’55 സെന്റ് സിപിഎം കൈവശപ്പെടുത്തി’; പഴയ എകെജി സെന്റര്‍ ഒഴിപ്പിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

’55 സെന്റ് സിപിഎം കൈവശപ്പെടുത്തി’; പഴയ എകെജി സെന്റര്‍ ഒഴിപ്പിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ മുന്‍ ആസ്ഥാനമായ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ ഭൂമി കയ്യേറിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പുറമ്പോക്ക് ഭൂമിയടക്കം 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍എസ് ശശികുമാര്‍ ആണ്‌ ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിട്ടുണ്ട്.

ഒരു രേഖയും ഇല്ലാതെയുമാണ് ഭൂമി കൈവശം വച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. രേഖ ഉണ്ടെങ്കില്‍ ഹാജരാക്കണം. തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് കേരള സര്‍വകലാശാലയ്ക്ക് നല്‍കിയ ഭൂമിയാണെന്നും ഇത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം കൈവശപ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

നേരത്തെ പുതിയ എകെജി സെന്റര് പണിയുന്നതിനായി വാങ്ങിയ ഭുമിയുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

‘വട്ടിയൂര്‍ക്കാവ് എന്‍റെ മണ്ഡലം’; മത്സരിക്കാന്‍ താത്പര്യമെന്ന് കൃഷ്ണകുമാര്‍

‘വട്ടിയൂര്‍ക്കാവ് എന്‍റെ മണ്ഡലം’; മത്സരിക്കാന്‍ താത്പര്യമെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പിടിവലി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്നാലെ നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചു. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് ആണെന്നും അവിടെനിന്ന് മത്സരിക്കാന്‍ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മേയര്‍ പദവി വിവി രാജേഷിന് നല്‍കിയ സാഹചര്യത്തില്‍ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

25 കൊല്ലമായി താന്‍ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ‘എന്റെ ഓഫീസ് ആണെങ്കിലും എന്റെ വീട് ആണെങ്കിലും ഭാര്യയുടെ വീട് ആണെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനുള്ളിലാണ്. ഏതൊരു പൊതുപ്രവര്‍ത്തകനും അവരുടെ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യം. പിന്നെ പാര്‍ട്ടിയുടെ തീരുമാനം പോലെ ഇരിക്കും കാര്യങ്ങള്‍.

മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ ഓരോ പ്രവര്‍ത്തകരുമായി പാര്‍ട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ട്. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കും. ഏത് സീറ്റ് നല്‍കിയാലും സ്വീകരിക്കും. വട്ടിയൂര്‍ക്കാവിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അവിടെയുള്ളയാള്‍ എന്ന നിലയില്‍ അറിയാം. വട്ടിയൂര്‍ക്കാവ് സീറ്റ് കിട്ടിയാല്‍ ഏറെ സന്തോഷം’ കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, വട്ടിയൂര്‍ക്കാവ് ലഭിച്ചില്ലെങ്കില്‍ മത്സരരംഗത്തുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കെ സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കെ സുരേന്ദ്രന്‍കൂടി തിരുവനന്തപുരത്ത് എത്തിയാല്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ജില്ലയായി തലസ്ഥാനജില്ല മാറും. ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016-ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ വി. ശിവന്‍കുട്ടിയിലൂടെ സിപിഎം സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. കഴക്കൂട്ടത്ത് വി. മുരളീധരന്‍ മത്സരിച്ചേക്കുമെന്ന സൂചനകളുമുണ്ട്.

വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് ആറു പേർക്ക്

വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് ആറു പേർക്ക്

അബുദാബി: വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് വിവിധ രാജ്യക്കാരായ ആറു പേർക്ക്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ അവയവങ്ങളാണ് ആറ് പേർക്ക് പുതുജീവിതമേകിയത്. അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ബാബുരാജിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

രണ്ടാഴ്ച മുൻപാണ് ബാബുരാജ് വാഹനാപകടത്തിൽപ്പെട്ടത്. സിഗ്നലിൽ റോഡ് മുറിച്ചുകടക്കവേ ഇലക്ട്രിക് സ്‌കൂട്ടർ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

‘കാറിന് വട്ടം വച്ചു നിര്‍ത്തിയ കുടുംബം; ആ ഭാര്യയും ഭര്‍ത്താവും പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു’; വെളിപ്പെടുത്തി നിവിന്‍ പോളി

‘കാറിന് വട്ടം വച്ചു നിര്‍ത്തിയ കുടുംബം; ആ ഭാര്യയും ഭര്‍ത്താവും പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു’; വെളിപ്പെടുത്തി നിവിന്‍ പോളി

സര്‍വ്വം മായയുടെ വന്‍ വിജയത്തിന്റെ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് നിവിന്‍ പോളി. ഏറെ നാളുകള്‍ക്ക് ശേഷമാണ് നിവിന്‍ പോളിയുടെ ഒരു സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നത്. 600 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ നിവിന്‍ പോളി ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യനൊരുക്കിയ ചിത്രം പത്ത് ദിവസം കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു.

സര്‍വ്വം മായയുടെ വിജയത്തിന് പിന്നാലെ, മോശം സമയത്തും തനിക്ക് പിന്തുണ നല്‍കി കൂടെ നിന്ന പ്രേക്ഷകര്‍ക്ക് നിവിന്‍ പോളി നന്ദി പറഞ്ഞിരുന്നു. കരിയറില്‍ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നപ്പോള്‍ ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകരാണെന്നാണ് നിവിന്‍ പോളി പറഞ്ഞത്. വിവാദങ്ങള്‍ നേരിടേണ്ടി വന്ന സമയത്ത് പ്രേക്ഷകരുടെ സ്‌നേഹം തൊട്ടറിഞ്ഞൊരു അനുഭവം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പങ്കുവെക്കുന്നുണ്ട്.

”എന്റെ ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി ഒരാള്‍ വന്ന സമയം കലൂരിലെ വീട്ടിലേക്കു പോകുമ്പോള്‍, സ്‌കൂട്ടറില്‍ വന്ന ഒരു കുടുംബം എന്റെ കാറിനു വട്ടം വച്ചു നിര്‍ത്തി. ആ ഭാര്യയും ഭര്‍ത്താവും എന്നോടു പറഞ്ഞു, ‘ഞങ്ങളുണ്ട് കൂടെ. ഇതിലൊന്നും തളരരുത്. ധൈര്യമായി മുന്നോട്ടു പോകണം’. എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ ആരാണവര്‍? അവര്‍ക്കു വണ്ടി ഓടിച്ചു നേരെ വീട്ടില്‍ പോയാല്‍ പോരെ? പക്ഷേ, ഞാന്‍ ചെയ്ത ചില സിനിമകള്‍ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. അതുകൊ ണ്ടാവും വണ്ടി നിര്‍ത്തി അടുത്തേക്കു വരാന്‍ തോന്നിയത്.” എന്നാണ് നിവിന്‍ പോളി പറഞ്ഞത്.

സ്ഥിരമായി ഒരേ തരത്തിലുള്ള സിനിമകള്‍ ചെയ്യൂവെന്ന് വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴാണ് താന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായതെന്ന് നേരത്തെ നിവിന്‍ പോളി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ചെയ്ത സിനിമകളെല്ലാം തനിക്ക് ഇഷ്ടപ്പെട്ടവയായിരുന്നുവെന്ന് നിവിന്‍ പറയുന്നു. ”എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് ചെയ്തതൊക്കെയും. നിര്‍ഭാഗ്യവശാല്‍ അവ വേണ്ടതുപോലെ വിജയിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ലെന്നു മാത്രം. ഞാന്‍ മാത്രമല്ല കുടുബം മുഴുവന്‍ അതിന്റെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. എവിടെ ചെന്നാലും ആളുകള്‍ക്കു ചോദിക്കാന്‍ ഉണ്ടായിരുന്നത് സിനിമകളുടെ പരാജയത്തെപ്പറ്റി മാത്രമായിരുന്നു. പലരും പല ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. അതോടെ ഞാനാകെ കണ്‍ഫ്യൂഷനിലായി” എന്നും നിവിന്‍ പറയുന്നു.

അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായയിലെ നായിക റിയ ഷിബുവാണ്. അജു വര്‍ഗീസും നിവിന്‍ പോളിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രം കൂടിയാണ് സര്‍വ്വം മായ. ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, മധു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൗസ്ഫുള്ളായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് സര്‍വ്വം മായ.

ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൽ ഡി സി എ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു

ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൽ ഡി സി എ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു

ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന തുടർവിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA) കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.

വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി.

അപേക്ഷ ഫോറവും വിശദവിവരങ്ങളും പോളിടെക്ന‌ിക് കോളേജിന്റെ തുടർവിദ്യഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 12 .01. 2026
വിശദവിവരങ്ങൾക്ക്: ഫോൺ നമ്പർ : 6235557495 / 9447322865.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരത്തോടെ

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരത്തോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ രണ്ടാംവാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്. കേരളത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഭരണഘടനാപരമായ സമയപരിധി പ്രകാരം, മേയ് ഏഴിനുമുൻപായി കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി, കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ തിങ്കളാഴ്ച കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി പ്രാഥമിക ചർച്ച നടത്തി. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും പ്രത്യേകിച്ച് ക്രമസമാധാന പ്രശ്നങ്ങളുമാണ് യോഗത്തിൽ മുഖ്യമായി പരിഗണിച്ചത്.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ സിഇഒമാരാണ് ചർച്ചയിൽ പങ്കെടുത്തത്. സുരക്ഷാ സംവിധാനങ്ങൾ, പോളിങ് ക്രമീകരണങ്ങൾ, കേന്ദ്രസേനയുടെ വിന്യാസം തുടങ്ങിയ വിഷയങ്ങളിലാണ് വിശദമായ അവലോകനം നടന്നത്. 2023ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ കേന്ദ്രസേന അനുവദിക്കണമെന്ന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ആവശ്യപ്പെട്ടു.

ഇതിന്റെ തുടർനടപടിയായി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിൽ കമ്മിഷണർമാരായ ഡോ. സുഖ്‌വിന്ദർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ഫെബ്രുവരി ആദ്യവാരം അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ടുള്ള പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.