by Midhun HP News | Dec 29, 2023 | Latest News, ജില്ലാ വാർത്ത
തിരുവനനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം മൂലമെന്ന് കേന്ദ്ര ഏജന്‍സി. പുലിമുട്ട് നിര്‍മ്മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും സിഡബ്ല്യുപിആര്‍എസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്.തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി ശുപാര്‍ശ ചെയ്തു. മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും സര്‍ക്കാറിന്റെ അന്തിമ തീരുമാനം.
അറുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവനാണ് മുതലപ്പൊഴിയില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആര്‍എസിനെ മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചത്. മണ്‍സൂണ്‍, പോസ്റ്റ് മണ്‍സൂണ്‍ സീസണുകള്‍ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്റില്‍ പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. നിലവിലെ അലൈന്റ്‌മെന്റ് തുടര്‍ന്നാല്‍, മണ്‍സൂണ്‍ കാലത്ത് അപകടം ഉറപ്പാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി മുന്നോട്ടുവെയ്ക്കുന്നത്. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി 170 മീറ്റര്‍ ദൂരത്തോളം വളച്ചെടുക്കണം. അത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം. അഴിമുഖത്ത് മണ്ണടിയുന്നതും, വള്ളങ്ങള്‍ ഒഴുക്കില്‍പ്പെടുന്നതും തടയാന്‍ ഇത് സഹായിക്കുമെന്നും ശുപാര്‍ശയില്‍ പറയുന്നു. പുതിയ രൂപരേഖയില്‍ കഴിഞ്ഞ ദിവസം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.
by Midhun HP News | Dec 27, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്ന പൊലീസിനും രക്ഷയില്ല. പൊലീസ് കമ്മീഷണര്‍ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം 25,000 രൂപ തട്ടിയെടുത്തു. ബാങ്കിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട്‌സ് ഓഫീസറുടെ പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ സൈബര്‍ ക്രൈം പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തട്ടിയെടുത്ത പണം തട്ടിപ്പുകാരുടെ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുന്നത് തടഞ്ഞു. അക്കൗണ്ട്‌സ് ഓഫീസര്‍ എസ് കുമാരി മഞ്ജുവിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നു 18ന് ആണ് പണം നഷ്ടമായത്. അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് കാഷ്യര്‍ ജോണ്‍ ആണ്.
ജോണിന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആണ് ബാങ്കില്‍ നിന്നെന്ന് വിശ്വസിപ്പിച്ച് സന്ദേശം എത്തിയത്. 24 മണിക്കൂറിനുള്ളില്‍ കെവൈസി പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു സന്ദേശം. ഇതു വിശ്വസിച്ച ഉദ്യോഗസ്ഥന്‍ സന്ദേശത്തിലെ ലിങ്കില്‍ കയറി ഒടിപി കൈമാറി. ഉടന്‍ അക്കൗണ്ടില്‍ നിന്നു 25000 രൂപ നഷ്ടപ്പെടുകയായിരുന്നു. പണം നഷ്ടമായത് അറിഞ്ഞ ഓഫീസര്‍ 1930 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് വിവരം അറിയിച്ചു.
അന്വേഷണത്തില്‍, തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്കാണ് പണം മാറിയതെന്നു കണ്ടെത്തി. ഈ അക്കൗണ്ടില്‍ വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയശേഷം പിന്‍വലിക്കുന്നതായിരുന്നു രീതി. എന്നാല്‍ പണം രണ്ടാമത്തെ അക്കൗണ്ടിലേക്ക് കൈമാറുന്നതിനു മുന്‍പേ പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സൂചന.
by Midhun HP News | Dec 27, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി ഒറ്റൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയംഗവും, വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റുമായ ജോഷി ബാസുവിനെയാണ് സസ്പെന്റ് ചെയ്തതെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
by Midhun HP News | Dec 27, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. നവജാത ശിശുവിനെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി രണ്ടുമണിയോടെ ശ്രീദേവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മൂന്നരയോടെ സജി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റിന്‍കരയില്‍ നിന്ന് കുഞ്ഞിന്റെ ടവല്‍ കിട്ടി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കിണറ്റില്‍ ഇറങ്ങിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീടിന്റെ പിറകിലെ കിണറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
by Midhun HP News | Dec 26, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടത്. രാവിലെ എട്ടരയോടെയാണ് സ്‌റ്റേഷനിലെ പൊലീസുകാര്‍ പുലിയെ കാണുന്നത്.
പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. ഓടി മറഞ്ഞ പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
തൊട്ടടുത്തുള്ള അഗസ്ത്യാര്‍ വനമേഖലയിലേക്ക് പുള്ളിപ്പുലി കയറിപ്പോയിട്ടുണ്ടാകും എന്നാണ് വനംവകുപ്പിന്റെ നിഗമനം. എങ്കിലും ക്രിസ്മസ് അവധിക്കാലമായതിനാല്‍ പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചിലും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Dec 26, 2023 | Latest News, ജില്ലാ വാർത്ത
ശിവഗിരി തീര്‍ഥാടനം ആധ്യാത്മികതക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർത്ഥാടനത്തിന്‍റെ പ്രസക്തി വർധിച്ച് വരുകയാണ്. ഗുരുദേവൻ നിർദേശിച്ച പഞ്ചശുദ്ധികളിൽ ഒന്നായ വാക് ശുദ്ധി അധികാരസ്ഥാനത്തുള്ളവർ ഉൾക്കൊള്ളണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച
ശിവഗിരി മഹാതീർത്ഥാടന വിളംബര പദയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകം സംഘർഷങ്ങളിൽ ഉലഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ കൂടുതൽ പ്രചാരം നൽകണം. തൊണ്ണൂറു വര്‍ഷത്തിനിപ്പുറവും കേരളസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന അടിത്തറ പാകിയ ത്രികാല ജഞാനിയാണ് ഗുരുദേവൻ.
ഒരു പീഡയുറുമ്പിനും വരുത്തരുതെന്നുള്ള കരുണയും അനുകമ്പയുമാണ് ശിവഗിരി തീർത്ഥാടനത്തിന്‍റെ പ്രസക്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങുകൾ.
Recent Comments