ജനകീയാസൂത്രണ പദ്ധതിയിലൂടെ ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയിലൂടെ ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം മെൻസ്ട്രുവൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്തു

ആറ്റിങ്ങൽ: സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും ആർത്തവ കാലയളവിൽ ഉപയോഗിച്ചു വരുന്ന സാനിട്ടറി നാപ്കിന്റെ പകരക്കാരനാവുകയാണ് മെൻസ്ട്രുവൽ കപ്പുകൾ. ഗവ.കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മെൻസ്ട്രുവൽ കപ്പുകൾ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭ ആവിഷ്കരിച്ച പ്രത്യേക പദ്ധതിയിലൂടെ 5 ലക്ഷം രൂപ ചിലവിട്ടാണ് നഗരപരിധിയിലെ പൊതു വിദ്യാലയങ്ങളിലെ പെൺകുട്ടികൾക്കും, വനിതകൾക്കും ആദ്യഘട്ടത്തിൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങളായ ഗ്രേഡ് സിലിക്കണൊ റബ്ബറോ വെച്ചാണ് ആർത്തവ കപ്പുകൾ നിർമ്മിച്ചിരിക്കുന്നത്.

ഒരു മെൻസ്ട്രുവൽ കപ്പ് 5 മുതൽ 10 വർഷം വരെ കഴുകി ഉപയോഗിക്കാം. കൂടാതെ തുടർച്ചയായി 12 മണിക്കൂർ ഉപയോഗിക്കാനും സാധിക്കും. ഇതിലൂടെ ശേഖരിക്കുന്ന ആർത്തവ രക്തം അന്തരീക്ഷവായുവുമായി നേരിട്ട് സമ്പർക്കം ഉണ്ടാവാത്തതിനാൽ ദുർഗന്ധവും ഈർപ്പം നിലനിൽക്കുന്നതു മൂലം കൊണ്ടുണ്ടാവുന്ന ത്വക്ക് സംബന്ധ അലർജിരോഗങ്ങളും ഒഴിവാക്കാം. ഒരു സ്ത്രീയുടെ ജീവിത കാലയളവിൽ 11000 സാനിട്ടറി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നതാണ് ഏകദേശ കണക്ക്.

എന്നാൽ ആർത്തവ കപ്പുകളുടെ ഉപയോഗം വർദ്ധിക്കുന്നതോടെ ഭാവിയിൽ ശുചീകരണ മേഖല നേരിടുന്ന സാനിട്ടറി നാപ്കിൻ കൊണ്ടുള്ള മാലിന്യനിർമ്മാർജ്ജന പ്രതിസന്ധിക്കും പരിഹാരമാവും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.ഷീജ സ്വാഗതം പറഞ്ഞു. പ്രോജക്റ്റ് അസോസിയേറ്റ് പ്രൊഫസർ വിദ്യാവിനോദ് പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു. കൗൺസിലർ സതി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അനിത തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ സെലീന പരിപാടിക്ക് നന്ദിയും പറഞ്ഞു.

പ്രഭാത നടത്തത്തില്‍ കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

പ്രഭാത നടത്തത്തില്‍ കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: പ്രഭാത നടത്തം ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പ്രഭാത നടത്തത്തിന് സുരക്ഷിതമായ പാത തെരഞ്ഞെടുത്തില്ലെങ്കില്‍ അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

2022 ല്‍ മാത്രം 32,825 കാല്‍നട യാത്രികരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇരുചക്ര വാഹന സഞ്ചാരികള്‍ കഴിഞ്ഞാല്‍ മരണത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കാല്‍നടയാത്രക്കാരാണ്. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ എന്നിവ പ്രഭാത നടത്തത്തിനായി തെരഞ്ഞെടുക്കാതിരിക്കുക. കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും ,കറുത്ത റോഡും പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണുക അസാദ്ധ്യമാക്കുന്ന കാര്യമാണ്. അപകടങ്ങളില്‍ പെടാതിരിക്കാന്‍ കാല്‍നട യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

കുറിപ്പ്:

സുരക്ഷിതമായ നല്ല നടപ്പ്
പ്രഭാത നടത്തങ്ങള്‍ നമ്മുടെ ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്ല ശീലങ്ങള്‍ സ്വായത്തമാക്കുന്ന കാര്യത്തില്‍ നാം മലയാളികള്‍ പുറകിലല്ല. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് ഈയടുത്ത കാലത്ത്.

ഇന്ത്യയില്‍ 2022 – ല്‍ മാത്രം 32,825 കാല്‍നട യാത്രികരാണ് കൊല്ലപ്പെട്ടത് ഇരുചക്ര വാഹന സഞ്ചാരികള്‍ കഴിഞ്ഞാല്‍ മരണത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കാല്‍നടക്കാര്‍ ആണെന്നത് സങ്കടകരമായ സത്യമാണ്.
തിരുവനന്തപുരത്ത് ഈയിടെ 2 പേര്‍ കൊല്ലപ്പെട്ട സംഭവം ഈ കാര്യത്തില്‍ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ കാല്‍ നട യാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള നമ്മുടെ അജ്ഞത ഇങ്ങനെ പല കാരണങ്ങള്‍ മൂലവും പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നു.

രാത്രിയില്‍ കാല്‍നടയാത്രക്കാരുടെ ദൃശ്യപരത ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണ്. കാല്‍നടയാത്രക്കാരനെ താരതമ്യേന വളരെ മുന്‍ കൂട്ടി കണ്ടാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകള്‍ അമര്‍ത്തി പ്രതികരിക്കണം. കേരളത്തിലെ സാധാരണ റോഡുകളില്‍ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറില്‍ 70 കി.മീ (സെക്കന്റില്‍ 19.5 മീറ്റര്‍)സഞ്ചരിക്കുന്ന ഡ്രൈവര്‍ ഒരു കാല്‍നടയാത്രക്കാരനെ കണ്ട് പെട്ടെന്ന് കണ്ട് ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന Reaction time ഏകദേശം 1 മുതല്‍ 1.5 സെക്കന്‍ഡ് ആണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
ഈ സമയത്ത് വാഹനം 30 മീറ്റര്‍ മുന്നോട്ട് നീങ്ങും , ബ്രേക്ക് ചവിട്ടിയതിന് ശേഷം പൂര്‍ണ്ണമായി നില്‍ക്കാന്‍ പിന്നെയും 36 മീറ്റര്‍ എടുക്കും. അതായത് ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ ഏറ്റവും കുറഞ്ഞത് 66 മീറ്ററെങ്കിലും മുന്‍പ് കാണണം.

വെളിച്ചമുള്ള റോഡുകളില്‍ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാന്‍ കഴിയുന്നത് കേവലം 30 മീറ്റര്‍ പരിധിക്ക് അടുത്തെത്തുമ്പോള്‍ മാത്രമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു (വെളിച്ചം കുറവുള്ള റോഡില്‍ അത് 10 മീറ്റര്‍ വരെയാകാം ) അതും കാല്‍നടയാത്രികന്‍ റോഡിന്റെ ഇടത് വശത്താണെങ്കില്‍.ഡ്രൈവറുടെ വലതു വശത്തെ വിന്റ് ഷീല്‍ഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറല്‍ വിഷന്റെ പ്രശ്‌നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും. മഴ, മൂടല്‍മഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

കാല്‍നടയാത്രക്കാര്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാല്‍നടയാത്രക്കാരെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കില്ല എന്നതും പ്രശ്‌നമാണ്. വസ്ത്രത്തിന്റെ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി, കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും ,കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണുക എന്നത് തീര്‍ത്തും അസാദ്ധ്യമാക്കുന്നു.
കാല്‍ നട യാത്രക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണിവയൊക്കെ.ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ താഴെ കാണുക.
കരുതാം ഈ കാര്യങ്ങള്‍:

സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.

കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക.

വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ തിരഞ്ഞെടുക്കാം .

തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

ഫുട്പാത്ത് ഇല്ലെങ്കില്‍ നിര്‍ബന്ധമായും അരികില്‍ കൂടി വരുന്ന വാഹനങള്‍ കാണാവുന്ന രീതിയില്‍ റോഡിന്റെ വലത് വശം ചേര്‍ന്ന് നടക്കുക.

വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.
കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

സാധ്യമെങ്കില്‍ റിഫ്‌ളക്ടീവ് ജാക്കറ്റുകളൊ അത്തരം വസ്ത്രങ്ങളൊ ഉപയോഗിക്കുക.

വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങള്‍ പാഞ്ഞു വരാമെന്ന ശ്രദ്ധ വേണം .

ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.

കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അധിക ശ്രദ്ധ നല്‍കണം.

റോഡിലൂടെ വര്‍ത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.
വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ പാഞ്ഞുവരുന്ന ഒരു വാഹനത്തിനായി പ്രത്യേകം ശ്രദ്ധ വേണം.

മൂടല്‍ മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ വശങ്ങള്‍ നന്നായി കാണാന്‍ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക. കഴിയുമെങ്കില്‍ പ്രതികൂല കാലാവസ്ഥ ഒഴിവാക്കുക.

പിരപ്പമൺകാട് എലായിൽ ഞാറ് നടീൽ ഉത്സവം നടത്തി

പിരപ്പമൺകാട് എലായിൽ ഞാറ് നടീൽ ഉത്സവം നടത്തി

ആറ്റിങ്ങൽ: രംഗണി ലൈബ്രറി ആൻഡ് ആഭിമുഖ്യത്തിൽ പിരപ്പമൺകാട് എലായിൽ ഞാറ് നടീൽ ഉത്സവം നടത്തി. തരംഗിണി പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം നടത്തി. സെക്രട്ടറി സ്വാഗതം പറയുകയും തരംഗിണി മുൻ പ്രസിഡന്റ് സാബു വി ആർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തരംഗിണി എക്സിക്യൂട്ട് മെമ്പർമാർ, തരംഗിണി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

ആശ ജീവനക്കാർക്ക്‌ ആശ്വാസ വാര്‍ത്ത, രണ്ട് മാസത്തെ പ്രതിഫലം അനുവദിച്ചു

ആശ ജീവനക്കാർക്ക്‌ ആശ്വാസ വാര്‍ത്ത, രണ്ട് മാസത്തെ പ്രതിഫലം അനുവദിച്ചു

തിരുവനന്തപുരം: ആശ വർക്കർമാർക്ക്‌ രണ്ട് മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ ഈ തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു.

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം കഴിഞ്ഞ മാസം ഉയർത്തിയിരുന്നു. അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെയാണ്‌ വേതനം വർധിപ്പിച്ചത്. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു.

മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്‌. 62,852 പേർക്കാണ്‌ വേതന വർധന ലഭിക്കുന്നത്‌. ഇതിൽ 32,989 പേർ വർക്കർമാരാണ്‌. ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ്‌ നേട്ടം. ഇരു വർധനകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു.

‘ഡിജിറ്റലൈസേഷൻ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം’ — കെ.ആർ.ഡി.എസ്.എ

‘ഡിജിറ്റലൈസേഷൻ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം’ — കെ.ആർ.ഡി.എസ്.എ

വർക്കല: റവന്യൂ വകുപ്പിൽ പുതുതായി നടപ്പിലാക്കുന്ന ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) വർക്കല താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കുക, ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്/ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ പ്രൊമോഷൻ ക്വാട്ട വർദ്ധിപ്പിക്കുക, വി.എഫ്.എ തസ്തിക അപ്ഗ്രേഡ് ചെയ്യുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസീൽദാർ തസ്തികയായി ഉയർത്തുക എന്നീ ആവശ്യങ്ങളും പരിഗണിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വർക്കല റ്റി.എ മജീദ് സ്മാരക ഹാളിൽ നടന്ന സമ്മേളനം കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ആർ. സിന്ധു ഉദ്ഘാടനം ചെയ്തു. വർക്കല താലൂക്ക് പ്രസിഡന്റ്‌ സബീർ. എ അധ്യക്ഷത വഹിച്ചു. കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം കെ സുരകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി ജി. അനിൽകുമാർ, ട്രഷറർ ബി.രാകേഷ് കുമാർ, കെ.ആർ.ഡി.എസ്.എ താലൂക്ക് കമ്മിറ്റി അംഗങ്ങളായ മായ പി.വി, ഷോമരാജ് റ്റി.എൽ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വൈ. സുൽഫീക്കർ സംഘടന റിപ്പോർട്ടും,താലൂക്ക് സെക്രട്ടറി സുരേഷ് എസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അരുൺകുമാർ. ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെആർഡിഎസ്എ വർക്കല താലൂക്ക് കമ്മിറ്റി അംഗങ്ങളായ മനോജ്‌. ജെ സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം രാജേഷ്കുമാർ.എസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സബീർ. എ (പ്രസിഡന്റ്), സുരേഷ്. എസ് (സെക്രട്ടറി), മനീഷ്.എ, ഷോമരാജ് റ്റി.എൽ (വൈസ് പ്രസിഡന്റുമാർ), മനോജ്‌. ജെ, രാജേഷ് കുമാർ.എസ് (ജോയിന്റ് സെക്രട്ടറിമാർ), അരുൺകുമാർ. ജി (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

“ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം”; അഡ്വ. അടൂർ പ്രകാശ്. എം. പി

“ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം”; അഡ്വ. അടൂർ പ്രകാശ്. എം. പി

ഈ വർഷത്തെ ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശിവഗിരിയിലേയ്ക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തണമെന്ന് അഡ്വ.അടൂർ പ്രകാശ് എം. പി കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകി.

ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ തീർത്ഥാടനത്തിന് എത്തി ചേരുന്നതിന് തീർത്ഥാടകർക്ക് ബുദ്ധി മുട്ട് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഡിസംബർ അവസാനവാരത്തിൽ ഇന്ത്യയിലെ വിവിധ പ്രധാനപ്പെട്ട പട്ടണങ്ങളിൽ നിന്നും, വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും ജനങ്ങൾക്ക് ശിവഗിരിയിൽ എത്തി ചേരുന്നതിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടത്. ഇതിനു പുറമേ കേരളത്തിനകത്തും ഈ ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് കത്തിൽ എം. പി ആവശ്യപ്പെട്ടു.