by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
പാർട്ടിക്കുള്ളിലെ ഭിന്നതയെതുടർന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇലക്ഷൻ പ്രഖ്യാപിച്ച ചിറയിൻകീഴിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എം അബ്‌ദുൾ വാഹിദ്നെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ അൻസിൽ അൻസാരിക്ക് 5 വോട്ട്കളും, സി.പി.ഐ (എം) ലെ അബ്ദുൽ വാഹിദ് 12 വോട്ടും നേടി. ബി.ജെ.പിയുടെ 2 അംഗങ്ങൾ വിട്ടു നിന്നതായുമാണ് പ്രാഥമിക സൂചന.
പ്രസിഡന്റ് സ്ഥാനാർഥികളായി സിപിഐ (എം) നിന്ന് എം അബ്‌ദുൾ വാഹിദും, കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻസിൽ അൻസാരിയുമായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം അബ്‌ദുൾ വാഹിദ് പെരുമാതുറ വാർഡ് മെമ്പറും, മത്സ്യത്തൊഴിലാളി നേതാവുമാണ്.
19 വാർഡ്‌കളുള്ള ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ സിപിഎം 11, സിപിഐ 1, കോൺഗ്രസ്സ് 5, ബിജെപി 2, എന്നിങ്ങനെയായിരുന്നു 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് നില.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അലിഫിനെ പോലീസ് മർദിച്ച സംഭവും,
തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ അഡ്വ. വിനോദിനെതിരെ സാമൂഹ്യവിരുദ്ധന്മാർ നടത്തിയ ആക്രമണവും ചർച്ച ചെയ്യുവാൻ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഇന്ന് അടിയന്തര ജനറൽ ബോഡി യോഗം ബാർ അസോസിയേഷൻ ഹാളിൽ ചേർന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി അഭിഭാഷകർക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന കടന്നാക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ അടിയന്തിര ജനറൽ ബോഡി യോഗ തീരുമാനപ്രകാരം, ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ മുഴുവൻ അഭിഭാഷകരും ഇന്ന് കോടതി നടപടികളിൽ നിന്നും വിട്ട് നിന്നു കൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇത്തരം സംഭവങ്ങൾ ഇനി മേലിൽ ആവർത്തിക്കാതിരിക്കുക, അഭിഭാഷകർക്കു നേരെ തൊഴിലിടത്തിൽ ഉണ്ടാകുന്ന അതിക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്. ബെൻസി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ, ട്രഷറർ അഡ്വ. മംഗലാപുരം ഷിബു, വൈസ് പ്രസിഡന്റ് അഡ്വ. ലിഷ രാജ്. ആർ, ജോയിന്റ് സെക്രട്ടറി അഡ്വ. ക്രോസ്സ് ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മിഥുൻ മങ്കാട്ട്, അതുല്യ, ദിവ്യ, വിജിൽ എന്നിവർ നേതൃത്വം നൽകി.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങള്‍ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. യുജിസി നിയമം ഹൈക്കോടതി തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്ന് തോന്നുന്നുവെന്നും ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
യുജിസി സെക്ഷന്‍ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയര്‍ത്തിയത്. യുജിസി സെക്ഷന്‍ 3 (11) ല്‍ പറയുന്നത് പ്രകാരം എംഫില്‍, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്‌സ്പീരിയന്‍സായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു. ഇതു തെറ്റായിട്ടാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.
ഇതു കൂടി കണക്കിലെടുത്തുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ യോഗ്യതാ മാനദണ്ഡം ഹൈക്കോടതി അംഗീകരിച്ചത്. ഇതു ചോദ്യം ചെയ്താണ് രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചത്. യുജിസി ഈ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. സെക്ഷന്‍ മൂന്ന് തെറ്റായിട്ടാണ് ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് യുജിസി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ അഞ്ചുതെങ്ങിൽ ആണ് ചുവരെഴുത്ത് ആദ്യമായി ആരംഭിച്ചത്. സ്ഥാനാർത്ഥിയുടെ പേര് എഴുതാനുള്ള സ്ഥലം ഒഴിച്ചിട്ട് ചിഹ്നവും മറ്റും എഴുതിക്കൊണ്ടാണ് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ തവണ നഷ്ടപെട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയോടെ ആണ് പ്രവർത്തകർ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ ചുവരെഴുത്തു തുടങ്ങിയത്. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്രയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പൊലീസ്. അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മുട്ടത്തറ- ഈഞ്ചക്കൽ സർവീസ് റോഡിലെ ഇന്ത്യൻ ഓയിലിന്റെ ട്രിവാൻഡ്രം ഡിവിഷണൽ ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്.
അതിനിടെ, ബൈക്കിൽ കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടുവെന്ന് സംശയം പ്രകടിപ്പിച്ച യുവാവിനെ സ്റ്റേഷനിൽ എത്തിച്ചു. രാത്രി 12.30ന് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് പുരുഷന്മാർ ഒരു സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിന്റെ മൊഴിയെടുക്കുന്നത്. അതിനിടെ, കുട്ടിയെ വാഹനത്തിൽ കൊണ്ടുപോകുന്നത് കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചയ്ക്കലിലുള്ള കുടുംബം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. സ്റ്റേഷനിലെത്തിയ കുടുംബം ഇക്കാര്യം പൊലീസിനെ അറിയിച്ചു. കുടുംബം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. അതേസമയം, തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ട് വയസുകാരിയെ കാണാതായിട്ട് 12 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസും നാട്ടുകാരും.
ഹൈദരാബാദ് സ്വദേശികളായ അമർദീപ് -റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ഉയർന്നിരിക്കുന്നത്. നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാൽ പിന്നീട് അമ്മയുംട കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരൻ, ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു.
സംഭവത്തിൽ യാതൊരു വിധത്തിലുള്ള ആശ്വാസവാർത്തയും ഇതുവരെ എത്തിയിട്ടില്ല. സഹോദരങ്ങൾ പറയുന്ന മൊഴിയിൽ വൈരുദ്ധ്യവും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. കൂടാതെ, തട്ടിക്കൊണ്ടു പോകൽ ഉറപ്പിക്കാത്ത നിലപാടിലാണ് പൊലീസും ഉളളത്. രാവിലെയാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും യാതൊരു വിധത്തിലുളള തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഇവർക്കൊപ്പം താമസിക്കുന്ന മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൊഴികളിലെ ആശയക്കുഴപ്പമാണ് പൊലീസിനെ വെട്ടിലാക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
by liji HP News | Feb 19, 2024 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കരുത്തരെ നേരിടാനാണ് ഇഷ്ടമെന്ന് കെ മുരളീധരന്‍ എംപി. കെകെ ശൈലജ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ്. ശക്തമായ മത്സരത്തിലൂടെ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.
‘എനിക്ക് എപ്പോഴും കരുത്തരെ നേരിടാനാണ് ഇഷ്ടം. ശൈലജ ടീച്ചറാണ് വരുന്നതെങ്കില്‍ നല്ല കരുത്തുള്ള സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയെ സിപിഎം തീരുമാനിച്ചോട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാന്‍ ഇതുവരെ ജയിച്ചു വന്നിട്ടുള്ളത്. അങ്ങനെ നല്ല രീതിയില്‍ മത്സരം നടന്ന് വീണ്ടും ജയിച്ചു വരാന്‍ കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും’ കെ മുരളീധരന്‍ വ്യക്തമാക്കി.
Recent Comments