by Midhun HP News | Sep 26, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഒഴിവുള്ള സി.എച്ച്.എന്‍.എം ട്രേഡില്‍ ഇ.ഡബ്ല്യൂ.എസ്, ഒ.സി വിഭാഗങ്ങള്‍ക്കായും വെല്‍ഡര്‍ ട്രേഡില്‍ ലാറ്റിന്‍ കത്തോലിക് / ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായും എം.എം.ടി.എം ട്രേഡില്‍ എസ്.സി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കില്‍ ഈ ട്രേഡുകളിലെ എന്‍.ടി.സിയും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവരില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29ന് നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0470 2622391 നമ്പറിൽ ബന്ധപ്പെടാം.
by Midhun HP News | Sep 25, 2023 | Latest News, ജില്ലാ വാർത്ത
വിതുര > ബോണക്കാട് നിവാസികളിൽ ആവേശം നിറച്ച് സ്‌റ്റേ ബസ് വീണ്ടുമെത്തി. ഏറെക്കാലമായി നിർത്തിവച്ചിരുന്ന സ്റ്റേ ബസിന്റെ സർവീസ് ശനിയാഴ്ച പുനരാരംഭിച്ചു. കഴിഞ്ഞമാസം മന്ത്രിമാരായ കെ എൻ ബാലഗോപാലും വി ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി സ്റ്റീഫൻ എംഎൽഎ മുൻകൈയെടുത്താണ് ബോണക്കാട്ടെ തോട്ടം തൊഴിലാളി ലയങ്ങളിലേക്ക് മന്ത്രിമാരെ എത്തിച്ചത്.
ബോണക്കാട്ടേക്ക് ഉണ്ടായിരുന്ന കെഎസ്ആർടിസിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലെന്നും അത് പുനഃസ്ഥാപിച്ച് നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു. അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പുനൽകിയാണ് മന്ത്രിമാർ മടങ്ങിയത്. ദിവസങ്ങൾക്കുശേഷം ആ വാക്ക് കൃത്യമായും പാലിക്കപ്പെട്ടു. ബോണക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്രയ്‌ക്ക് രാവിലെ ആറരയ്‌ക്ക് ജി സ്റ്റീഫൻ എംഎൽഎ പച്ചക്കൊടി വീശി. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | Sep 25, 2023 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. നടൻ പദ്മശ്രീ മധുവിന് ആജീവനാന്ത പുരസ്ക്കാരം നൽകും. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണീ പുരസ്കാരമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരം കർഷകനായ പദ്മശ്രീ ചെറുവയൽ കെ രാമനും പങ്കിട്ടു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക. കല-സാഹിത്യം എന്നീ മേഖലയിൽ പ്രശസ്ത ശില്പി വത്സൻ കൊല്ലേരി, പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ.പി സി ഏലിയാമ്മ പാലക്കാട്, ജി രവീന്ദ്രൻ കണ്ണൂർ എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങൾ
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട് ജില്ല നേടി. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം കോഴിക്കോട് കോർപ്പറേഷനാണ്. നിലമ്പൂർ ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപ പുരസ്കാരം. ഒല്ലൂക്കര മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ) എലിക്കുളം, അന്നമനട എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു. മികച്ച എൻജിഒക്കുള്ള പുരസ്ക്കാരം ഇടുക്കി ജില്ലയിലെ വൊസാർഡും മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ഫോർട്ട് കൊച്ചിയും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങൾ.
വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ -സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
ഈ വർഷം പത്ത് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം – മന്ത്രി ഡോ ആർ.ബിന്ദു അറിയിച്ചു. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽപുരസ്കാരങ്ങൾ സമ്മാനിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻകുമാർ മീണ ഐഎഎസ്, വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
by Midhun HP News | Sep 25, 2023 | Latest News, ജില്ലാ വാർത്ത
കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് & ഫെലോഷിപ്പ് കോഴ്‌സ് 2023 വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ, എസ്.കെ അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. ലേക്ഷോർ ആശുപത്രിയിലെ മിനിമലി ഇന്റൻസീവ് സർജറി വിഭാഗവും, വെർവാൻഡൽ ഇൻസ്റ്റിറ്റ്യട്ടും, കീഹോൾ ക്ലിനിക്ക് കൊച്ചിയും, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയും സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ശസ്ത്രക്രിയാ വിദഗ്ധർ ശിൽപശാലയിൽ പങ്കെടുത്തതായി ഓർഗനൈസിംഗ് ചെയർമാൻ ഡോ ഡി മധുകർ പൈ പറഞ്ഞു.
പൈൽസ്, ഫിഷർ, ഫിസ്റ്റുല, പിലോനിഡൽ സൈനസ്, പ്രോലാപ്‌സ്, തുടങ്ങിയ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന ശസ്ത്രക്രിയാ സ്പെഷ്യാലിറ്റി ആണ് പ്രോക്ടോളജി. ഈ രോഗങ്ങൾ സാധാരണയായി മറഞ്ഞിരിക്കുന്ന രോഗങ്ങളാണ്, കാരണം ഇവ നമ്മുടെ ശരീരത്തിന്റെ മറഞ്ഞിരിക്കുന്ന പ്രദേശത്താണ് സംഭവിക്കുന്നത്. തങ്ങൾക്ക് രോഗമുണ്ടെന്ന് കുടുംബാംഗങ്ങളോട് പോലും പറയുവാൻ ആളുകൾ മടിക്കുന്നു, ഇത് ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും, ശസ്ത്രക്രിയാ വിദഗ്ധർക്ക് അറിവ് വർദ്ധിപ്പിക്കുകയും, സുരക്ഷിതവും സൗകര്യപ്രദവുമായ ശസ്ത്രക്രിയകൾ ഉറപ്പുവരുത്തുന്നതുമാണ് ശിൽപശാലയുടെ ലക്ഷ്യം.
കുറഞ്ഞ കാലയളവിൽ, സ്റ്റാപ്ലറുകൾ, കീഹോൾ സർജറി, ലേസർ, സ്ക്ളീറോതെറാപ്പി തുടങ്ങി നിരവധി പുരോഗതികളുള്ള ഒരു വികസ്വര മേഖലയാണിത്. അതിനാൽ ഈ നടപടിക്രമങ്ങൾ, വീഡിയോകൾ, തത്സമയ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിഷയങ്ങൾ, പങ്കെടുക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ അറിവ് വർദ്ധിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
മിനിമലി ഇൻവേസീവ് സർജറി വിഭാഗം മേധാവി ഡോ. ആർ.പത്മകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ഡി മധുകർ പൈ, ഡോ. ഫാരിഷ് ഷംസ്, ഡോ.എസ്.ഡി. ശിവടെ, ഡോ. പ്രശാന്ത് രഹത്തെ, ഡോ. എൽ.ഡി. ലഡൂക്കർ, ഡോ. ശാന്തി വർധനി, ഡോ. മോഹൻ മാത്യു എന്നിവർ സംസാരിച്ചു.
by Midhun HP News | Sep 25, 2023 | Latest News, ജില്ലാ വാർത്ത
ആലംകോട് മാർക്കറ്റ് റോഡിൽ ന്യൂ ഹോട്ടൽ ശാന്തയുടെ മകൻ സജീവ് (47) മരണപ്പെട്ടു. സംസ്കാരചടങ്ങുകൾ വൈകുന്നേരം 3 ന് തൊട്ടിക്കല്ല് കാട്ടിൽ വീട്ടിൽ നടക്കും.
by Midhun HP News | Sep 25, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവ്. എൻസിപിയുടെ പേരിലായിരുന്നു പിരിവ്. 500 രൂപ കൊടുക്കാത്തതിന് ഹോട്ടൽ ഉടമയേയും ഭാര്യയേയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി മഹേഷിന്റെ ഹോട്ടലിൽ സംഘം ഗുണ്ടാ പിരിവിന് എത്തിയത്.
പണം നൽകാത്തതിന് പിരിവിനെത്തിയവർ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഹോട്ടലുടമയുടെ ഭാര്യ തൊഴുതപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇപെട്ടാണ് പിരിവുകാരെ പൊലീസിൽ എൽപ്പിച്ചത്. വിതുര പാലോട് സ്വദേശികളായ ശരവണനും ആനന്ദുമാണ് പിരിവ് നടത്തിയത്. ഇവർക്കെതിരെ ഹോട്ടലുടമ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.
Recent Comments