by Midhun HP News | Feb 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൊല്ലമ്പുഴ ഭാഗത്തു വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീർ (35) ൻ്റെ മൃതദേഹം ആറ്റിങ്ങൽ ഫയർഫോഴ്സ് കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന സതീഷ് എന്ന യുവാവിന് വേണ്ടി തിരച്ചിൽ നടത്തുന്നു. സതീഷിന്റെ വാച്ചും വസ്ത്രങ്ങളും കരയിലുണ്ട്. സമീർ കാൽ വഴുതി വെള്ളത്തിൽ വീണതാകാം എന്ന് സംശയിക്കുന്നു.
by Midhun HP News | Feb 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാതാപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്.
വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചത് അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ശരീരത്തിൽ സൂര്യതാപത്താൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
by Midhun HP News | Feb 10, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതായി പരാതി. ഇന്ന് വൈകിട്ട് 6 മണിയോടെ യാണ് സംഭവം. ചെറുവള്ളിമുക്ക് പറയത്ത് കോണം സ്വദേശി ബിജു കച്ചേരി നടയിൽ ഓട്ടോയിൽ ചാരി നിന്നു സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ബിജുവിൻ്റെ ഫോൺ തട്ടിയെടുത്ത ശേഷം കടന്നു കളയുകയായിരുന്നു. നമ്പർ മറച്ച സ്കൂട്ടിയിൽ ടീ ഷർട്ട് ധരിച്ച യുവാക്കളാണ് പിടിച്ച് പറിച്ചതെന്ന് ബിജുവിൻ്റെ സഹപ്രവർത്തകർ പറഞ്ഞു വൺവേയായതിനാൽ ഇവരെ പിന്തുടരാൻ ബിജുവിനും കൂട്ടർക്കും കഴിഞ്ഞില്ല സി സി ടി വി ദൃശ്യം പരിശോധിച്ച് ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു
by Midhun HP News | Feb 10, 2024 | Latest News, ജില്ലാ വാർത്ത
മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് ഇന്നലെ തൃക്കൊടിയേറ്റി. രാവിലെ, വാദ്യമേളങ്ങളുടെയും ഭക്തജനങ്ങളുടെ വായ്കുരവയുടെയും അകമ്പടിയോടെ ക്ഷേത്രം തന്ത്രി കീയ്പേരൂർ മരങ്ങാട്ട് ഇല്ലത്തിൽ എസ്.ശങ്കരൻ നമ്പൂതിരിപ്പാട് ആണ് തൃക്കൊടി ഉയർത്തിയത്.
തൃക്കൊടിയേറ്റ് ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. രണ്ടാം ഉത്സവ ദിവസവും 27 -) മത് പ്രതിഷ്ട വാർഷിക ദിനംകൂടിയയായ ഇന്ന് (ശനി) രാവിലെ 4 .30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. രാവിലെ 5.30 ന് ഹരിനാമ കീർത്തനം, 11 ന് മഞ്ഞക്കാപ്പ് അഭിഷേകം., ഉച്ചക്ക് 12 ന് പിറന്നാൾ സദ്യ. വൈകുന്നേരം 6ന് സിനിമാറ്റിക് ഡാൻസ്, തിരുവാതിര, 6.30ന് വിൽപ്പാട്ട്, രാത്രി 8ന് താലപ്പൊലിയും വിളക്കും. 9.30ന് നാടകവും അരങ്ങേറും.
by Midhun HP News | Feb 10, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിലെ പൊങ്കാല 2024 ഫെബ്രുവരി 14
(1199 കുംഭം 1) ബുധനാഴ്ച നടക്കും. ക്ഷേത്രം മേൽശാന്തി വെഞ്ഞാറമൂട് പാലൂർ മഠത്തിൽ ശ്രീ കെ മാധവൻ പോറ്റി 9.30 ന് പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടു കൂടി ശുഭാരംഭം കുറിക്കുകയും, ഉച്ചയ്ക്ക് 11.15 നും 12 മണിക്കുമുള്ള ശുഭ മുഹൂർത്തിൽ പരിയവസാനിക്കുകയും ചെയ്യും. ഇത്തവണ ക്ഷേത്ര കോമ്പൗണ്ടിനകത്ത് മാത്രമേ അടുപ്പ് കൂട്ടുവാൻ അനുവദിക്കുകയുള്ളൂ. കോമ്പൗണ്ടിനകത്തുള്ള അടുപ്പുകൾ പൂർണ്ണമായും ഭക്തജനങ്ങൾ ഏറ്റെടുത്ത ശേഷമായിരിക്കും പുറത്തേക്ക് അടുപ്പു് കൂട്ടുവാൻ അനുവദിക്കുക. റോഡുകളിൽ പൊങ്കാല ഇടുന്നവർക്ക് ദേവസ്വം ബോർഡിന്റെയും ഉപദേശക സമിതിയുടെയും ഭാഗത്ത് നിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നതല്ലന്ന് അറിയിപ്പിൽ പറയുന്നു.
പൊങ്കാലക്ക് അടുപ്പു കൂട്ടുന്നതിന് ഭക്തരുടെ സഹകരണത്തോടെ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് സന്നദ്ധ സേവന സംഘടനകൾക്കും അനുവാദം നൽകിയിട്ടുണ്ട്. സേവാഭാരതി അടക്കമുള്ള ആംബുലൻസ് സർവ്വീസുകൾ, താലൂക്ക് ആശുപത്രിയുടെ ആരോഗ്യ രക്ഷാ സേവനങ്ങൾ, അഗ്നിശമന സേന, പോലീസ്, ജല അതോറിട്ടി, ചിറയിൻകീഴ് പഞ്ചായത്തിലെ തന്നെ വിവിധ വിഭാഗങ്ങൾ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടു.
ശുചിത്വ മിഷൻ്റെ ഗ്രീൻ പ്രോട്ടോ കോൾ പ്രകാരം പ്ലാസ്റ്റിക്ക് കവറുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന അഭ്യർത്ഥനയും അറിയിപ്പിലുണ്ട്. സൗജന്യ യാത്രക്ക് ആട്ടോ റിക്ഷാ യൂണിയനും, ടെമ്പോ സർവ്വീസും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വാഹന പാർക്കിംഗ് കടകത്ത് മുസലിയാർ എഞ്ചിനിയറിംഗ് കോളേജ് ഗ്രൗണ്ടിലും, പണ്ടകശാലയിലുമായി നിയന്ത്രിക്കും. അന്നദാനം, കുടിവെള്ളം എന്നിവ നൽകുവാൻ സന്നദ്ധ സംഘടനകൾ ആരോഗ്യ വകുപ്പിന്റെ ഫിറ്റ്‌നസ് വാങ്ങി ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരം വാങ്ങിയിരിക്കണമെന്ന് നിഷ്ക്കഷിക്കുന്നു.
by Midhun HP News | Feb 10, 2024 | Latest News, ജില്ലാ വാർത്ത
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ മുതലപ്പൊഴി ഫിഷിംങ് ഹാർബറിന് കേന്ദ്ര സഹായത്തിനായി കേരളം പുതിയ പ്രൊപോസൽ സമർപ്പിക്കേണ്ടതുണ്ടെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ നൽകിയ മറുപടിയിൽ അറിയിച്ചു. ഹാർബർ നവീകരണത്തിന് കേന്ദ്രസഹായം തേടി കേരളം സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊപ്പോസൽ അപര്യാപ്തതകൾ വ്യക്തമാക്കി കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ മടക്കി നൽകിയിരുന്നു.
ഹാർബറിലെ സുരക്ഷിതത്വ പ്രശ്നങ്ങൾ സംബന്ധിച്ച് പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (CWPRS) നടത്തിയ പഠനത്തിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ പ്രൊപോസൽ സമർപ്പിക്കാനായിരുന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ CWPRS സമർപ്പിച്ചത് കരട് റിപ്പോർട്ടായിരുന്നു എന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കരടു റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളും മറ്റു ബന്ധപ്പെട്ടവരുമായി കഴിഞ്ഞ ഡിസംബറിൽ ചർച്ച നടത്തിയിരുന്നുവെന്നും ഇതിലെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചേ CWPRS അന്തിമ റിപ്പോർട്ട് നൽകൂവെന്നും വ്യക്തമാക്കുന്നു.
മുതലപ്പൊഴിയിൽ ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം ലഭിക്കേണ്ട കേന്ദ്ര സഹായം പോലും വൈകുന്ന അവസ്ഥയാണ്. വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നത്തിൽ ആത്മാർത്ഥതയില്ലെന്ന് അടൂർ പ്രകാശ് എം.പി കുറ്റപ്പെടുത്തി
Recent Comments