ദേശീയ കലാ ഉത്സവ്; കേരളത്തിന് മൂന്നു സ്വർണ്ണം

ദേശീയ കലാ ഉത്സവ്; കേരളത്തിന് മൂന്നു സ്വർണ്ണം

തിരുവനന്തപുരം: ഡൽഹിയിൽ നടന്ന ദേശീയ കലാ ഉത്സവ് 2024 കേരളം മൂന്ന് സ്വർണ മെഡലുകൾ നേടി. സോളോ ആക്ട് ഡ്രാമ കണ്ണൂർ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗസൽ ഫാബിയോ, ടോയ് മേക്കിങ് മലപ്പുറം നെല്ലിക്കുത്ത് വി എച്ച് എസ് എസ് വിദിൻ ടി, ക്ലാസിക്കൽ ഡാൻസ് എറണാകുളം എളമക്കര ജിഎച്ച്എസ്സ്സിലെ നിരഞ്ജൻ എൻ എസ് എന്നിവരാണ് കേരളത്തിനുവേണ്ടി സ്വർണം നേടിയത്.

വിവിധ സംസ്ഥാനങ്ങളിലായി 341 പെൺകുട്ടികളും 339 ആൺകുട്ടികളും പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളുടെ വസ്ത്രധാരണം, സംസ്കാരം ഭാഷ എന്നിവ കുട്ടികൾക്ക് നേരിട്ട് കണ്ടും കേട്ടും മനസ്സിലാക്കുന്നതിനുള്ള ഒരു അവസരവും ലഭിച്ചു. ഏറ്റവും കൂടുതൽ സ്വർണ മെഡലുകൾ നേടുന്ന സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിന് ലഭിച്ചു. 22 സംഘം 13ന് ഡൽഹി ദർശനവും കഴിഞ്ഞ് 15ന് കേരളത്തിൽ എത്തിച്ചേരും.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തു ക്ലിഫ് ഹൗസിലേക്ക് നടത്തുന്ന നൈറ്റ് മാർച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ നൈറ്റ് മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്‌ണു നൈറ്റ് മാർച്ചിനു നേതൃത്വം നൽകി.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായനികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. എക്‌സാലോജിക് കമ്പനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍ പറയുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സിഎംആര്‍എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയത്. എന്നാൽ മറുപടി നല്‍കാന്‍ പോലും കെഎസ്ഐഡിസി തയാറായില്ല. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എക്സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. കമ്പനീസ് ആക്ട് 2013 ലെ 210 (1) (സി) സെക്ഷൻ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ.

എന്നാൽ നൽകിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന് പിന്നാലെയാണ് കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം. ഈ അന്വേഷത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ, സിരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ഏറ്റെടുക്കും.

ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു

ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ യോഗം സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: യൂത്ത്കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പോലീസ് നടപടിക്കെതിരെ ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ പ്രതിക്ഷേധ യോഗം നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് എന്‍.ബിഷ്ണു അധ്യക്ഷനായ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ‍‍

ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് പെരേര, മുന്‍ ബ്ലോക്ക് പ്രസി‍ഡന്‍റ് റ്റി.പി.അംബിരാജ, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസി‍‍ഡന്‍റ്മാരായ പി.ജയചന്ദ്രന്‍ നായര്‍, എസ്.കെ.പ്രിന്‍സ് രാജ്, തോട്ടവാരം ഉണ്ണികൃഷ്ണന്‍, വക്കം പഞ്ചായത്ത് പ്രസിഡന്‍റ് ലാലിജ.എം, ചെറുന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശശികല, കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍, ബ്ലോക്ക് ഭാരവാഹികള്‍,മണ്ഡലം പ്രസിഡന്‍റ്മാര്‍, ബൂത്ത് ഭാരവാഹികള്‍ തുടങ്ങയവര്‍ പ്രതിക്ഷേധയോഗത്തില്‍ പങ്കെടുത്തു.

മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ

മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ

പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്.

കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേൽ. മഹൽ സെക്രട്ടറി ഷെമീറിനും മർദ്ദനമേറ്റെന്നാണ് എഫ് ഐ ആർ. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിച്ചുവെന്നും ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

ദാമ്പത്യ പ്രശ്നത്തിൽ മധ്യസ്ഥ ചർച്ച നടത്തുമ്പോഴാണ് സംഘർഷമുണ്ടായത്. ഇതിനിടയിൽ സലീമിന് മര്‍ദ്ദനമേറ്റ് പരിക്കേറ്റതായി ജമാഅത്ത് അംഗങ്ങളും ബന്ധുക്കളും പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സലീം മരിച്ചു. സംഭവത്തിൽ ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും.

കരാറുകാര്‍ സമരം തുടങ്ങി; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെടും

കരാറുകാര്‍ സമരം തുടങ്ങി; സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെടും

തിരുവനന്തപുരം: വിതരണക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപ്പെടും. കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ സമരം പ്രഖ്യാപിച്ചത്.

കുടിശ്ശിക തന്നു തീര്‍ക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

എഫ് സി ഐ ഗോഡൗണില്‍ നിന്ന് റേഷന്‍ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷന്‍ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷന്‍ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്.