മെഡിക്കൽ കോളേജിൽ ആരുമില്ലാത്തവർക്ക് കൈത്താങ്ങായി കിടുത്തട്ടു വിള ഫ്രണ്ട്സ് ഗ്രൂപ്പ്

മെഡിക്കൽ കോളേജിൽ ആരുമില്ലാത്തവർക്ക് കൈത്താങ്ങായി കിടുത്തട്ടു വിള ഫ്രണ്ട്സ് ഗ്രൂപ്പ്

ആറ്റിങ്ങൽ: കട്ടപറമ്പിൽ കിടുത്തട്ടു വിള ഫ്രണ്ട്സ് ഗ്രൂപ്പ് മെഡിക്കൽ കോളേജിൽ നിരാലംബാരായ ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന രോഗികൾക്കായി അവശ്യസാധനങ്ങൾ എത്തിച്ചു കൊടുത്തു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ് മോറിൻ, കൗൺസിലർ ഡി ആർ അനിൽ, സൂപ്രണ്ട് ഡോ നിസാറുദീൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, ആർ എം ഒ മോഹൻറോയ്, ചീഫ് നഴ്സിംഗ് ഓഫീസർ സബിത, കെ ജി എം എ ജില്ലാ പ്രസിഡന്റ് ആശ, സീനിയർ നഴ്സിംഗ് ഓഫീസർ ഷാഹിന, കിടുത്തട്ടു വിള ഫ്രണ്ട്സ് ഗ്രൂപ്പ് മെമ്പേഴ്സ്, ഗ്രാമത്തിൻമുക്ക് പൗരസമിതി, സദ്ഗമയ ചാരിറ്റബിൾ ട്രസ്റ്റ്, ഹെൽപ്പിംഗ് ഹാർട്സ്, ട്രിവാൻഡ്രം മെഡിക്കൽ കോളേജ് കെ ജി എൻ എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ലാഭത്തില്‍ മുന്നില്‍ കെഎസ്എഫ്ഇ, ബെവ്‌കോ എട്ടാമത്

ലാഭത്തില്‍ മുന്നില്‍ കെഎസ്എഫ്ഇ, ബെവ്‌കോ എട്ടാമത്

തിരുവനന്തപുരം: സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്. ബജറ്റ് രേഖകള്‍ക്കൊപ്പം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് ഉള്ളത്. സംസ്ഥാനത്ത പൊതുമേഖല സ്ഥാപനങ്ങളില്‍ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കെഎസ്എഫ്ഇയാണ് കൂടുതല്‍ ലാഭമുണ്ടാക്കിയത്.2021-22ല്‍ 105.49 കോടിയാണ് ലാഭമെങ്കില്‍ 2022-23ല്‍ 350.88 കോടിയായാണ് വര്‍ധിച്ചത്.കെഎംഎംഎല്‍ (85.04 കോടി) രണ്ടാം സ്ഥാനത്തും ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (67.91 കോടി) മൂന്നാം സ്ഥാനത്തുമാണ്. മദ്യവില്‍പ്പനയില്‍ മുന്നിലുണ്ടെങ്കിലും ബിവറേജസ് കോര്‍പ്പറേഷന്‍ (35.93 കോടി) ലാഭപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

2022-23ല്‍ ആകെ വിറ്റുവരവ് 40,774.07 കോടിയായി വര്‍ധിച്ചു. 2021-22ല്‍ ഇത് 37,405 കോടിയായിരുന്നു. വിറ്റുവരവില്‍ ഒന്നാം സ്ഥാനത്ത് കെഎസ്ഇബിയും (17,984.58 കോടിയും) രണ്ടാംസ്ഥാനത്ത് കെഎസ്എഫ്ഇയും (4503.78 കോടി) മൂന്നാം സ്ഥാനത്ത് ബിവറേജസ് കോര്‍പറേഷനുമാണ് (3393.77 കോടി). നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും (1521.82 കോടി) വാട്ടര്‍ അതോറിറ്റിയും (1312.84 കോടി) ആണ്. അതേസമയം നികുതി വരുമാനത്തില്‍ ബിവറേജസ് കോര്‍പ്പറേഷനാണ് മുന്നില്‍. 16190.07 കോടി രൂപയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഖജനാവിലെത്തിച്ചത്.

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു

വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു

പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിർ (42) ആണ് മരിച്ചത്. വൈകിട്ട് 6.15 ന് പാപനാശം ബീച്ചിലാണ് അപകടം.സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുകയായിരുന്ന മുഹമ്മദ് ഷാനിർ പെട്ടെന്നുണ്ടായ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് ഷാനിറിനെ കരക്കെത്തിച്ചു.

വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസർ ആണ് മുഹമ്മദ് ഷാനിർ

വർക്കല സർക്കാർ നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

വർക്കല സർക്കാർ നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

വർക്കല സർക്കാർ യോഗ ആൻഡ് നാച്ചുറോപ്പതിക്ക് ആശുപത്രിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മാണം ആരംഭിക്കുന്ന മൂന്ന് ബ്ലോക്കുകൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തറക്കല്ലിട്ടു. 99 ലക്ഷം രൂപ ചെലവിൽ വി. ജോയ് എംഎൽഎയുടെ ഫണ്ടിൽ നിന്നും ചെലവഴിച്ച് പുതിയ റിസപ്ഷൻ ബ്ലോക്ക്, നാഷണൽ ആയുഷ് മിഷൻ അപ്ഗ്രേഷൻ ഫണ്ടിൽ നിന്നും 66.47 ലക്ഷം രൂപ ചെലവിൽ അപ്ഗ്രേഡേഷൻ ബ്ലോക്ക്, നാഷണൽ ആയുഷ്മിഷൻ ഫണ്ടിൽ നിന്നും 15 കോടി രൂപ ചെലവഴിച്ച് 50 ബെഡ് സൗകര്യമുള്ള ആശുപത്രി ബ്ലോക്ക്, യോഗ ഹാൾ മറ്റു സൗകര്യങ്ങൾ എന്നിവയുമാണ് നിർമ്മിക്കുന്നത്.

ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വി. ജോയ് എംഎൽഎ, മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ ഡി. സജിത്ത് ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ റീന കെ. ജെ, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ബജറ്റ്: ആറ്റിങ്ങൽ മണ്ഡലത്തിന് 25 കോടി

സംസ്ഥാന ബജറ്റ്: ആറ്റിങ്ങൽ മണ്ഡലത്തിന് 25 കോടി

ആറ്റിങ്ങൽ: മണ്ഡലത്തിന്റെ വികസനത്തിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തി. കിളിമാനൂരിൽ കായിക സമുച്ചയവും, ആറ്റിങ്ങൽ പരവൂർ പുഴക്കടവിൽ പുതിയ പാലവും, ആറ്റിങ്ങലിൽ ഓട്ടിസം പാർക്കും ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ബജറ്റിൽ തുക വകയിരുത്തി. പഴയ കുന്നുമ്മൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം രണ്ട് ഏക്കർ 25 സെന്റിൽ ഓപ്പൺ ഓഡിറ്റോറിയം, സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് , ക്രിക്കറ്റ് പിച്ച്, ഓപ്പൺ ജിം , പ്രഭാത സവാരിക്കും മറ്റും ആവശ്യമായ ട്രാക്ക് തുടങ്ങിയവ നിർമിക്കുന്നതിന് അഞ്ചു കോടി ബജറ്റിൽ അനുവദിച്ചു.

ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ മുള്ളിയിൽ കടവിനേയും കരവാരം പഞ്ചായത്തിലെ കട്ടപ്പറമ്പ് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പരവൂർ പുഴക്കടവ് പാലം പാലം നിർമിക്കുന്നതിന് ആദ്യഘട്ടമായ പത്തുകോടി രൂപ പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ നിന്നും കണ്ടെത്തി ചിലവഴിക്കുന്നതിന് ആവശ്യമായ അംഗീകാരം നൽകി.വെള്ളിയാഴ്ചക്കാവ് പാലം പുതുക്കി പണിയുന്നതിന് രണ്ടു കോടിയും , നഗരൂർ ശിവൻ മുക്ക് -നന്ദായി വനം – ഇറത്തി റോഡ് നവീകരണത്തിന് രണ്ടുകോടി രൂപയും , ചെങ്കിക്കുന്ന് – പുല്ലയിൽ – പൊയ്യക്കട റോഡ് നവീകരണത്തിന് രണ്ടു കോടി രൂപയും , ആറ്റിങ്ങലിൽ ഓട്ടിസം പാർക്ക് സ്ഥാപിക്കുന്നതിന് 1.5 കോടിയും , നേതാജി മുക്ക് – കണ്ണങ്കര- തേവയിൽ – പേരയിൽ കോളനി റോഡ് – 1.5 കോടിയും , വക്കം ചാവടി മുക്ക് – ഇറങ്ങു കടവ് റോഡിന് – 1 കോടിയും അനുവദിച്ചു.

കൂടാതെ കിളിമാനൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് 2 കോടി രൂപയും , കോട്ടറക്കോണം പാലം നിർമാണത്തിന് 2 കോടിയും,പുളിമൂട് – പട്ട്ള പുല്ലുതോട്ടം – കോയിക്കൽ മൂല- പാലവിള റോഡ് 5 കോടിയും, ആറ്റിങ്ങൽ റിങ് റോഡിന് 5 കോടിയും, ഒറ്റൂർ ഗവ. എൽപിഎസ് മന്ദിരത്തിന് ഒരു കോടിയും, ആരൂർ ഗവ. എൽ. പി. എസ് മന്ദിരത്തിന് ഒരു കോടിയും, കാട്ടുചന്ത- വട്ടക്കൈത റോഡ് നിർമാണത്തിന് 2 കോടിയും, കിളിമാനൂർ ബൈപ്പാസ് നിർമാണത്തിന് 3 കോടിയും, വാമനപുരം നദിയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നടപ്പാക്കാൻ ഒരുകോടിയും, അലവക്കോട് – ഇടയ്ക്കരിക്കകം – വണ്ടിത്തടം- മണലേത്തു പച്ച റോഡിന് ഒരു കോടിയും, കുടിയേല – തെങ്ങുംകോണം റോഡിന് ഒരു കോടിയും, മണ്ഡലത്തിലെ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായി അഞ്ച് കോടിയും അനുവദിച്ചു. മണ്ഡലത്തിലെ പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് പത്തുകോടി രൂപയും ടോക്കൺ പ്രൊവിഷനായി അനുവദിച്ചു.

വക്കം പഞ്ചായത്ത് ഓഫീസിൽ ഭരണപക്ഷ അംഗത്തിന്റെ പ്രതിഷേധ സമരം

വക്കം പഞ്ചായത്ത് ഓഫീസിൽ ഭരണപക്ഷ അംഗത്തിന്റെ പ്രതിഷേധ സമരം

വക്കം: പഞ്ചായത്ത് കമ്മറ്റിയുടെ മിനിട്സ് പകർപ്പ് നൽകാത്തതും വാർഡിനോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ഭരണപക്ഷ അംഗത്തിന്റെ പ്രതിഷേധ സമരം. വക്കം ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ഭരണപക്ഷ അംഗമായ കോൺഗ്രസിലെ ഗണേഷ് രാത്രിയും സമരം തുടരുന്നത്.

പദ്ധതി രൂപവൽക്കരണത്തിലെ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നത് ചൂണ്ടിക്കാട്ടിയതാണ് അന്നത്തെ പ്രകോപനത്തിന് കാരണം. ആ കമ്മിറ്റിയുടെ മിനിറ്റിന്റെ കോപ്പി ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഗണേഷ് കുമാർ പ്രതിഷേധമുയർത്തിയത്. തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റിയിൽ ഈ ആവശ്യം ഗണേഷ് കുമാർ ഉന്നയിച്ചു. എന്നാൽ പതിവുപോലെതന്നെ കോപ്പി നൽകാതെ ഭരണനേതൃത്വം ഒഴിഞ്ഞുമാറുകയായിരുന്നു. തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പദ്ധതികളുടെ മുൻഗണന തയ്യാറാക്കിയതിൽ ഗണേശന്റെ വാർഡിനെ പൂർണമായി ഒഴിവാക്കിയിരുന്നു.

പുതിയ പദ്ധതികൾ ഒന്നും ഈ വാർഡിന് അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചും മിനിട്സ് കോപ്പി നൽകാത്തതിൽ പ്രതിഷേധിച്ചുമാണ് ഗണേഷ് പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന് ഒറ്റയാൻ സമരം ആരംഭിച്ചത്. വൈകുന്നേരം 5 മണി വരെയും ഭരണനേതൃത്വം ഇതിന് അവഗണിച്ചു. എന്നാൽ ഗണേഷ് സമരം തുടരുന്നതിനാൽ പഞ്ചായത്ത് ഓഫീസ് അടയ്ക്കാൻ കഴിയാതെ വന്നു. മിനിട്സ് പകർപ്പ് ലഭിച്ചാൽ മാത്രമേ ഓഫീസ് വിട്ട് പോകൂ എന്ന നിലപാട് ഗണേഷ് ഉറപ്പിച്ചു പറഞ്ഞു. ഇതോടെ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭരണനേതൃത്വവും മിനിട്സ് തയ്യാറാക്കി നൽകുവാൻ ശ്രമം ആരംഭിച്ചു. രാത്രി വൈകിയും വക്കം പഞ്ചായത്ത് കാര്യാലയം സജീവം ആണ്.