില്ല. ഇന്നലെ രാവിലെ ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സാന്നിധ്യത്തിൽ പൊലീസും അഗ്നി രക്ഷാ സേനാംഗങ്ങളും ഏറെ കഷ്ടപ്പെട്ടാണ് 15 അടി താഴ്ചയിൽ നിന്ന് അസ്ഥികൂടം പുറത്തെടുത്തത്. അസ്ഥികൂടത്തോടൊപ്പം ടാങ്കിൽ നിന്ന് ഷർട്ടിന്റെയും പാന്റിന്റെയും അംശങ്ങൾ കണ്ടത്തിയിട്ടുണ്ട്. ഇതു കൂടാതെ തൊപ്പി, ടൈ, റീഡിങ്ങ് ഗ്ലാസ്, എന്നിവയും കണ്ടെത്തി. സമീപത്തു നിന്ന് ഒരു ചെറിയ സ്റ്റൂളും കയറും ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ തലശേരി സ്വദേശി അവിനാശിന്റെ പേരാണുള്ളത്.

ലൈസൻസിലുള്ള വിലാസം തേടി പൊലീസ് ചെന്നെങ്കിലും ആ വിലാസമുള്ള വീടിപ്പോഴില്ല. ഈ കുടുംബം വർഷങ്ങൾക്കു മുമ്പ് ചെന്നെെയിലേക്ക് താമസം മാറിയതാണ്. ലൈസൻസിന്റെ ഉടമ കൊച്ചി ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ളയാളാണ്.

ഇയാളുടെ പിതാവ് വെള്ളിയാഴ്ചയോടെ പൊലീസിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെത്തും. കണ്ടെത്തിയ അസ്ഥികൂടത്തിന് ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസടുത്തിട്ടുണ്ട്. അസ്ഥികൂടം ആരുടേതെന്ന് സ്ഥിരീകരിക്കാൻ ഡി എൻ എ പരിശോധനയുൾപ്പടെയുള്ള വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 37 °c വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, ജില്ലകളിൽ 36 °c വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 °C വരെ ചൂട് കൂടാനാണ് സാധ്യത.

പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28°c നും 30°c ഇടയിലാണ്. ഉയർന്ന അന്തരീക്ഷ ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.