കോൺഗ്രസ് മാർച്ച്: തലസ്ഥാനത്ത് സംഘർഷം

കോൺഗ്രസ് മാർച്ച്: തലസ്ഥാനത്ത് സംഘർഷം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.

നവകേരള സദസ്സിന് ഇന്ന് സമാപനം; പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്ത് കനത്ത സുരക്ഷ

നവകേരള സദസ്സിന് ഇന്ന് സമാപനം; പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.

ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലുള്ളത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മാറ്റിവച്ച പര്യടനം പൂര്‍ത്തിയാക്കും.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങുക. കെ.സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കും. ഇതേവിഷയത്തില്‍ കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് വലയമാവും നഗരത്തിലുണ്ടാവുക.

ജില്ലാ മദ്രസാ സർഗവസന്തം നാളെ

ജില്ലാ മദ്രസാ സർഗവസന്തം നാളെ

തിരുവനന്തപുരം: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള മദ്രസകളിലെ വിദ്യാർത്ഥികളുടെ ജില്ലാതല സർഗമേള ‘സർഗവസന്തം 2023’ എന്ന പേരിൽ നാളെ ആറ്റിങ്ങലിൽ നടക്കും.

ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽഹിന്ദ് കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി ജില്ലയിലെ മൂന്നൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ‘സർഗവസന്തം 2023’ ഉദ്ഘാടനം ചെയ്യും. ജില്ലാ മദ്രസാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

മദ്രസാ തലങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ കോംപ്ലക്സ് (ഉപജില്ല) തലങ്ങളിൽ മത്സരിച്ച് വിജയിച്ചാണ് ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. കിഡ്സ്‌, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ജനുവരി 13,14 തീയതികളിൽ മലപ്പുറം തിരൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കും.

“ആറ്റിങ്ങൽ ആസ്ഥാനമാക്കി റവന്യൂ ഡിവിഷണൽ ഓഫീസ് അനുവദിക്കണം” — കെ.ആർ.ഡി.എസ്.എ

“ആറ്റിങ്ങൽ ആസ്ഥാനമാക്കി റവന്യൂ ഡിവിഷണൽ ഓഫീസ് അനുവദിക്കണം” — കെ.ആർ.ഡി.എസ്.എ

ജനസംഖ്യാനുപാതികമായി തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസ് വിഭജിച്ച് വർക്കല, ചിറയിൻകീഴ് മേഖലകളിലെ ജനങ്ങളെ സഹായിക്കുന്നതിനായി ആറ്റിങ്ങൽ ആസ്ഥാനമാക്കി പുതിയൊരു റവന്യൂ ഡിവിഷണൽ ഓഫീസ് അനുവദിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

തീരദേശ മേഖലകളിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി 50 കിലോമീറ്ററിലധികം സഞ്ചരിച്ച് കുടപ്പനക്കുന്നിലുള്ള റവന്യൂ ഡിവിഷണൽ ഓഫീസിൽ എത്തിച്ചേരുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി. കുടപ്പനക്കുന്ന് തീർത്ഥ ആഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ) നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് അനന്തൻ എസ്.ബി അധ്യക്ഷത വഹിച്ചു.

കെ.ആർ.ഡി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി. ശ്രീകുമാർ, സെക്രട്ടറി ആർ. സിന്ധു, ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി ജി. അനിൽകുമാർ, വനിതാ കമ്മറ്റി സംസ്ഥാന പ്രസിഡന്റ് ശശികല എന്നിവർ സംസാരിച്ചു. കെ.ആർ.ഡി.എസ്.എ ജില്ലാ ട്രഷറർ രാകേഷ് കുമാർ സംഘടനാ റിപ്പോർട്ടും, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മഞ്ജു ജി.എസ് വാർഷിക റിപ്പോർട്ടും, ട്രഷറർ നന്ദു കൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ.ആർ.ഡി.എസ്.എ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സാന്ദ്ര എസ്.ദേവ് രക്തസാക്ഷി പ്രമേയവും, പ്രിയങ്ക കെ.ജെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖല സെക്രട്ടറി സുജിത്ത്.എസ് സ്വാഗതവും ബ്രാഞ്ച് കമ്മിറ്റി അംഗം വി. വിഷ്ണു നന്ദിയും പറഞ്ഞു.
വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കുക, വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് / ഓഫീസ് അറ്റൻഡെന്റ് എന്നീ തസ്തികകളിലെ പ്രൊമോഷൻ ക്വാട്ട വർദ്ധിപ്പിക്കുക, വി.എഫ്.എ തസ്തിക അപ്ഗ്രേഡ് ചെയ്യുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസിൽദാർ തസ്തികയായി ഉയർത്തുക എന്നീ ആവശ്യങ്ങളും സർക്കാർ പരിഗണിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി അനന്തൻ എസ്.ബി (പ്രസിഡന്റ്), വിഷ്ണു എസ്.വി (സെക്രട്ടറി), രഞ്ജിനി, പ്രിയ കെ.ജെ (വൈസ് പ്രസിഡന്റുമാർ), നിഖിൽ റാണ, ശ്രീജിത്ത്‌ (ജോയിന്റ് സെക്രട്ടറിമാർ), അതുൽ ജോയി (ട്രഷറർ), വനിതാ കമ്മിറ്റി സെക്രട്ടറിയായി പ്രിയ കെ.ജെ, പ്രസിഡന്റായി സാന്ദ്ര കെ.ദേവ് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

ആലംകോട് വീണ്ടും സംഘർഷം: ആലംകോടും കരവാരത്തും ഇന്ന് കോൺഗ്രസ്സിന്റെ ഹർത്താൽ

ആലംകോട് വീണ്ടും സംഘർഷം: ആലംകോടും കരവാരത്തും ഇന്ന് കോൺഗ്രസ്സിന്റെ ഹർത്താൽ

ആറ്റിങ്ങൽ: ആലംകോട് വീണ്ടും യൂത്ത് കോൺഗ്രസ്, ഡി വൈ എഫ് ഐ സംഘർഷം. നിരവധി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം നടന്നു. രാത്രി ഒമ്പതര മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രി മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന സമയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതുമായി ബന്ധപ്പെട്ട് സംഘർഷം നടന്നിരുന്നു. ഇതിൽ മൂന്നോളം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് ആലംകോട് സുഹൈലിന്റെ വീടിനു നേരെ ആക്രമണം ഉണ്ടാകുമെന്ന സംശയത്തെ തുടർന്ന് പോലീസ് ക്യാമ്പ് ചെയ്യുകയായിരുന്നു.

രാത്രിയോടെ പോലീസ് മാറിയ സമയത്താണ് സുഹൈലിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. തുടർന്ന് സംഘടിച്ച് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങൽ നഗരസഭ അംഗം നജാമിന്റെ വീടിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആറ്റിങ്ങൽ ആലംകോട് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് കരവാരം ഗ്രാമപഞ്ചായത്തിലും ആലംകോട് ടൗണിലും കോൺഗ്രസ്‌ ഇന്ന് ഹർത്താൽ ആചരിക്കുന്നു.

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്കും ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആലംകോട് മുസ്ലിം പള്ളിക്കെതിര്‍വശമുള്ള നജാമിന്റെ വീട് എറിഞ്ഞ് തകര്‍ത്തു. സമീപത്തുള്ള നജാമിന്റെ സഹോദരി താഹിറാബീവിയുടെ വീടും എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. താഹിറാബീവിയുടെ മകന്‍ സനതിന് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.

അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ബുധനാഴ്ച രാത്രിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ആലംകോട്ടുണ്ടായ പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റെയും തുടര്‍ച്ചയാണ് അക്രമസംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായിരുന്നു. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമായിട്ടാണ് വീട് ആക്രമിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതിന് പിന്നാലെയാണ് നജാമിന്റെ വീടിനും നേര്‍ക്കും ആക്രമണമുണ്ടാകുന്നത്.