by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: മിമിക്രി കലാകാരനും നടനുമായ രഘു കളമശേരി അന്തരിച്ചു. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു. പി എസ് രഘു എന്നാണ് മുഴുവൻ പേര്.
ഏഷ്യാനെറ്റിലെ സിനിമാല എന്ന ഷോയിലൂടെ ഉമ്മൻ ചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്തനായത്. ഇതിന് പുറമെ പല വേദികളിലും അദ്ദേഹം ഉമ്മൻ ചാണ്ടിയായി വേഷമിട്ടിരുന്നു. സ്റ്റേജ് ഷോകളിലടക്കം സജീവമായിരുന്നു. സിനിമാ- ടെലിവിഷൻ രംഗത്തെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രഘുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്.



by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ നേതാജി മുക്ക് – കണ്ണങ്കര – തേവയിൽ – പേരയിൽ ഉന്നതി റോഡ് നവീകരണത്തിന് 1.50 ലക്ഷം (ഒന്നര കോടി) രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഒ.എസ്. അംബിക എം. എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുക അനുവദിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിർവഹണ ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻ്റർ നടപടികൾ സമയ ബന്ധിതമായി സ്വീകരിച്ച് പ്രവൃത്തി ആരംഭിക്കും എന്ന് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.



by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ‘എവരി ചൈൽഡ് എ സയന്റിസ്റ്റ് ആൻഡ് ആർട്ടിസ്റ്റ്’ (ECASA) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ബയോ എക്സ്പ്ലോർ 2026’ പരിപാടി തിരുവനന്തപുരം മ്യൂസിയം ആൻഡ് മൃഗശാലയിൽ വെച്ച് നടന്നു. കുട്ടികളിൽ ശാസ്ത്രബോധവും കലാബോധവും ഒരുമിച്ച് വളർത്തി ഭാവിയിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകരായി അവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും പ്രശസ്ത ശാസ്ത്രജ്ഞനുമായ പത്മശ്രീ എം. സി. ദത്തൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബോർഡിന്റെ സയന്റിഫിക് ഓഫീസർ ഡോ. വി. ഉണ്ണികൃഷ്ണൻ സ്വാഗതവും സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ നന്ദിയും രേഖപ്പെടുത്തി. ECASA അഡ്വൈസറി കമ്മിറ്റി അംഗം ഡോ. എം. പി. രാധാമണി, തിരുവനന്തപുരം മൃഗശാല സൂപ്രണ്ട് രാജേഷ് വി., പ്രൊഫ. ഷാജി കുമാർ വാമനപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അനുഭവത്തിലൂടെ പഠിക്കാൻ അവസരം ഒരുക്കിയ ബയോ എക്സ്പ്ലോർ 2026, പരമ്പരാഗത ക്ലാസ് മുറി പഠനത്തിന് അതീതമായ ശാസ്ത്രീയ അന്വേഷണ യാത്രയായാണ് രൂപകൽപ്പന ചെയ്തത്. മൃഗശാലയ്ക്കുള്ളിലെ വിവിധ ഇനം മരങ്ങൾ, അവയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന സംരക്ഷിത ജന്തുക്കൾ, അവ തമ്മിലുള്ള പരസ്പര ആശ്രയ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് കുട്ടികളെ നയിച്ചത്. ജൈവവൈവിധ്യത്തിന്റെ സങ്കീർണ്ണതയും പരിസ്ഥിതിയിലെ ഓരോ ജീവിയും വഹിക്കുന്ന പങ്കും നേരിട്ടുള്ള നിരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ പരിപാടി സഹായകമായി.
ECASA പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വാക്ക് വിത്ത് സയന്റിസ്റ്റ്, വാക്ക് വിത്ത് ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 12 ശാസ്ത്ര-കല അധിഷ്ഠിത പഠനപരിപാടികളാണ് വരുന്ന മൂന്നുമാസത്തിനുള്ളിൽ സംഘടിപ്പിക്കുന്നത്. ‘വാക്ക് വിത്ത് സയന്റിസ്റ്റ്’ എന്ന പരിപാടിയുടെ ഭാഗമായാണ് ബയോ എക്സ്പ്ലോർ സംഘടിപ്പിച്ചത്.
കുട്ടികളെ ബാല്യത്തിൽ തന്നെ പ്രകൃതിയോടും ശാസ്ത്രത്തോടും കലാപരമായ സമീപനത്തോടും ബന്ധിപ്പിക്കുക എന്നതാണ് ECASA പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഇതിലൂടെ ഭാവിയിൽ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ അംബാസിഡർമാരായി കുട്ടികളെ മാറ്റുക എന്ന ദീർഘകാല ലക്ഷ്യമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുന്നോട്ടുവയ്ക്കുന്നത്. അനുഭവപഠനത്തിലൂടെ വളരുന്ന ഇത്തരം പരിപാടികൾ, ജൈവവൈവിധ്യ സംരക്ഷണത്തിന് സമൂഹതലത്തിൽ ശക്തമായ അടിത്തറ ഒരുക്കുമെന്ന് ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ പറഞ്ഞു. ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂൾ, വി ജെ എം യുപിഎസ് വള്ളക്കടവ്, ഹാജി സി എച്ച് മെമ്മോറിയൽ ഹൈസ്കൂൾ വള്ളക്കടവ്, കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ, തൈക്കാട് മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടക്കം 50 പേർ പരിപാടിയിൽ പങ്കെടുത്തു.



by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഇടിഞ്ഞാര്‍ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്.
പാലോട് – ഇടിഞ്ഞാര്‍ റോഡില്‍ ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂര്‍ – പാലോട് റൂട്ടില്‍ മുല്ലച്ചല്‍ വളവിലാണ് അപകടം ഉണ്ടായത്. റോഡുവക്കില്‍ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞു സ്‌കൂട്ടര്‍ യാത്രികനായ യുവാവിന്റെ തലയില്‍ വീഴുകയായിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാരുണമായ സംഭവം ഉണ്ടായത്. ബന്ധുവായ ജോയി ഓടിച്ചിരുന്ന ടൂ വീലറില്‍ പിന്‍സീറ്റ് യാത്രക്കാരനായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞു വീണത്. തല പൊട്ടി റോഡില്‍ വീണ ഷൈജുവിനെ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പാലോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.



by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 1,01,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 12,650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെ പവന് 480 രൂപ വര്‍ധിച്ച് വീണ്ടും 1,02,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്നലെ ഉച്ചയോടെ 880 രൂപയാണ് കുറഞ്ഞത്. ഈ ഇടിവ് ഇന്നും തുടരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2680 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ ഉച്ച മുതല്‍ വില കുറയാന്‍ തുടങ്ങിയത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ചാഞ്ചാട്ടം തുടരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.



by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്പെട്ട് അതി തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത. അടുത്ത 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ജനുവരി 9 , 10, 11 തീയതികളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Recent Comments