വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന സി എച്ച് എം എംകോളേജ് വിദ്യാർഥി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന സി എച്ച് എം എംകോളേജ് വിദ്യാർഥി മരിച്ചു

ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. സി എച്ച് എം എം കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും കാട്ടുപുതുശ്ശേരി വെള്ളചാലിൽ
ഷെരീഫ് – നസീല ദമ്പതികളുടെ മകൻ ബിലാൽ (19) മരണപെട്ടത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11:40 നായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന തടി കയറ്റി വന്ന ലോറി കടുവയിൽ തോട്ടകാട് പാലത്തിന് സമീപം ബിലാൽ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ടു. തലക്ക് ഗുരുതരമായി പരിക്കേറ്റ ബിലാൽ കിംസ് ആശുപത്രിയിൽ ചികിത്സയിൽ വരുകയായിരുന്നു. ന്യുമോണിയ തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മസ്തിഷ്ക മരണവും വൈകിട്ട് 4:50ഓടെ മരണവും സംഭവിച്ചു.

വർക്കലയിൽ  വീട്ടിനുള്ളിൽ നിന്നും അഞ്ചുദിവസം പഴക്കമുള്ള മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

വർക്കലയിൽ വീട്ടിനുള്ളിൽ നിന്നും അഞ്ചുദിവസം പഴക്കമുള്ള മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

വർക്കല: വർക്കല പഴയ ചന്തയ്ക്ക് സമീപം വീട്ടിനുള്ളിൽ നിന്നും അഞ്ചുദിവസം പഴക്കമുള്ള മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വർക്കല സ്വദേശി അനിൽകുമാർ (52) ആണ് മരണപ്പെട്ട നിലയിൽ കണ്ടത് . ഇയാൾ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പരിസരവാസികൾ ദുർഗന്ധം കാരണം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

അഞ്ചുതെങ്ങിൽ ഡെങ്കിപ്പനി പടരുന്നു: സ്ഥിതി അതീവ ഗുരുതരം

അഞ്ചുതെങ്ങിൽ ഡെങ്കിപ്പനി പടരുന്നു: സ്ഥിതി അതീവ ഗുരുതരം

തീരദേശ ഗ്രാമ പഞ്ചായത്തായ അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഇതിനോടകം ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

കഴിഞ്ഞ 2023 ഡിസംബർ – ജനുവരി മാസത്തിലാണ് തീരമേഖലയിൽ നിന്ന് അഞ്ചുതെങ്ങ് സി.എച്ച്.സി യിൽ ഡെങ്കി സ്ഥിരീകരിച്ചത്. വലിയതുറയിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ പോയി മടങ്ങിയെത്തിയ യുവാവിലാണ് ആദ്യമായി ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണമില്ല, ആഗസ്റ്റിൽ ഏഴാം വാർഡിലാണ് ആദ്യമായി ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്നും പറയപ്പെടുന്നു. രോഗം കണ്ടെത്തിയ മുതൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ടവർ കാട്ടിയ അനാസ്ഥയാണ് നിലവിൽ സ്ഥിതി വഷളാകാൻ കാരണമെന്നാണ് സൂചന. സമീപത്തെ സ്വകാര്യ ആശുപത്രികളിലും ദിനം പ്രതി എത്തുന്ന രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

ആദ്യഘട്ടത്തിൽ 7,6,10,12,13 തുടങ്ങിയ വാർഡുകളിൽ നിന്ന് കേസുകൾ റിപ്പോർട്ട്‌ ചെയ്ത് തുടങ്ങുകയും തുടർന്നുള്ള ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഡെങ്കി കേസുകൾ റിപ്പോർട്ട്‌ ചെയ്യുകയുമായിരുന്നു. നിലവിൽ എത്ര പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന കണക്കുകൾ പോലും ലഭ്യമല്ല. വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ മേഖലകളിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പോകുന്ന രോഗികളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ സി.എച്ച്.സി. യ്ക്ക് ലഭ്യമാകാത്തത് മേഖലയിലെ രോഗബാധിതരുടെ കൃത്യമായ കണക്ക് ശേഖരിക്കുന്നതിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് സൂചന.

നിലവിൽ, അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരേയും ആശാവർക്കർമാരെ പ്രയോജനപ്പെടുത്തിയിട്ടുള്ള വെക്ടർ സ്റ്റഡി (ഉറവിട നശീകരണം) പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ സാധാരണയായി നടന്നുവരാറുള്ള മാസ് വർക്ക്കൾ (കൂട്ടായ ഉറവിട നശികരണ ബോധവത്കരണ പ്രവർത്തനം) ആരംഭിക്കുവാൻ കഴിയാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

2017-18 കാലയളവിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്ന് പിടിച്ചിരുന്നു. അന്ന് മരണം പോലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിനേക്കാൾ വളരെ വേഗത്തിൽ രോഗം പടരുന്നതായാണ് റിപ്പോർട്ട്‌കൾ.

എൻ.കെ പ്രേമചന്ദ്രൻ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി

എൻ.കെ പ്രേമചന്ദ്രൻ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി

എൻ.കെ പ്രേമചന്ദ്രൻ വീണ്ടും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാവും. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

2014ൽ പ്രേമചന്ദ്രനെതിരെ ഒരു പദപ്രയോഗമാണ് നടത്തിയതെങ്കിൽ 2019 ൽ മറ്റൊരു തന്ത്രമായിരുന്നു. ഇപ്പോൾ ഒന്നും പറയാനില്ലാത്തതിനാൽ പഴയ തന്ത്രം പൊടിതട്ടി എടുക്കുകയാണ്. എൻ.കെ പ്രേമചന്ദ്രനെതിരെ പല അപവാദങ്ങളും പ്രചരിപ്പിച്ചു. രാജ്യത്ത് വിലക്കയറ്റവും മറ്റു പ്രാരാബ്ദങ്ങളും വർധിച്ച സാഹചര്യമാണുള്ളത്.

കേരളത്തിൽ ധാർമികതയുടെ അംശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വരുന്നത് ആരോപണങ്ങൾ അല്ല. രേഖകളാണ്. അതെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള വിധിയെഴുത്തായിരിക്കും പാർലമെൻ്റിൽ ഉണ്ടാവുക. രാജ്യത്തിന് തന്നെ മാതൃകയായാണ് പ്രേമചന്ദ്രൻ പാർലമെൻ്റിൽ പ്രവർത്തിച്ചതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട വർഷയ്ക്കു കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ട വർഷയ്ക്കു കോൺഗ്രസ് കമ്മിറ്റിയുടെ ആദരവ്

വർക്കല: ഇക്കഴിഞ്ഞ വർക്കല എസ് എൻ കോളേജിലെ ഇലക്ഷനിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട വർഷ എം എസ് നായർക്കും, ഇലക്ഷന് നേതൃത്വം നൽകിയ വിശാഖ് എം എസ് നായർക്കും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരവ് നൽകി. മാമം ചൈതന്യ ജംഗ്ഷന് സമീപം ശ്രീ നിലയത്തിൽ ശ്രീകണ്ഠൻ- മിനി ദമ്പതികളുടെ മക്കളാണ് ഇവർ. ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഭയൻ, കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകണ്ഠൻ, 72 നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനൻ പാലാഴി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്, പൊതുപ്രവർത്തകർ എന്നവർ പങ്കെടുത്തു.

കല്ലമ്പലം ദേശീയ പാതയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞു യുവതിയ്ക്ക് ദാരുണാന്ത്യം

കല്ലമ്പലം ദേശീയ പാതയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞു യുവതിയ്ക്ക് ദാരുണാന്ത്യം

കല്ലമ്പലം ദേശീയ പാതയിൽ റോഡ് നിർമ്മാണത്തിൽ സുരക്ഷാ പാളിച്ച. ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞു. യുവതി മരിച്ചു. ലക്ഷ്മി (28) ആണ് മരിച്ചത്.
9ഉം 1ഉം വയസായ മക്കളും ഭർത്താവും പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാത്രി 12 മണിയോടെ കല്ലമ്പലം ആഴാം കോണം ജംഗ്ഷന് സമീപം ആയിരുന്നു അപകടം. കിഴൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ലക്ഷ്മിയുടെ ഭർത്താവ് അഞ്ചുലാൽ ഒരാഴ്ച മുൻപാണ് അബുദാബിയിൽ നിന്നും ലീവിൽ നാട്ടിലെത്തിയത്. ആഴാംകോണം മുല്ല മംഗലം വൈഗാ ലാൻഡിൽ താമസിക്കുന്ന കുടുംബം ആണ് അപകടത്തിൽ പെട്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശൂപത്രിയിൽ.