വിദേശ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി

വിദേശ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല: ഇടവ വെറ്റക്കട പെത്തിരി മുക്കിന് സമീപം വിദേശ വിനോദസഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. യുക്രൈൻ സ്വദേശി അലക്സാണ്ടർ യൂഷോ (61) ആണ് മരിച്ചത്. കാറ്റാടി മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വൈകിട്ട് 5 മണിയോടെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടപടികൾ പൂർത്തിയാക്കി. കുരയ്ക്കണ്ണിയിൽ ഹോം സ്റ്റേ യിലാണ് ഇയാൾ താമസിച്ചു വരുന്നത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്.

ദേശീയ സ്കൂൾ കരാട്ടെയിൽ സഹോദരിമാർക്ക് മെഡൽ

ദേശീയ സ്കൂൾ കരാട്ടെയിൽ സഹോദരിമാർക്ക് മെഡൽ

ആറ്റിങ്ങൽ: പോങ്ങനാട് അനീഷ് മൻസിലിൽ അനീഷ് – ജസ്ന ദമ്പതികളുടെ മക്കളായ ഫിദയും ഫെമിദയും ആണ് പഞ്ചാബിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡലുകൾ നേടി ശ്രദ്ധേയരാകുന്നത്. പത്തൊമ്പത് വയസിന് താഴെ ഉള്ള സീനിയർ പെൺകുട്ടികളുടെ 32 കിലോഗ്രാം കുമിത്തെയിൽ ഫെമിദ വെള്ളി മെഡൽ നേടിക്കൊണ്ടാണ് കേരളത്തിൻ്റെ മെഡൽ പട്ടിക തുറന്നത്. ദേശീയ സ്കൂൾ കരാട്ടെയിലെ

കേരളത്തിൻ്റെ ആദ്യ വെള്ളിമെഡലാണ് ഫെമിദ നേടിയത് എന്ന പ്രത്യേകതയും ഉണ്ട്. അവനവഞ്ചേരി ഗവ: ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് ഫെമിദ.
പത്തൊമ്പത് വയസിന് താഴെ ഉള്ള സീനിയർ പെൺകുട്ടികളുടെ 44 കിലോഗ്രാം കുമിത്തെയിൽ ആണ് ഫിദയുടെ വെങ്കല മെഡൽ നേട്ടം. 2018 ഇൽ കേരളം ആദ്യമായി സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടീമിനെ അയച്ച് തുടങ്ങിയപ്പോൾ തന്നെ കേരളത്തിന് വേണ്ടി ആദ്യ മെഡൽ നേടിയതും ഫിദ ആയിരുന്നു.

അന്ന് പതിനൊന്ന് വയസ് മാത്രം പ്രായം ഉണ്ടായിരുന്ന ഫിദ പത്തൊമ്പത് വയസിന് താഴെ ഉള്ളവരുടെ സീനിയർ വിഭാഗത്തിൽ തന്നെയാണ് അന്നും മെഡൽ നേടിയിരുന്നത്. ആറ്റിങ്ങൽ ഗവ: ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ +1 വി എച്ച് എസ് സി വിദ്യാർത്ഥിനിയാണ് ഫിദ.
ജനുവരി 5 മുതൽ 13 വരെ പഞ്ചാബിലെ ലുധിയാനയിലായിരുന്നു ഈ വർഷത്തെ ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് എങ്കിലും മത്സരങ്ങൾ എഴാം തീയതി തുടങ്ങി പത്താം തീയതി ആയപ്പോഴേക്കും ആകെ ഉള്ള 24 ഇനങ്ങളും പൂർത്തിയായി. കേരളം ആകെ നാല് മെഡലുകൾ ആണ് നേടിയത്. അതിൽ രണ്ട് മെഡലുകൾ ആണ് ഒരു വീട്ടിൽ നിന്നുള്ള ഫിദയും ഫെമിദയും നേടി ശ്രദ്ധയാകർഷിച്ചത്.

2017 ഇൽ കീഴാറ്റിങ്ങൽ ബി വി യു പി എസ്സിൽ ആറ്റിങ്ങൽ കരാട്ടെ ടീം ആരംഭിച്ച സൗജന്യ കരാട്ടെ ക്ളാസിലൂടെയാണ് ഫിദയും ഫെമിദയും കരാട്ടെ രംഗത്തേക്ക് കടന്ന് വരുന്നത്. തുടക്കത്തിൽ തന്നെ ഇവർക്ക് കരാട്ടെ രംഗത്ത് മുന്നേറാൻ കഴിയും എന്ന് മനസിലാക്കിയ പരിശീലകൻ അത് രക്ഷകർത്താക്കളോട് പറയുകയും അവർ ഫിദയെ ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീല കേന്ദ്രമായ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിലേക്ക് പരിശീലനത്തിന് കൊണ്ടുവരുകയും വളരെ പെട്ടന്ന് തന്നെ ഫിദ മത്സര രംഗത്ത് ശ്രദ്ധ നേടുകയും 2018 ഇൽ സംസ്ഥാന ചാമ്പ്യനായി ഡൽഹിയിൽ നടന്ന ദേശീയ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കോർട്ടർ ഫൈനൽ വരെ എത്തുകയും ചെയ്തു.

തുടർന്ന് സ്കൂൾ ഗെയിംസിൽ കരാട്ടെയിൽ സംസ്ഥാന ചാമ്പ്യനായി. അന്ന് പഞ്ചാബിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുകയും ചെയ്തിരുന്നു. 2019 ഇലും മദ്ധ്യപ്രദേശിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും മെഡൽ നേടാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ചേച്ചിയെ കണ്ട് അനുജത്തി ഫെമിദയും കരാട്ടെ പരിശീലവും മത്സരവും ഒക്കെ ഗൗരവത്തിൽ എടുക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കോവിഡ് കാരണം രണ്ട് വർഷം മത്സരങ്ങൾക്കൊക്കെ തടസ്സം വന്നു. കഴിഞ്ഞ വർഷവും സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫിദ സംസ്ഥാന ചാമ്പ്യൻ ആയിരുന്നെങ്കിലും ദേശീയ മത്സരം നടക്കാതിരുന്നതിനാൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷമാണ് ഫെമിദ ആദ്യമായി സ്കൂൾ ഗെയിംസ് കരാട്ടെയിൽ മാറ്റുരച്ച് തുടങ്ങിയത്. പക്ഷേ കഴിഞ്ഞ വർഷം ആറ്റിങ്ങൽ സബ് ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നതിനാൽ മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അസോസിയേഷൻ ചാമ്പ്യൻഷിപ്പിലൊക്കെ മെഡൽ മുന്നേറി സംസ്ഥാന തലത്തിൽ രണ്ട് ഇനങ്ങളിൽ വെള്ളി മെഡൽ ഒക്കെ നേടിയിരുന്നു. ഈ വർഷം നന്നായി തയ്യാറായി ഇറങ്ങിയ ഫെമിദ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മാത്രമല്ല അസോസിയേഷൻ ചാമ്പ്യൻഷിപ്പിലും സംസ്ഥാന തല സ്വർണ്ണം നേടിയിരുന്നു.

ആറ്റിങ്ങൽ കരാട്ടെ ടീം മണമ്പൂർ ബ്രാഞ്ചായ നവകേരളം കരാട്ടെ ക്ളബ്ബിലെ അംഗങ്ങളായ ഈ സഹോദരിമാർ ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലന കേന്ദ്രമായ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിലും കൂടാതെ കിളിമാനൂർ ബ്രാഞ്ചായ കിളിമാനൂർ കരാട്ടെ ക്ലബ്ബിലും സ്ഥിരമായി പരിശീലനത്തിന് എത്തുന്നവരാണ്. ഈ കുട്ടികൾ കരാട്ടെ പരിശീലനത്തിന് പുലർത്തുന്ന താൽപ്പര്യവും രക്ഷിതാക്കൾ അധ്യാപക വൃത്തി കാരണമുള്ള തിരക്കുകൾക്കിടയിലും എല്ലാ പരിശീലന സെഷനുകൾക്കും മുടങ്ങാതെ ഇവരെ പങ്കെടുപ്പിക്കുന്നതിലൂടെ നൽകുന്ന പിന്തുണയും കരാട്ടെ കായിക താരങ്ങൾക്ക് വളരുന്നതിന് ആറ്റിങ്ങൽ കരാട്ടെ ടീം ഒരുക്കുന്ന പരിശീലന സൗകര്യങ്ങളും ആണ് ഈ നേട്ടങ്ങൾ സൃഷ്ടിക്കുന്നതിന് പിൻബലമാകുന്നത്.

തിങ്കളാഴ്ച സംസ്ഥാനത്ത് തിരുവനന്തപുരം ജില്ല ഉൾപ്പെടെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

തിങ്കളാഴ്ച സംസ്ഥാനത്ത് തിരുവനന്തപുരം ജില്ല ഉൾപ്പെടെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത് 15 ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിനോട് ചേർന്നുള്ള ജില്ലകൾക്കാണ് അവധി.

കൊവിഡിന് ശേഷം ആദ്യം; ഡിസംബറിൽ തിരു. വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലധികം ആളുകൾ

കൊവിഡിന് ശേഷം ആദ്യം; ഡിസംബറിൽ തിരു. വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലധികം ആളുകൾ

തിരുവനന്തപുരം: കഴിഞ്ഞ ഡിസംബർ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലേറേപ്പേർ. കൊവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കവിയുന്നത്. ആകെ 4.14 ലക്ഷം പേരാണ് ഡിസംബറിൽ യാത്ര ചെയ്തത്.

ഇതിൽ 2.41 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.72 ലക്ഷം പേർ വിദേശ യാത്രക്കാരും. 2022 ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 3.28 ലക്ഷം ആയിരുന്നു-26% വർധന. 2023 ജനുവരി മുതൽ ഡിസംബർ വരെ ആകെ 41.48 ലക്ഷം യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു.

ഇതിൽ 22 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 19 ലക്ഷം പേർ വിദേശ യാത്രക്കാരും ആയിരുന്നു. 2022ൽ ആകെ യാത്രക്കാർ 33 ലക്ഷം ആയിരുന്നു-25% വർധന. വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും എയർപോർട്ടിൽ പുരോഗമിക്കുകയാണ്.

എംടി പറഞ്ഞത് പഴയകാര്യം; വിവാദത്തില്‍ കക്ഷിചേരാനില്ല; സിപിഎം

എംടി പറഞ്ഞത് പഴയകാര്യം; വിവാദത്തില്‍ കക്ഷിചേരാനില്ല; സിപിഎം

തിരുവനന്തപുരം: എംടിയുടെ രാഷ്ട്രീയ വിമര്‍ശനം തള്ളി സിപിഎം. എംടി പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നും വിവാദങ്ങളില്‍ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇക്കാര്യം എംടി മുന്‍പും എഴുതിയിട്ടുണ്ടെന്നാണ് സിപിഎം നിലപാട്.

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞതാണെന്ന രീതിയില്‍ വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് ഇന്നത്തെ യോഗത്തിന്റെ വിലയിരുത്തല്‍. അതിന് കാരണമായി സിപിഎം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ എംടി എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗമാണത്. അത് വായിക്കുക മാത്രമാണ് എംടി ചെയ്തത്. അതില്‍ ഏതാനും വരികള്‍ക്ക് മാത്രമെ വ്യത്യാസമുള്ളുവെന്നും അന്ന് എഴുതിയതിന്റെ ഉള്ളടക്കത്തില്‍ മാറ്റമില്ലെന്നും സിപിഎം വിലയിരുത്തി.

ആ ലേഖനം 2003ല്‍ ഇഎംഎസ് അടക്കം ഉള്ളകാലത്തെ അടയാളപ്പെടുത്തി എഴുതിയതാണ്. അത് പിന്നീട് പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. അത് മുഖ്യമന്ത്രിയെ പറ്റിയാണെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുണ്ടാക്കുന്ന വിവാദത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

കേരളത്തിലുടനീളം ഒഴിവുകൾ, 108 ആംബുലൻസിൽ നഴ്‌സുമാരെ നിയമിക്കുന്നു

കേരളത്തിലുടനീളം ഒഴിവുകൾ, 108 ആംബുലൻസിൽ നഴ്‌സുമാരെ നിയമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിങ് ആണ് യോഗ്യത. 40 വയസ്സാണ് പ്രായപരിധി. ഒഴിവുള്ള സ്ഥലങ്ങൾ

തിരുവനന്തപുരത്ത് ബാലരാമപുരം, കന്യാകുളങ്ങര

കൊല്ലത്ത് ശാസ്താംകോട്ട, നെടുവത്തൂർ, തൃക്കടവൂർ, പാലത്തറ

കോട്ടയത്ത് മുണ്ടക്കയം, കുമരകം, ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇടമറുക്, തലയോലപ്പറമ്പ്

ഇടുക്കിയില്‍ വണ്ടിപ്പെരിയാർ, രാജാക്കാട്, കാഞ്ചിയാർ

എറണാകുളത്ത് കോടനാട്, മാലിപ്പുറം, വൈപ്പിൻ, വടവുകോട്, പൂതൃക്ക, അങ്കമാലി

തൃശൂരില്‍ കൊടകര, വരവൂർ,ചേലക്കര, എരുമപ്പെട്ടി, വെറ്റിലപ്പാറ, പൂക്കോട്, ആലപ്പാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി

പാലക്കാട് ജില്ലയില്‍ കൊപ്പം, തൃത്താല, പാലക്കാട് ടൗൺ, മുതലമട, മണ്ണാർക്കാട്, എലപ്പുള്ളി

മലപ്പുറത്ത് പെരുവള്ളൂർ, ഏലംകുളം, ഇരിമ്പിളിയം, തിരുനാവായ, മലപ്പുറം താലൂക്, എടപ്പാൾ, കാവന്നൂർ

കോഴിക്കോട് ജില്ലയില്‍ അരികുളം, ചാലിയം, മടപ്പള്ളി

വയനാട്ടില്‍ പനമരം, നൂൽപ്പുഴ, അപ്പപ്പാറ, കൽപ്പറ്റ

കണ്ണൂരില്‍ പഴയങ്ങാടി, പാനൂർ, ചിറ്റാരിപ്പറമ്പ്, അഴിക്കോട്, വളപട്ടണം, തലശ്ശേരി, തളിപ്പറമ്പ്, ഇരിവേരി

കാസർഗോഡ്- പെരിയ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ അയക്കണം കൂടുതൽ വിവരങ്ങൾക്ക് 7594050293, 7306702184 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.