മികച്ച ഏഷ്യൻ നടനായി ടൊവിനോ തോമസ്, 2018ലൂടെ രാജ്യാന്തര പുരസ്‍കാരം

മികച്ച ഏഷ്യൻ നടനായി ടൊവിനോ തോമസ്, 2018ലൂടെ രാജ്യാന്തര പുരസ്‍കാരം

കേരളത്തിന്റെ പ്രളയകാലം പറഞ്ഞ 2018ലെ പ്രകടനത്തിലൂടെ നടൻ ടൊവിനോ തോമസിന് രാജ്യാന്തര പുരസ്കാരം. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ നേടിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.

‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയർത്തെഴുന്നേൽക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ മലയാളികൾ എന്താണ് ചെയ്തതെന്ന് പിന്നീട് ലോകം കണ്ടതാണ്. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇതെപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനു വേണ്ടിയാണ്.’- എന്ന കുറിപ്പിലാണ് ടൊവിനോ പുരസ്കാര സന്തോഷം പങ്കുവച്ചത്

ടൂറിസം കലണ്ടർ പ്രകാശനം ചെയ്തു

ടൂറിസം കലണ്ടർ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര ടൂറിസം ദിനത്തോടനുബന്ധിച്ച് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം 2023 – 24 വർഷത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി കലണ്ടർ പ്രകാശനം ചെയ്തു. 2023 – 24 വർഷത്തേക്കുള്ള 100 ടൂറിസം പാക്കേജുകൾ ഉൾപ്പെടുത്തിയുള്ള ടൂറിസം കലണ്ടറാണ് പ്രകാശനം ചെയ്തത്. ഉത്തരവാദിത്തത്തോടുകൂടി സ്വദേശത്തും വിദേശത്തും നിരവധി ടൂർ പാക്കേജുകൾ നടപ്പിലാക്കി, സാധാരണക്കാരന് സ്വപ്‍നം കാണാനാകും വിധം പാക്കേജുകൾ സംഘടിപ്പിക്കുന്ന സർക്കാർ നിയന്ത്രിത സഹകരണ സ്ഥാപനമാണ് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘമെന്ന് എസ് കുമാരി പറഞ്ഞു.

ഇതിനോടകം തന്നെ നിരവധി ടൂറിസം പാക്കേജുകൾ പൂർത്തിയാക്കി മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ആറ്റിങ്ങൽ ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘത്തിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ്‌ ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, സംഗീത, അരുൺ, പ്രണവ് എന്നിവർ പങ്കെടുത്തു.

വൈദ്യുതി ജീവനക്കാരെ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി

വൈദ്യുതി ജീവനക്കാരെ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി

ആറ്റിങ്ങൽ: ആറ്റിങ്ങൽ വൈദ്യുതി ജീവനക്കാരെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതി. ആറ്റിങ്ങൽ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻമാരായ ഗോപകുമാർ, സന്തോഷ് എന്നിവരെയാണ് കഴിഞ്ഞ രാത്രി മേലാറ്റിങ്ങൽ ഭാഗത്ത് വെച്ച് മൂന്നംഗ സംഘം ആക്രമിച്ചത്. ഒരു വീട്ടിൽ രാത്രി 8.30ഓടെ വൈദ്യുത കണക്ഷൻ പുന:സ്ഥാപിച്ച ശേഷം ജീപ്പിൽ കയറുന്നതിനിടെ കാറിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ ജീവനക്കാരനായ സന്തോഷിനെ സിഗരറ്റ് കൊണ്ട് പൊള്ളിക്കാനും ശ്രമിച്ചു. തുടർന്ന് ജീവനക്കാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസ് സ്റ്റേഷന് മുന്നിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ

പൊലീസ് സ്റ്റേഷന് മുന്നിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയ തമിഴ്നാട്ടുകാരനായ യുവാവ് തമിഴ്നാട് പൊലീസിന്റെ പിടിയിലായി. പിടിച്ചുപറിയും മോഷണ പരമ്പരകളും നടത്തിയ തക്കല സ്വദേശി മെർലിൻ രാജിനെ ഇന്നലെ കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി രണ്ട് മാസത്തോട് അടുക്കുന്നതിനിടയിലാണ് പ്രത്യേക ടീം തന്ത്രപരമായി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച വിവരം തമിഴ്നാട് പൊലീസ് വിഴിഞ്ഞം പൊലീസിന് ഇന്നലെ വൈകുന്നേരമാണ് കൈമാറിയത്. ജൂലൈ 12 ലെ സംഭവം നടന്ന് മൂന്നാം നാൾ മെർലിന്റെ ബന്ധുവും കൂട്ടു പ്രതിയുമായ കൽക്കുളം മരുതവിള മണലിയിൽ റെജിലിനെ (30) തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെർലിനെ പിടികൂടാനായിരുന്നില്ല. വിവിധ ഇടങ്ങളിൽ ചുറ്റിനടന്ന് മോഷണം നടത്തുന്ന മെർലിനെ ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിലാണ് പൊലീസ് അകത്താക്കിയത്. ജൂലൈ 12 ന് വൈകുന്നേരം വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട പയറ്റുവിളറോഡിലൂടെ ആക്ടീവയിൽ പോയ യുവതിയുടെ മാല പിടിച്ച് പറിക്കാൻ മെർലിൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ വരുന്നത് കണ്ട് മെര്‍ലിന്‍ തന്റെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ ബൈക്ക് കേടായി. റോഡരികിൽ വാഹനം പൂട്ടി വച്ച ശേഷം മെർലിൻ ഓടിരക്ഷപ്പെട്ടു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത ബൈക്ക് സ്റ്റേഷൻ മുറ്റത്ത് പാർക്ക് ചെയ്തു. എന്നാൽ പൊലീസിന്റെ മൂക്കിന് താഴെ സ്റ്റേഷൻ മുറ്റത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ,തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിക്കൊണ്ട് പോയാണ് മെര്‍ലിന്‍ പൊലീസുകാരെ ഞെട്ടിച്ചത്.

കൂട്ടുപ്രതിയായ റെജിനെ തമിഴ്നാട്ടിൽ നിന്ന് രാത്രിയിൽ വിളിച്ച് വരുത്തിയ മെർലിൻ സ്റ്റേഷൻ പരിസരം വീക്ഷിച്ച് പുലർച്ചെ പാറാവുകർ ഷിഫ്റ്റ് മാറുന്ന അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാഹനം കടത്തി. സ്റ്റേഷൻ മുറ്റത്ത് നിന്ന് ഉരുട്ടി റോഡിൽ എത്തിച്ച ബൈക്ക് വയർ ഉപയോഗിച്ച് സ്റ്റാർട്ടാക്കി ഓടിച്ച് പോയി. നേരംപുലരുന്നതിനിടയിൽ സംഘം സംസ്ഥാനം വിട്ടു. തുടർന്ന് സിസിടിവി കാമറകൾ പരിശോധിച്ചാണ് ബൈക്ക് കടത്തിക്കൊണ്ട് പോയവരെ തിരിച്ചറിഞ്ഞത്. മോഷണശ്രമം, തൊണ്ടിമുതൽ കടത്തൽ എന്നിങ്ങനെ രണ്ട് കേസുകൾ മെർലിനെതിരെ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ചോദ്യംചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്.ഐ വിനോദ് അറിയിച്ചു

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

വക്കം റൈറ്റർവിള ഗവൺമെന്റ് ന്യൂഎൽപി സ്കൂളിൽ അറബിക് താത്ക്കാലിക അധ്യാപക തസ്തികയിലേയ്ക് ഒഴിവ്. നിയമനത്തിനായുള്ള അഭിമുഖം 29നു ഉച്ചയ്ക്കു രണ്ടു മണിക്കു സ്കൂൾ ഓഫിസിൽ നടക്കും. ബന്ധപ്പെട്ടവർ അസൽ രേഖകളുമായെത്തണം.

കെ.സുനിൽ കുമാറിന് കെ.ജി. ജോർജ് പുരസ്കാരം

കെ.സുനിൽ കുമാറിന് കെ.ജി. ജോർജ് പുരസ്കാരം

ആറ്റിങ്ങൽ: അധ്യാപകൻ, പത്രപ്രവർത്തകൻ, സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച് അകാലത്തിൽ മരണപ്പെട്ട കെ.സുനിൽ കുമാറിന് പുരസ്കാരം. സാംസ്കാരിക സംഘടനയായ ഫ്രീഡം ഫിഫ്റ്റിയാണ് കലാ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ കെ. ജി. ജോർജിൻ്റെ പേരിലുള്ള പുരസ്കാരം നൽകുന്നത്.

മരണാനന്തര ബഹുമതിയായി ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും. മുൻ എം പി പന്ന്യൻ രവീന്ദ്രൻ, സിനിമാ താരം ഭീമൻ രഘു, റസൽ സബർമതി, പിരപ്പൻകോട് ശ്യാം കുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സാഹിത്യ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും പർപാടിയിൽ പങ്കെടുക്കും. നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വ ചലച്ചിത്ര സംവിധായകൻ ആയിരുന്നു സുനിൽ കുമാർ. ധാരാളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. അതോടൊപ്പം അധ്യാപനം, പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. നല്ലൊരു തിരക്കഥാകൃത്തും സംഗീത സംവിധായകനും ഗായകനും കൂടിയായിരുന്നു സുനിൽ കുമാർ.