പൂജപ്പുരയിൽ ‘ചെകുത്താൻ കാറ്റ്’; പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു

പൂജപ്പുരയിൽ ‘ചെകുത്താൻ കാറ്റ്’; പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഉയർന്നുപൊങ്ങിയത്.

ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി.

ചിലർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പൊടി കൂടുതലുള്ള മൈതാനം പോലുള്ള ഇടങ്ങളിൽ ഇത് വ്യക്തമായി കാണാനാകും. മറ്റിടങ്ങളിലും ഇങ്ങനെ സംഭവിക്കും. ഇതിന് 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ ഉയരം ഉണ്ടാവാം. ഇത്തരം ചെറുചുഴലികൾ അപകടകാരികളല്ലെങ്കിലും ഇതിനിടയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.

വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരിച്ചത്. മൃതദ്ദേഹത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. തോടിന്റെ കരയിൽ തന്നെയാണ് വീട്. വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്നു. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സമീപത്ത് ബല പ്രയോഗത്തിന്റെ ചില ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നു. പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡ് ഉടനെത്തും.

എം.പിമാരെ ഞെട്ടിച്ച് മോദി വക ഉച്ചഭക്ഷണ ‘ശിക്ഷ’

എം.പിമാരെ ഞെട്ടിച്ച് മോദി വക ഉച്ചഭക്ഷണ ‘ശിക്ഷ’

തന്റെ വസതിയിൽ ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെ മെഹ്‌തയുടെ ഫോൺ വരുന്നത്. ഡൽഹിയിലുണ്ടോ, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തണം. കാര്യമെന്തറിയാതെ പ്രേമചന്ദ്രൻ ഉടൻ തിരിച്ചു.

പുതിയ പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ കേന്ദ്രമന്ത്രി എൽ.മുരുകനും,വിവിധ പാർട്ടികളിലെ മറ്റ് ആറ് എംപിമാരുമുണ്ട്. അൽപ്പ സമയം കഴിഞ്ഞ് പ്രധാനമന്ത്രി കാബിനിൽ നിന്ന് പുറത്തു വന്ന് പറഞ്ഞു: ‘ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്’. തുടർന്ന് മോദി അവർക്കൊപ്പം ലിഫ്റ്റിൽ കയറി ഒന്നാം നിലയിലെ എം.പിമാരുടെ കാന്റീനിലേക്ക്. അവിടെ ഒരു മേശ പ്രത്യേകം മാറ്റിയിട്ടിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് എംപിമാരും അദ്‌ഭുതത്തോടെ നോക്കി.

‘ഞാൻ ആദ്യമായാണ് ഈ കാന്റീനിൽ വരുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി.’, അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി സാധാരണ മട്ടിലായിരുന്നു മോദിയുടെ ഇടപെടലുകൾ. അദ്ദേഹം തന്റെ ഭക്ഷണ ശീലവും ദിനചര്യവും വിവരിച്ചു. രാവിലെയും ഉച്ചയ്‌ക്കും ലളിത ഭക്ഷണം. സൂര്യാസ്‌തമയം കഴിഞ്ഞ് ഭക്ഷണം കഴിക്കില്ല. മൂന്നര മണിക്കൂറിൽ കൂടുതൽ ഉറങ്ങില്ല.

രാവിലെ കൃത്യമായി യോഗ. വിമാനത്തിലായാലും ഒഴിവാക്കില്ല.2015ൽ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതും നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം അവിടത്തെ പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചതും ,ഭൂകമ്പം തകർത്ത കച്ച് തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായി മാറിയതും, അഫ്ഗാനിസ്ഥാൻ യാത്രയുമെല്ലാം അദ്ദേഹം ഓർത്തു. പ്രധാനമന്ത്രി 45 മിനിറ്റോളം എം പിമാർക്കൊപ്പം ചെലവഴിച്ചുസാധാരണക്കാരനെപ്പോലെയാണ് പ്രധാനമന്ത്രി പെരുമാറിയതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. വിവിധ പാർട്ടികളിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിന്നുള്ള പാർലമെന്റിലെ സഹപ്രവർത്തകർക്കൊപ്പം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചെന്ന് മോദി പിന്നീട് എക്സിൽ കുറിച്ചു.

പ്രതിമാസം 1000 രൂപകൂടി; ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

പ്രതിമാസം 1000 രൂപകൂടി; ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ ആയിരുന്നു.

അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 6,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും 1,000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചത്. 14 ജില്ലകളിലായി നിലവില്‍ 21,371 പേര്‍ ഗ്രാമ പ്രദേശങ്ങളിലും 4,205 പേര്‍ നഗര പ്രദേശങ്ങളിലും 549 പേര്‍ ട്രൈബല്‍ മേഖലയിലുമായി ആകെ 26,125 ആശാ വര്‍ക്കര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ഇവര്‍ക്കെല്ലാം ഈ വര്‍ധനവിന്റെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ മാസം തോറും നല്‍കുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളില്‍ നിന്നുള്ള ഇന്‍സെന്റീവുകളും ലഭിക്കും. ഈ 7,000 രൂപ കൂടാതെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും 2,000 രൂപ വീതം സ്ഥിരമായി പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. ഇതുകൂടാതെ ഓരോ ആശാപ്രവര്‍ത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1,500 രൂപ മുതല്‍ 3,000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും.

2022 ഏപ്രില്‍ മുതല്‍ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കി വരുന്നുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റുവെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്കാണ് തുക നല്‍കി വരുന്നത്.

സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നോർക്കയിൽ അപേക്ഷിക്കാം

സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നോർക്കയിൽ അപേക്ഷിക്കാം

തിരുവനന്തുപുരം: പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരളബാങ്കും സംയുക്തമായി ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് വായ്പ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിഴക്കേക്കോട്ടയില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

പാസ്പോര്‍ട്ടിന്റെ കോപ്പിയും,രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ,ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. സംശയങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

കേരള സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി ആറ്റിങ്ങൽ സ്വദേശി

കേരള സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി ആറ്റിങ്ങൽ സ്വദേശി

കേരള സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി നഗരൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജ് വിദ്യാർത്ഥിനി കാർത്തിക ആർ നായർ. ആറ്റിങ്ങൽ വലിയ കുന്നു രത്‌നാ ഭവനിൽ രഞ്ജിത് കുമാറിന്റെയും വിദ്യയുടെയും മകളാണ്. കൈലാസ് ആർ നായർ സഹോദരനാണ്.