പൊന്മുടിയില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പുള്ളിപ്പുലി; വനംവകുപ്പിന്റെ തിരച്ചില്‍

പൊന്മുടിയില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പുള്ളിപ്പുലി; വനംവകുപ്പിന്റെ തിരച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടത്. രാവിലെ എട്ടരയോടെയാണ് സ്‌റ്റേഷനിലെ പൊലീസുകാര്‍ പുലിയെ കാണുന്നത്.

പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിലൂടെ സമീപത്തെ പുല്‍മേടുകളിലേക്ക് പുലി കയറിപ്പോകുന്നതാണ് പൊലീസുകാര്‍ കണ്ടത്. ഓടി മറഞ്ഞ പുലിയെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

തൊട്ടടുത്തുള്ള അഗസ്ത്യാര്‍ വനമേഖലയിലേക്ക് പുള്ളിപ്പുലി കയറിപ്പോയിട്ടുണ്ടാകും എന്നാണ് വനംവകുപ്പിന്റെ നിഗമനം. എങ്കിലും ക്രിസ്മസ് അവധിക്കാലമായതിനാല്‍ പൊന്മുടി, അപ്പര്‍ സാനിറ്റോറിയം ഭാഗത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് കണക്കിലെടുത്ത് പ്രദേശത്ത് തിരച്ചിലും നിരീക്ഷണവും വനംവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

ശ്രീനാരായണ പ്രബോധനങ്ങൾക്ക് കേരളത്തിൽ വലിയ പ്രസക്തി കൈവന്നിരിക്കുന്ന കാലം: വി.മുരളീധരൻ

ശ്രീനാരായണ പ്രബോധനങ്ങൾക്ക് കേരളത്തിൽ വലിയ പ്രസക്തി കൈവന്നിരിക്കുന്ന കാലം: വി.മുരളീധരൻ

ശിവഗിരി തീര്‍ഥാടനം ആധ്യാത്മികതക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർത്ഥാടനത്തിന്‍റെ പ്രസക്തി വർധിച്ച് വരുകയാണ്. ഗുരുദേവൻ നിർദേശിച്ച പഞ്ചശുദ്ധികളിൽ ഒന്നായ വാക് ശുദ്ധി അധികാരസ്ഥാനത്തുള്ളവർ ഉൾക്കൊള്ളണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച
ശിവഗിരി മഹാതീർത്ഥാടന വിളംബര പദയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോകം സംഘർഷങ്ങളിൽ ഉലഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ കൂടുതൽ പ്രചാരം നൽകണം. തൊണ്ണൂറു വര്‍ഷത്തിനിപ്പുറവും കേരളസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന അടിത്തറ പാകിയ ത്രികാല ജഞാനിയാണ് ഗുരുദേവൻ.
ഒരു പീഡയുറുമ്പിനും വരുത്തരുതെന്നുള്ള കരുണയും അനുകമ്പയുമാണ് ശിവഗിരി തീർത്ഥാടനത്തിന്‍റെ പ്രസക്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങുകൾ.

എൻ.എസ്.എസ് കരയോഗം 9-ാം വാർഷിക സമ്മേളനവും, വനിതാ സമാജം വാർഷികവും സംഘടിപ്പിച്ചു

എൻ.എസ്.എസ് കരയോഗം 9-ാം വാർഷിക സമ്മേളനവും, വനിതാ സമാജം വാർഷികവും സംഘടിപ്പിച്ചു

ആറിങ്ങൽ പാർവ്വതിപുരം ശ്രീ വിഘ്നേശ്വര എൻ.എസ്.എസ് കരയോഗം 9-ാം വാർഷിക സമ്മേളനവും, വനിതാ സമാജം വാർഷികവും സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് ടി.ആർ ബാബു ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കരയോഗം മുൻ പ്രസിഡന്റ് എം.പി.ജയചന്ദ്രൻ നായർ പഠനോപകരണം വിതരണം ചെയ്തു. എം.എസ് ജയകുമാർ, ടി.എച്ച് ജയശ്രീ, പി.രാമചന്ദ്രൻ നായർ, മിനി ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍?;  സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍?; സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വില വര്‍ധിപ്പിക്കാനുള്ള സമിതി നിര്‍ദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കൂടുതല്‍ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്.

സപ്ലൈകോ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശവും മന്ത്രിസഭായോഗം പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

എന്നാല്‍ നവകേരള സദസ്സ് വന്നതോടെ തീരുമാനം നീട്ടിവെക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍, അവശ്യസാധന സബ്‌സിഡിയില്‍ കാലോചിതമായ മാറ്റമില്ലാതെ പറ്റില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്. അതത് സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിനുള്ള തുക അവിടെ നിന്ന് തന്നെ സമാഹരിക്കാനും നിര്‍ദ്ദേശമുണ്ട്.

തിരുവനന്തപുരത്ത് ഒരാളെ തട്ടിക്കൊണ്ടുപോയി, സാഹസിക രക്ഷപ്പെടൽ: അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഒരാളെ തട്ടിക്കൊണ്ടുപോയി, സാഹസിക രക്ഷപ്പെടൽ: അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ. ബാലരാമപുരത്തുനിന്ന് തമിഴ്നാട് സ്വദേശിയെ ആണ് തട്ടിക്കൊണ്ടുപോയത്. ആനയറ പെട്രോൾ പമ്പിൽവച്ച് അക്രമികളിൽനിന്ന് സാഹസികമായി ഇയാൾ രക്ഷപെട്ടു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി.

രക്ഷപെടാൻ ശ്രമിച്ച തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഇക്കഴിഞ്ഞ 13നാണ് ഒരാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. ഈ കേസിലും അക്രമികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

പുസ്തകച്ചർച്ചയും വനിതാസാഹിതി രൂപീകരണവും സംഘടിപ്പിച്ചു

പുസ്തകച്ചർച്ചയും വനിതാസാഹിതി രൂപീകരണവും സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാമനപുരം നദിക്കരയിലെ ആറ്റിങ്ങൽ-കൊല്ലമ്പുഴ മുൻസിപ്പൽ പാർക്കിൽ വിഭു പിരപ്പൻകോട് രചിച്ച ‘അഗ്നിഗാത്ര’ എന്ന ഖണ്ഡകാവ്യത്തിന്റെ പുസ്തകച്ചർച്ചയും വനിതാസാഹിതി രൂപീകരണവും സംഘടിപ്പിച്ചു.

അഭിനേതാവും വിൽപ്പാട്ട് കലാകാരനും, ബിഗ്‌ബോസ്സ് താരവുമായ മണികണ്ഠൻ തോന്നയ്ക്കൽ പുസ്തകം അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ഡോ :ഉണ്ണികൃഷ്ണൻ പാറക്കൽ ആശംസ അർപ്പിച്ചു സംസാരിച്ചു. മേഖലാ പ്രസിഡന്റ്‌ ജെ. വിക്രമകുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എൻ. ബിനു സ്വാഗതവും, മേഖലാ സെക്രട്ടറി അഡ്വ :സിജെ. രാജേഷ് കുമാർ നന്ദിയും പറഞ്ഞു. വിശിഷ്ട വ്യക്തികളെ പൊന്നാട ആണിയിച്ചു ആദരിച്ചു. വനിതാ സാഹിതി രൂപീകരണം വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് വി. സീതമ്മാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണൻ പാറക്കൽ, ജോ. സെക്രട്ടറിമാരായ ബി.എസ് ജലജകുമാരി, ജി.എസ് പ്രസീത എന്നിവർ പങ്കെടുത്തു. തുടർന്ന് കേക്കുമുറിച്ച് ക്രിസ്തുമസ് – പുതുവത്സര ആഘോഷവും നടത്തി.