നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; തന്ത്രിയുടെ അറസ്റ്റില്‍ സഭ പ്രക്ഷുബ്ധമാകും

നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; തന്ത്രിയുടെ അറസ്റ്റില്‍ സഭ പ്രക്ഷുബ്ധമാകും

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ശബരിമല സ്വര്‍ണക്കൊള്ള വിവാദമുയര്‍ത്തി ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. തന്ത്രിയുടെ അറസ്റ്റ് ഉള്‍പ്പടെ മിക്കപ്രതകിള്‍ക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയില്‍ ഉയര്‍ത്തും.

നേറ്റിവിറ്റി ബില്ല് ഇന്ന് സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മാര്‍ച്ച് 26 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരിക്കുന്നത്. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സമ്മേളനം നേരത്തെ ഗില്ലറ്റിന്‍ ചെയ്യാനാണ് സാധ്യത.

ഭരണ- പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ സമരപരിപാടികള്‍ അരങ്ങേറുമെന്നതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമുള്ള പുതുയുഗ യാത്രയില്‍ പങ്കെടുക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയിലെത്തിയേക്കില്ല.

ടോൾ പ്ലാസകളിൽ ഇനി പണമിടപാടില്ല; ഏപ്രിൽ ഒന്ന് മുതൽ ഫാസ്ടാഗും യുപിഐയും മാത്രം

ടോൾ പ്ലാസകളിൽ ഇനി പണമിടപാടില്ല; ഏപ്രിൽ ഒന്ന് മുതൽ ഫാസ്ടാഗും യുപിഐയും മാത്രം

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ നടപ്പിലാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച്ച് എ ഐ.) തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണമായി ഫീസ് സ്വീകരിക്കില്ല. പകരം ഫാസ്‌ടാഗ് (FASTag), യു പി ഐ. (UPI) എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ ഇടപാടുകൾ അനുവദിക്കൂ. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

നിലവിൽ രാജ്യത്തെ ടോൾ ഇടപാടുകളിൽ 98 ശതമാനത്തിലധികം ഫാസ്‌ടാഗ് വഴിയാണ് നടക്കുന്നത്. ആർ എഫ് ഐ ഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫാസ്‌ടാഗിന്റെ വിജയം കണക്കിലെടുത്താണ് പൂർണ്ണമായ ഡിജിറ്റൽ മാറ്റത്തിന് അതോറിറ്റി ഒരുങ്ങുന്നത്. യു പി ഐ കൂടി അധിക പേയ്മെന്റ് ഓപ്ഷനായി എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും ലളിതവുമായ രീതിയിൽ ടോൾ നൽകാൻ സാധിക്കും. നിലവിൽ സാധുവായ ഫാസ്‌ടാഗ് ഇല്ലാതെ ടോൾ പ്ലാസയിൽ പ്രവേശിച്ച് പണമായി ഫീസ് നൽകുന്നവരിൽ നിന്ന് ഇരട്ടി തുകയാണ് ഈടാക്കുന്നത്. യു പി ഐ. വഴി പണമടയ്ക്കുന്നവർക്ക് സാധാരണ നിരക്കിന്റെ 1.25 മടങ്ങ് നൽകേണ്ടി വരും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ ഉയർന്ന തുക ഈടാക്കുന്നത്.

അതേസമയം, ഫാസ്‌ടാഗ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് എൻ എച്ച് എ ഐ. മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പോർട്ടലുകൾക്ക് സമാനമായ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകാർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൊബൈൽ നമ്പറുകളും വാഹന വിവരങ്ങളും പേയ്മെന്റ് രേഖകളും ഇത്തരത്തിൽ തട്ടിയെടുക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വഴിയാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

തിരുവനന്തപുരം സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തി നശിച്ചു,ദൂരൂഹത ?

തിരുവനന്തപുരം സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തി നശിച്ചു,ദൂരൂഹത ?

തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 2.45ന് ആണ് സംഭവം നടന്നത്. മൂന്ന് സ്‌കൂൾബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു.

സംഭവസമയത്ത് സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടു നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുയായിരുന്നു. തുടർന്ന് കഴക്കൂട്ടത്ത് നിന്നും ചാക്കയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിന് പിന്നിൽ ദൂരൂഹതയുണ്ടെന്നാണ് സ്കൂൾ മാനേജ്‍മെന്റ് പറയുന്നത്. സ്കൂൾ ബസുകൾക്ക് ആരോ തീയിട്ടതാണെന്നും ഒരു ടെമ്പോ ട്രാവലർ ഉപയോഗിച്ച് ബസുകളിലേക്ക് ഇടിച്ചു കയറ്റിയ ശേഷമാണ് ബസുകൾക്ക് തീ വെച്ചിരിക്കുന്നതെന്നും സ്കൂൾ മാനേജ്‍മെന്റ് ആരോപിക്കുന്നു.വലിയ ബസുകൾ ഒരുമിച്ചും ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തുമാണ് പാർക്ക് ചെയ്തിരുന്നത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

വീണ്ടും ചികിത്സാപ്പിഴവ്?; തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു; കേസ് എടുത്ത് പൊലീസ്

വീണ്ടും ചികിത്സാപ്പിഴവ്?; തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു; കേസ് എടുത്ത് പൊലീസ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കട മമല്‍ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്നു രക്ഷിതാക്കള്‍ ആരോപിച്ചു.

ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രങ്ങളുടെ അലര്‍ജിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കണ്ണാശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 11ന് വീട്ടില്‍ വച്ചു കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തളര്‍ച്ചയും ശ്വാസതടസ്സവും കൂടിയതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധന്‍ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടറാണു പരിശോധിച്ചത്.

ഓക്‌സിജന്‍ നല്‍കിയശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പുകള്‍ നല്‍കി. ഇതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി, ആരോഗ്യനില വഷളായി. ഉടന്‍ തന്നെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രി കാഷ്വല്‍റ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സിദ്ധിഖിന്റെ മൊഴിയെടുത്തു. ഇരട്ടക്കുട്ടികളിലൊരാളാണ് ഐഷ. കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകളാണു നല്‍കിയതെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; വ്യാഴാഴ്ച വരെ പരക്കെ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; വ്യാഴാഴ്ച വരെ പരക്കെ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും കേരളത്തില്‍ മഴ ലഭിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഇന്നുമുതല്‍( ഞായറാഴ്ച) വ്യാഴാഴ്ച വരെ നേരിയ/ ഇടത്തരം മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായി ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തമിഴ്നാട്ടിലടക്കം റെയ്ഡ്: 8 ഭീകരർ പിടിയിൽ

തമിഴ്നാട്ടിലടക്കം റെയ്ഡ്: 8 ഭീകരർ പിടിയിൽ

ഡൽഹി: രാജ്യതലസ്ഥാനമുള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ട ഭീകരസംഘടനയുമായി ബന്ധമുള്ള എട്ടുപേരെ ഡല്‍ഹി പോലീസ് പിടികൂടി. ആറ് പേരെ തമിഴ്‌നാട്ടില്‍ നിന്നും രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ളവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ലഷ്ക്കർ, ഐഎസ്ഐ ബന്ധമുണ്ടെന്നും ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ തിരുപ്പൂരിൽ തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആറുപേരെയാണ് പിടികൂടിയത്. മിസാനൂര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാല്‍ എന്നിവരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസിന് കൈമാറിയത്. പശ്ചിമ ബംഗാളില്‍ നിന്ന് രണ്ട് പേരെയും പോലീസ് പിടികൂടി.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ‘ഫ്രീ കശ്മീര്‍’ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിദേശത്തു നിന്നുള്ള നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിംകാര്‍ഡുകളും വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥാപനങ്ങളിലും സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും.