‘പൊലീസ് നായ പോയത് സ്കൂട്ടര്‍ പോയെന്ന് സഹോദരൻ പറഞ്ഞതിന്‍റെ എതിര്‍ദിശയിലൂടെ’: മേരിയുടെ സഹോദരന്റെ മൊഴിയിൽ വൈരുധ്യമെന്ന് സിഎച്ച് നാഗരാജു

‘പൊലീസ് നായ പോയത് സ്കൂട്ടര്‍ പോയെന്ന് സഹോദരൻ പറഞ്ഞതിന്‍റെ എതിര്‍ദിശയിലൂടെ’: മേരിയുടെ സഹോദരന്റെ മൊഴിയിൽ വൈരുധ്യമെന്ന് സിഎച്ച് നാഗരാജു

തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ പത്താംമണിക്കൂറിലേക്ക്. മേരിയുടെ സഹോദരന്റെ മൊഴിയിലും വൈരുധ്യമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. സ്കൂട്ടറിലെത്തിയവർ ചോക്ലേറ്റ് നൽകി കുട്ടിയെ കൊണ്ടുപോയെന്നായിരുന്നു ആദ്യമൊഴി. പിന്നീട് തട്ടിക്കൊണ്ടുപോയെന്ന് കുട്ടികൾ തിരുത്തിയതായി പൊലീസ് അറിയിച്ചു.

കേസില്‍ എല്ലാവശവും പരിശോധിക്കുന്നുവെന്ന് കമ്മിഷണര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് സമയമെടുക്കുമെന്നും പ്രാഥമികവിവരങ്ങള്‍ പ്രകാരം പലവശങ്ങള്‍ പരിശോധിക്കുന്നുവെന്നും കമ്മിഷണര്‍ അറിയിച്ചു. കുട്ടിയുടെ സഹോദരന്‍ പറഞ്ഞ പ്രകാരം സ്കൂട്ടറില്‍തന്നെയാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും കൃത്യമായ ലീഡ് ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ കുടുംബത്തിന് ഒപ്പം താമസിച്ചിരുന്നവര്‍, ലോറി ഡ്രൈവര്‍മാര്‍ എന്നിവരുടെ മൊഴിയെടുക്കുകയാണ്. സ്കൂട്ടറിലാണ് കുട്ടിയെ കൊണ്ടുപോയതെന്ന് മേരിയുടെ മൂത്തസഹോദരന്‍ പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോള്‍ ഇളയസഹോദരന്‍ പറഞ്ഞ അറിവെന്ന് തിരുത്തി.

പൊലീസ് നായ കുട്ടിയെ കാണാതായതിന്റെ 400 മീറ്റര്‍ അകലെ വരെ പോയിരുന്നു എന്നാല്‍ സഹോദരന്‍റെ മൊഴിയില്‍ പറയുന്ന വഴിയിലൂടെയല്ല പൊലീസ് നായ പോയത്. നായ പോയത് സ്കൂട്ടര്‍ പോയെന്ന് കുട്ടി പറഞ്ഞതിന്‍റെ എതിര്‍ദിശയിലൂടെയായിരുന്നു. കുട്ടിക്കായി സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തും ചതുപ്പിലും പരിശോധനയുണ്ട്. അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സമീപത്ത് രാത്രി ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നത്.

ശ്രീ മുള്ളിയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിരുഉത്സവത്തിനു തുടക്കമായി

ശ്രീ മുള്ളിയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിരുഉത്സവത്തിനു തുടക്കമായി

ആറ്റിങ്ങൽ: ശ്രീ മുള്ളിയൻകാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിരുഉത്സവത്തിനു തുടക്കമായി. ഫെബ്രുവരി 18 മുതൽ 24 വരെയാണ് ഉത്സവം നടക്കുന്നത്. ഫെബ്രുവരി 18നു തൃക്കൊടിയേറി. ഫെബ്രുവരി 20, 21 നു മുള്ളിയൻ കാവ് സദ്യ, 24 ന് രാവിലെ 8.30 നു പൊങ്കാലയും നടക്കും.

തിരുഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം ഓട്ടൻ തുള്ളൽ, നൃത്തനൃത്ത്യങ്ങൾ..
മൂന്നാം ദിവസം നാളെ ചാക്യാർകൂത്ത്, നാടകം, നാലാം ദിവസം രാത്രി മേജർ സെറ്റ് കഥകളിയും അരങ്ങേറും.
അഞ്ചാം ദിവസം രാത്രി നാടകം മുഖാമുഖം, ആറാം ദിവസം രാത്രി ഗാനമേള, രാത്രി 12 നു ഉരുൾ ആരംഭം,
അവസാനദിവസം രാവിലെ 6 നു ഉരുൾ സന്ധിപ്പ്, രാവിലെ 8.30 നു പൊങ്കാല, രാത്രി 7 നു കുത്തിയോട്ടവും താലപ്പൊലിയും വിളക്കും, രാത്രി 10 നു കരോക്കെ ഗാനമേള, 12 നു തൃക്കൊടിയിറക്ക്, വെളുപ്പിന് രാവിലെ 1 മണിയ്ക്ക് ഗുരുസിയോട് കൂടി ഉത്സവം സമാപിയ്ക്കും.

ആറ്റിങ്ങൽ സബ്ജില്ലാ തല എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ നടന്നു

ആറ്റിങ്ങൽ സബ്ജില്ലാ തല എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ നടന്നു

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ലാ തല എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലും ഗേൾസ് ഹയർസെക്കന്ററി സ്കൂളിലുമായി നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു.

സബ്ജില്ലാ പ്രസിഡന്റ് എസ് ദിലിത്ത് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ വിശദീകരണം നടത്തി. കെ.എസ്.ടി.എ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എച്ച് അരുൺ, എം ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മഹേഷ്, റ്റി.പി രഞ്ജുഷ എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി എസ് നിഹാസ് സ്വാഗതവും സബ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സിനു നന്ദിയും പറഞ്ഞു.

കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്ന് കമ്മീഷണര്‍; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്ന് കമ്മീഷണര്‍; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ട ഓള്‍ സെയിന്റ്‌സ് കോളജിന് സമീപത്തു നിന്നും കാണാതായ രണ്ടു വയസ്സുള്ള കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കുട്ടിയെ കാണാതായതിന് സമീപത്തുള്ള പൊന്തക്കാടുകളും ചതുപ്പുകളുമെല്ലാം പൊലീസ് അരിച്ചുപെറുക്കി. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രാത്രി 12 നും ഒരു മണിക്കും ഇടയിലാണ് കുട്ടിയെ കാണാതായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി എന്നാണ് കാണാതായ കുട്ടിയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഏറ്റെടുത്തു. കുട്ടിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കുട്ടിയെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. നാടോടികളായ ബിഹാര്‍ സ്വദേശികളുടെ കുട്ടിയെയാണ് കാണാതായത്.

ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്. ജില്ലാ അതിര്‍ത്തികളില്‍ അടക്കം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടായിരുന്ന നാടോടി സംഘത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

കുട്ടിയെ കണ്ടെത്താനായി അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷിക്കുന്നത്. കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ സ്ഥലം എംഎല്‍എയായ ആന്റണി രാജുവിന്റെ കാലില്‍ കെട്ടിപ്പിടിച്ച് കുട്ടിയുടെ മുത്തശ്ശി കരഞ്ഞു. എങ്ങനെയെങ്കിലും കുട്ടിയെ കണ്ടെത്തണമെന്നാണ് മുത്തശ്ശി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം ബന്ധപ്പെട്ടിരുന്നതായും, വ്യക്തമായ സൂചനകള്‍ ഒന്നുമില്ലാത്തതിനാല്‍ എല്ലാ സാധ്യതകളും പരിശോധിച്ചു വരുന്നതായി ആന്റണി രാജു പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ പൊലീസിന് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എല്ലാം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് എഡിജിപി മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയാല്‍ വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 0471-2743195 എന്ന നമ്പറിലേക്കോ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കോ വിളിച്ച് അറിയിക്കാം. 94979 47107, 94979 60113, 94979 80015, 94979 96988 എന്നി നമ്പറുകളില്‍ വിളിച്ച് വിവരം അറിയിക്കാമെന്നും പൊലീസ് വ്യക്തമാക്കി.

ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു, പ്രതി പിടിയില്‍

ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു, പ്രതി പിടിയില്‍

തിരുവനന്തപുരം: കോവളം വാഴമുട്ടം തുപ്പനത്ത്കാവ് രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാളെ തിരുവല്ലം പൊലീസ് പിടികൂടി. മണക്കാട് കമലേശ്വരം സ്വദേശിയായ ഉണ്ണി എന്ന് വിളിക്കുന്ന അഭിഷേകാണ് (24) പിടിയിലായത്.

ഇന്നലെ രാവിലെ 10.30 ഓടെയാണ് അഭിഷേക് ക്ഷേത്രത്തിന്റെ മുന്നിലെ പ്രധാന കാണിയ്ക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. തുടര്‍ന്ന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച പ്രദേശവാസിയായ വയോധികനെ പ്രതി ആക്രമിച്ചു.
സമീപവാസിയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് എത്തിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?, സേവനം തുടര്‍ന്നും ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ?, സേവനം തുടര്‍ന്നും ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: ദൈനംദിന ജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു. ഔദ്യോഗികമായ ഏതൊരു ആവശ്യത്തിനും ആധാര്‍ ചോദിക്കുന്നത് പതിവാണ്. കാര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍ ആനുകൂല്യങ്ങളും അടിയന്തര സേവനങ്ങളും തുടര്‍ന്നും ലഭിക്കുന്നതിന് ഡ്യുപ്ലിക്കേറ്റ് കാര്‍ഡ് എടുക്കേണ്ടത് അനിവാര്യമാണ്.

കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം താഴെ:

ആദ്യം യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറുക

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിരുന്നാല്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ

ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കുക

ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പിഡിഎഫ് ആയി ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം

പ്രിന്റ് ഔട്ട് എടുത്ത് ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാം

ആധാര്‍ പിവിസി കാര്‍ഡ്:

പിവിസി ഉപയോഗിച്ചുള്ള ഫിസിക്കല്‍ കാര്‍ഡിനായി 50 രൂപയാണ് ചെലവ് വരിക

അപേക്ഷിച്ച് ഏഴു ദിവസത്തിനകം കാര്‍ഡ് ലഭിക്കും

യുഐഡിഎഐ വെബ്‌സൈറ്റ് വഴിയോ എം ആധാര്‍ ആപ്പ് വഴിയോ ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്

ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി നല്‍കിയാണ് ആധാര്‍ പിവിസി കാര്‍ഡിന് അപേക്ഷിക്കേണ്ടത്