by Midhun HP News | Feb 22, 2026 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു.
എന്തൊരു വലിയ തീരുമാനമാണത്. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം. മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അവയവദാനത്തിൽ ഇന്ത്യ മുന്നിലാണെന്നും മോദി ചൂണ്ടിക്കാട്ടി. അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. എത്രയോ പേരാണ് അവയവങ്ങൾ സ്വീകരിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
by Midhun HP News | Feb 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ദുവാണ് കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പഞ്ചായത്ത് ഓഫീസില്‍ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശിയും സെക്രട്ടറി സിന്ധുവും തമ്മില്‍ നേരത്തേയും തര്‍ക്കങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. ഇതേവിഷയത്തെച്ചൊല്ലിയാണ് ശനിയാഴ്ച വീണ്ടും പ്രശ്നങ്ങളുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയും രണ്ട് വനിതാ അംഗങ്ങളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിന്റെ പരാതി. ഇതിനുപിന്നാലെ സിന്ധു ബാഗിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആത്മഹത്യാശ്രമവും നടത്തി. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സിന്ധുവിന്റെ കൈയ്യില്‍ നിന്ന് കത്തി പിടിച്ചുവാങ്ങിയത്. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
പഞ്ചായത്ത് വാഹനത്തെ ചൊല്ലി സെക്രട്ടറിയും പ്രസിഡന്റും തര്‍ക്കം ആരംഭിച്ചിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കാരണം പഞ്ചായത്തില്‍ ഭരണ സ്തംഭനമാണെന്ന് അംഗങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ സെക്രട്ടറി മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പ്രസിഡന്റ് വെള്ളനാട് ശശി പറയുന്നത്.
by Midhun HP News | Feb 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി പുതിയ ന്യൂനമര്‍ദ്ദത്തില്‍ ലയിച്ചു. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
by Midhun HP News | Feb 21, 2026 | Latest News, ജില്ലാ വാർത്ത
ശാസ്താംകോട്ട: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിന് സമീപമാണ് അപകടം നടന്നത്.
ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് യുവാക്കൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | Feb 20, 2026 | Latest News, ജില്ലാ വാർത്ത
46th കേരള സ്റ്റേറ്റ് സബ് ജൂനിയർ കാരാട്ടെ ചാംമ്പ്യൻഷിപ്പ് 2026 തൃശൂരിൽ വച്ച് നടന്നതിൽ 9 വയസ്സ് ആൺകുട്ടികളുടെ കത്ത വിഭാഗത്തിൽ അഫ്താബ് റിഹാൻ. എസ് ഗോൾഡ് മെഡൽ നേടി. മഞ്ഞമലയിൽ സിയാദ് ജസീന ദമ്പതികളുടെ മകനാണ്. കാരമുട് ബിഷപ് പെരേര മെമ്മോറിയൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അഫ്താബ്.
by Midhun HP News | Feb 20, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കട്ടിളപ്പാളിയിലെ സ്വര്‍ണം കാണാതായ കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പത്മകുമാരിന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. എന്നാല്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ഉടന്‍ ജയില്‍ മോചിതനാകാന്‍ സാധിക്കില്ല.
2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി, എൻ വാസു തുടങ്ങിയവർ സ്വാഭാവിക ജാമ്യം നേടി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു.


Recent Comments