പ്ലസ് ടു വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

പ്ലസ് ടു വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപം തുണ്ടില്‍കട കളിവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാര്‍ – ദീപ ദമ്പതികളുടെ മകള്‍ അദ്രിജയെ(18) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. കിളിമാനൂര്‍ ആര്‍.ആര്‍.വി. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി വിദ്യാര്‍ഥിനിയാണ്.

ഡ്രൈവിങ് ലൈസൻസ്: ലേണേഴ്സ് പരീക്ഷയിലടക്കം സമഗ്രമായ മാറ്റം വരുന്നു

ഡ്രൈവിങ് ലൈസൻസ്: ലേണേഴ്സ് പരീക്ഷയിലടക്കം സമഗ്രമായ മാറ്റം വരുന്നു

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് ഗതാഗത മന്ത്രി ​ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണേഴ്സ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.

ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ ‘എച്ച്’ മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. ​വിദേശ രാജ്യങ്ങളിലൊക്കെ ഇതെല്ലാം ചെയ്തിട്ടാണ് ലൈസൻസ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇത്തവണ കൂടി മത്സരിച്ച് യുവാക്കൾക്കായി വഴിമാറും; ശശി തരൂർ

ഇത്തവണ കൂടി മത്സരിച്ച് യുവാക്കൾക്കായി വഴിമാറും; ശശി തരൂർ

ഇത്തവണ കൂടി മത്സരിച്ചാൽ യുവാക്കൾക്കായി വഴിമാറുമെന്ന് ഡോ. ശശി തരൂർ. കോൺഗ്രസ് നേതൃത്വത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് നിലപാട്. എം ടിയുടെ പരാമർശത്തിലെ ഒരാൾ ഡൽഹിയിലും മാറ്റൊരാൾ കേരളത്തിലുമാണ്. രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് അംബേദ്‌കർ തന്നെ പറഞ്ഞിട്ടുണ്ട്. എം ടി യുടേത് അംബേദ്ക്കറുടെ അതെ ചിന്തയെന്നും ശശി തരൂർ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ നേതാവിനോട് ഇങ്ങനെ ഭക്തി കാണിച്ചാൽ എങ്ങനെയാണ് അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുക.ഒരു രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാൽ രാജ്യം പിഴയ്ക്കും.20 വർഷം മുൻപത്തെ ലേഖനം എംടി ഇപ്പൊൾ പ്രസംഗിച്ചാൽ അതിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കാം.ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ്.

എല്ലാം എളുപ്പമാകും എന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. ബംഗാളിൽ ചർച്ച തുടങ്ങിയിട്ടേയുള്ളൂ. അവസാനം വരെ ചർച്ചകൾ തുടരും. കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ന്യായ് യാത്രയിലാണ്. ചർച്ച നടക്കട്ടെ തീരുമാനം വരട്ടെ അതുവരെ വിവാദങ്ങൾ ഉണ്ടാക്കാൻ ഒരു താൽപര്യവുമില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.

കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പിന്തുണ തേടി സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ ചര്‍ച്ച 15ന്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ജനുവരി 15ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനയാണ് ചര്‍ച്ച.

കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നത്.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എംപിമാര്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനം പിരിച്ചെടുക്കേണ്ട നികുതി പോലും പിരിച്ചെടുക്കുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

മനുഷ്യച്ചങ്ങലയ്ക്കു മുന്നോടിയായി യോഗം സംഘടിപ്പിച്ചു

മനുഷ്യച്ചങ്ങലയ്ക്കു മുന്നോടിയായി യോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. അതിനു മുന്നോടിയായി നടന്ന മാമം യൂണിറ്റ് കൺവെൻഷൻ സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഖിൽ കെ പ്രസാദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഒ.പി ഷീജ, എൽ.സി അംഗം എസ് സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, ബ്രാഞ്ച് അംഗം എസ്.എസ് ബൈജു, യൂണിറ്റ് സെക്രട്ടറി എം.ജി മഹി, ജി അമ്പിളി, ഷീബ എന്നിവർ സംസാരിച്ചു.

കെ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

കെ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട മണമ്പൂർ പഞ്ചായത്തിലെ 60 നമ്പർ റേഷൻ കട കെ സ്റ്റോറായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെരഞ്ഞെടുത്തു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക കവലയൂർ സ്കൂൾ ജംഗ്ഷനിൽ ഉള്ള റേഷൻ കടയിൽ വെച്ച് നിർവഹിച്ചു.

സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ എല്ലാത്തരം സാധനങ്ങളും ലഭ്യമാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് കെ സ്റ്റോറുകൾ ആരംഭിച്ചിട്ടുള്ളത് എന്നും ആറ്റിങ്ങൽ മണ്ഡലത്തിൽ മൂന്നാമത്തെയും മണമ്പൂർ പഞ്ചായത്തിലെ രണ്ടാമത്തെയും കെ സ്റ്റോറാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന് എംഎൽഎ അറിയിച്ചു. സപ്ലൈകോയുടെ തനത് ഉൽപ്പന്നമായ ശബരി, മിൽമ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന വിവിധ ഉൽപ്പന്നങ്ങൾ, അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിണ്ടർ എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ പ്രാദേശിക ചെറുകിട സംരംഭകർ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന 96 ഇനം സാധനങ്ങൾ കെ സ്റ്റോർ വഴി ലഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. ഇത് വഴി നാട്ടുമ്പുറത്തെ സാധാരണ സംരംഭകർക്ക് അവരുടെ ഉൽപ്പെന്നങ്ങൾക്ക് പുതിയ വിപണന സാധ്യത സംജാതമായതയും എം എൽ എ അഭിപ്രായപ്പെട്ടു.

എല്ലാത്തരം ഓൺലൈൻ അപേക്ഷകളും, വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ ബില്ലുകളും 10000 രൂപ വരെ പണം പിൻവലിക്കാൻ ഉള്ള സംവിധാനവും കെ സ്റ്റോറിൽ ലഭ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ അറിയിച്ചു

മണമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി വി തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസർ ബൈജു വി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. അക്ബർ, മണമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി സുധീർ, പി സുരേഷ് കുമാർ, ബൈജു. ബി, ജയന്തി എൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ്‌ റിയാസ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ നായർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സവാദ് ഖാൻ, ബിജെപി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. പ്രദീപ് കുമാർ, ആശ തുടങ്ങിയവർ പങ്കെടുത്തു.