സിഐടിയു ആറ്റിങ്ങൽ വർക്കല നഗരസഭാ യൂണിറ്റുകളുടെ രക്ഷാധികാരിയായി അഡ്വ.സി.ജെ.രാജേഷ്കുമാർ ചുമതലയേൽക്കും

സിഐടിയു ആറ്റിങ്ങൽ വർക്കല നഗരസഭാ യൂണിറ്റുകളുടെ രക്ഷാധികാരിയായി അഡ്വ.സി.ജെ.രാജേഷ്കുമാർ ചുമതലയേൽക്കും

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു) ആറ്റിങ്ങൽ വർക്കല നഗരസഭാ യൂണിറ്റുകളുടെ രക്ഷാധികാരിയായി അഡ്വ.സി.ജെ.രാജേഷ്കുമാർ ചുമതലയേൽക്കും

തിരുവനന്തപുരം: കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ്‌ ഫെഡറേഷൻ (കെ എം സി ഡബ്ലിയു- സി ഐ ടി യു) ജില്ലാ കമ്മറ്റിയിലേക്കാണ് അഡ്വ.സി.ജെ.രാജേഷ് കുമാറിനെ തിരഞ്ഞെടുത്തത്. കൂടാതെ ആറ്റിങ്ങൽ, വർക്കല നഗരസഭകളിലെ കണ്ടിജെന്റ് യൂണിറ്റുകളുടെ ചുമതലയും ഇദ്ദേഹത്തിനു നൽകാൻ സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയകുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വെച്ച് ചേർന്ന സംഘടന യോഗത്തിൽ തീരുമാനമായി.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ ജീവിതം ആരംഭിച്ച രാജേഷ്കുമാർ 1988 ൽ ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ എസ്.എഫ്.ഐ യെ പ്രതിനിധീകരിച്ച് സ്കൂൾ ചെയർമാനും, 1993 കോളേജ് യൂണിയൻ ചെയർമാനുമായി. കേരള സർവ്വകലാശാല സെനറ്റ് മെമ്പർ സ്ഥാനവും യൗവന കാലത്തുതന്നെ ഇദ്ദേഹത്തെ തേടിയെത്തി. 2000 ത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജനവിധി തേടിയ രാജേഷ്കുമാർ ആറ്റിങ്ങൽ നഗരസഭ കൗൺസിലിലേക്ക് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് 2005 ലെ ഇലക്ഷനിൽ വിജയിച്ച ഇദ്ദേഹം നഗരസഭ ചെയർമാനായി ചുമതലയേറ്റു. ഈ കാലയളവിലാണ് ശുചീകരണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ദേശീയ അംഗീകാരങ്ങൾ ആദ്യമായി ആറ്റിങ്ങലിനെ തേടിയെത്തുന്നത്. സ്വരാജ്ട്രോഫി, മലയാള മനോരമയുടെ സുഹൃതകേരളം പുരസ്കാരം, കൊച്ചിൻ കുസാറ്റ് സർവ്വകലാശാലയുടെ ബെസ്റ്റ് വേസ്റ്റ് മാനേജ്മെന്റ് അവാർഡ്, പ്രവാസി സംഘടനയുടെ അവാർഡ് എന്നിവ നഗരസഭക്ക് ലഭിച്ച പുരസ്കാരങ്ങളിൽ പ്രധാനമാണ്.

ഇടതുപക്ഷ വർഗ്ഗ ബഹുജന സംഘടനകളായ പുരോഗമന കലാസാഹിത്യ സംഘം മേഖലാ സെക്രട്ടറി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എപ്ലോയീ ഫെഡറേഷൻ ഏര്യാസെക്രട്ടറി, സഖാവ് ടി.ജയറാം മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, ആൾഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിലും രാജേഷ്കുമാർ പ്രവർത്തിച്ചു വരുന്നു. പൊതുപ്രവർത്തന രംഗത്ത് ഏറ്റെടുത്ത കർത്തവ്യങ്ങൾ വിജയകരമാക്കി മാറ്റിയ ചരിത്രമുള്ള സഖാവ് രാജേഷ്കുമാർ ആറ്റിങ്ങൽ വർക്കല നഗരസഭ കണ്ടിജെന്റ് യൂണിറ്റുകളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയാണ് സംഘടനാ നേതൃത്വത്തിനുള്ളത്.

കേരള പ്രദേശ് കർഷക കോൺഗ്രസ്‌ ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ നടന്നു

കേരള പ്രദേശ് കർഷക കോൺഗ്രസ്‌ ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ നടന്നു

കേരള പ്രദേശ് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ മൂന്ന് മുക്ക് മനോജ്‌ ബിൽഡിങ്ങിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ്.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കർഷക ആത്മഹത്യകൾ കൂടുതലായി നടക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കാനാണ് സർക്കാരുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് ആറ്റിങ്ങൽ മനോജ് സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ സെക്രട്ടറി എച്ച്. ബഷീർ, നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് കിനാലുവിള,വാർഡ് മെമ്പർ. കെ സതി, കർഷക കോൺഗ്രസ്‌ ഭാരവാഹികളായ എൽ.ഗായത്രി ദേവി.,മധുസൂദനൻ പിള്ള, ബേബി എന്നിവർ പ്രസംഗിച്ചു. വി കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

ചിക്കന്‍ കറി കുറഞ്ഞുപോയി, ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ചിക്കന്‍ കറി കുറഞ്ഞുപോയി, ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അക്രമം. ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞുപോയി എന്നാരോപിച്ച് രണ്ടുപേര്‍ ഹോട്ടലില്‍ ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ഹോട്ടലുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിനാണ് പരിക്കേറ്റത്. 46 കാരനായ നൗഷാദിന്റെ തലയ്ക്കാണ് വെട്ടു കൊണ്ടത്.

നൗഷാദിന്റെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. ഇയാള്‍ വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കല താന്നിമൂട് സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വര്‍ക്കല പൊലീസ് അറിയിച്ചു. യുവാക്കളുടെ ഇരുചക്രവാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മഴ കനത്തു;  തിരുവനന്തപുരത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

മഴ കനത്തു; തിരുവനന്തപുരത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

തിരുവനന്തപുരം: മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്. തിരുവനന്തപുരത്ത് മഴ തുടരുന്നതിനാല്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്.

തിരുവനന്തപുരത്തിന് പുറമെ, കൊല്ലം പത്തനംതിട്ട ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.

നവകേരള സദസ്സ് : ചിറയിൻകീഴ് മണ്ഡലത്തിലെ വേദി മാറ്റി

നവകേരള സദസ്സ് : ചിറയിൻകീഴ് മണ്ഡലത്തിലെ വേദി മാറ്റി

ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിന് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് വേദിയാകും. നേരത്തെ ശാർക്കര ദേവീ ക്ഷേത്ര മൈതാനമായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. ഡിസംബർ 21 രാവിലെ 11നാണ് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്. ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിനു വേദിയാക്കരുതെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വിധിച്ചിരുന്നു. ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം നവ കേരള സദസിനു നൽകിയതിനെതിരേ സമർപ്പിപ്പ ഹർജിയിലായിരുന്നു വിധി. പിന്നാലെ ചടയമം​ഗലം മണ്ഡലത്തിലെ കടയ്ക്കൽ ക്ഷേത്ര മൈതാനത്തെ വേദിയും മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് ഇന്നല സിപിഎം നേതൃത്വം ഇടപെട്ട് ശാർക്കര ദേവീ ക്ഷേത്ര മൈതാനത്തു നിന്നു വേദി മാറ്റിയത്.

പൊന്മുടി ഏഴാം വളവിൽ കാർ താഴ്ചയിലേക്ക് വീണു

പൊന്മുടി ഏഴാം വളവിൽ കാർ താഴ്ചയിലേക്ക് വീണു

തിരുവനന്തപുരം: പൊന്മുടി ഏഴാം വളവിൽ വാഹനാപകടം. നിയന്ത്രണം തെറ്റിയ കാർ നാലടി താഴ്ചയിലേക്ക് വീണു. കാറിനകത്തുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റു. മൂന്ന് മുതിർന്നവരും മൂന്ന് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.