സി.സി.ടി.വി കാമറകൾ മോഷ്ടിച്ചയാളെ സി.സി.ടി.വി തന്നെ കുടുക്കി; പ്രതിഅറസ്റ്റിൽ

സി.സി.ടി.വി കാമറകൾ മോഷ്ടിച്ചയാളെ സി.സി.ടി.വി തന്നെ കുടുക്കി; പ്രതിഅറസ്റ്റിൽ

നെടുമങ്ങാട്: സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി കാമറകൾ മോഷ്ടിച്ചയാളുടെ ദൃശ്യം അതേ സി.സി.ടി.വിയിൽ പതിഞ്ഞതിനെ തുടർന്ന് പ്രതിയെ പൊലീസ് പിടികൂടി. ആനാട് ഇരിഞ്ചയം പ്ലാവറ മണയ്ക്കാലിൽ വീട്ടിൽ രമേശി(46)നെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

വേങ്കവിള വേട്ടമ്പള്ളി സ്വദേശി അരുൺ വേങ്കവിള ജങ്ഷനിൽ നടത്തുന്ന പഞ്ചമി കളക്ഷൻ എന്ന സ്ഥാപനത്തിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന കാമറകളാണ് ഇയാൾ കവർന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽനിന്ന് കണ്ടെടുത്തു. സംഭവദിവസം തൊട്ടടുത്തുള്ള ജി. വേലപ്പൻ നായരുടെ പറമ്പിലെ വാഴകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

നടൻ മധുവിന് നവതി ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

നടൻ മധുവിന് നവതി ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും

നടൻ മധുവിന് നവതി ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ മധുവിനെ കാണാൻ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയപ്പോൾ. മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആശംസയറിയിച്ചു.പിറന്നാൾദിനത്തിനു മുൻപേ ആശംസയുമായി മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയതാണ് മോഹൻലാൽ. എന്റെ സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ ആശംസകൾ മധു സാർ എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിക്കുന്നു.തലസ്ഥാനത്ത് തന്നെ നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞു രാത്രിയാണ് ലാൽ എത്തിയത്. ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷവും ആഹ്ളാദവുമെന്ന് മധു പറഞ്ഞു.

നർമസംഭാഷണത്തിനൊടുവിൽ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണു ലാൽ മടങ്ങിയത്. തലസ്ഥാനത്തു ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ നവതിദിനമായ ഇന്നു വൈകിട്ട് ‘മധുമൊഴി’ എന്ന ആദരം സംഘടിപ്പിച്ചിട്ടുണ്ട്.

എന്നാൽ മലയാള സിനിമയുടെ ശൈശവ കാലം മുതൽ ബിഗ് സ്ക്രീനിന് ഒപ്പം കൂടിയ മധുവിനെ കുറിച്ച് പറയുമ്പോൾ മമ്മൂട്ടിക്ക് നൂറ് നാവാണ്. അദ്ദേഹത്തോടുള്ള തന്റെ ആരാധനയെ കുറിച്ച് പല വേദികളിലും മമ്മൂട്ടി വാചാലനായിട്ടുണ്ട്.

ആറിലോ ഏഴിലോ പഠിക്കുന്ന സമയത്താണ് മമ്മൂട്ടി മധുവിനെ ആദ്യമായി കാണുന്നത്. കൂട്ടുകാരുമൊത്ത് സിനിമാ ഷൂട്ട് കാണാൻ പോയ ആ കൊച്ചു മുഹമ്മദ് കുട്ടി വള്ളത്തിൽ പോവുകയാണ്. പെട്ടൊന്നൊരു സ്വപ്നം പോലെ മധു ആ വള്ളത്തില്‍ കയറി.അന്ന് മുതൽ ആ ചെറുപ്പക്കാരൻ മധുവിന്റെ ആരാധകനായെന്നും മമ്മൂട്ടി പറഞ്ഞു.

മലയാളത്തിന്റെ കാരണവര്‍; നവതിയുടെ നിറവില്‍ മധു

മലയാളത്തിന്റെ കാരണവര്‍; നവതിയുടെ നിറവില്‍ മധു

മലയാള സിനിമയുടെ കാരണവരായ പ്രിയ നടന്‍ മധുവിന് ഇന്ന് നവതി. തിരുവനന്തപുരംകാരനായ മാധവന്‍ നായര്‍ എന്ന മധു സിനിമയില്‍ കെട്ടിയാടാത്ത വേഷങ്ങളില്ല. സംവിധായകനായും നിര്‍മാതാവായുമെല്ലാം അദ്ദേഹം മലയാളത്തിന്റെ മുഖമായി മാറി. ഇന്ന് സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാറായി മധു മലയാളത്തിന്റെ കാരണവ സ്ഥാനത്താണ്.

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തമകനായാണ് മാധവന്‍ നായര്‍ എന്ന മധു 1933 സെപ്തംബര്‍ 23നാണ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു മധു. എന്നാല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായി കയറി.

തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അധ്യാപന ജോലി ഉപേക്ഷിക്കുന്നത്. നാടകം സ്വപ്‌നം കണ്ടാണ് മധു അഭിനയം പഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്. 1959ല്‍ നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ ഏക മലയാളിയായിരുന്നു. പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് അദ്ദേഹം സംവിധായകന്‍ രാമു കാര്യാട്ടിനെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ തന്റെ സിനിമയിലേക്ക് രാമു കാര്യാട്ട് ക്ഷണിക്കുകയായിരുന്നു.

എന്നാല്‍ മലയാളത്തിലൂടെയല്ല മധു ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധുവിന്റെ ആദ്യ ചിത്രം. ആദ്യം അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകളായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് മാധവന്‍ നായരെ ആദ്യമായി മധു എന്നു വിളിച്ചത്. സുന്ദരനായ നായകനായി എത്തിയ താരം പല കാലങ്ങള്‍ പിന്നിട്ട് ഇന്ന് 90ല്‍ എത്തി നില്‍ക്കുകയായണ്.

ആറ്റിങ്ങൽ ഉപജില്ല കായികമേള : ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാർ

ആറ്റിങ്ങൽ ഉപജില്ല കായികമേള : ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാർ

ആറ്റിങ്ങൽ ഉപജില്ല കായിക മേളയിൽ 185 പോയിന്റ് നേടി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. 122 പോയിന്റ് നേടി ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും, 114 പോയിന്റ് നേടിയ ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

എൽ.പി. വിഭാഗത്തിൽ എ.എം. എൽ.പി. സ്കൂൾ പെരുംകുളവും യു.പി.വിഭാഗത്തിൽ വൈ.എൽ.എം.യു.പി.എസ്. കീഴാറ്റിങ്ങലും ചാമ്പ്യൻമാരായി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഞെക്കാട് സ്കൂളും സീനിയർ വിഭാഗത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളും ചാമ്പ്യൻ സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് തിരുവനന്തപുരം ജില്ല കോ-ഓർഡിനേറ്റർ ആർ.എസ്. ലിജിൻ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ഇയാസ്, ഉപജില്ലാ കൺവീനർ എ. അൽത്താഫ്, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭാ സംഗമംസംഘടിപ്പിച്ചു

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്രതിഭാ സംഗമംസംഘടിപ്പിച്ചു

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു അവാർഡ് വിതരണവും കലാ കായിക പ്രതിഭകളെ ആദരിക്കലും നടന്നു. പിറ്റി എ പ്രസിഡന്റ് ഇ. നസീർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതം പറഞ്ഞു. എം എൽ എ വി ശശി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വേണു ഗോപാലൻ നായർ പ്രതിഭകളെ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, വിദ്യാകരണം തിരു.ജില്ലാ കോർഡിനേറ്റർ ദിനിൽ. കെ എസ്, ഹെഡ് മാസ്റ്റർ സുജിത് എസ് എന്നിവർ ആശംസകൾ അറിയിച്ചു. യു എസ് എസ്, എൻ എം എം എസ് ജേതാക്കൾ, ദേശീയനീന്തൽ വെങ്കൽ മെഡൽ ജേതാവ്, ഇൻസ്പയർ അവാർഡ് വിന്നർ ഡോക്ടറേറ്റ് നേടിയ അധ്യാപകൻ ജഹ്ഫർ ഖാൻ, ഹരിതവിദ്യാലയ പുരസ്കാരം മാത്സ് നാഷണൽ ടാലന്റ് സെർച്ച് സംസ്ഥാന തലപരീക്ഷ വിജയികൾ, ഐ.എ.എസ്. റാങ്ക് ജേതാവ്, സിവിൽ സർവ്വീസ് പരിശീലനം നേടിയ കുട്ടികൾ തുടങ്ങിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് എ നന്ദി പറഞ്ഞു

റിങ് റോഡ് നഷ്ടപരിഹാരം: അടൂർ പ്രകാശ് എം.പി. കേന്ദ്രമന്ത്രിക്ക് കത്തു നൽകി

റിങ് റോഡ് നഷ്ടപരിഹാരം: അടൂർ പ്രകാശ് എം.പി. കേന്ദ്രമന്ത്രിക്ക് കത്തു നൽകി

വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡിനായി ഏറ്റെടുത്തിട്ടുള്ള ഭൂമിക്കുള്ള നഷ്ടപരിഹാരം നല്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി. കേന്ദ്രമന്ത്രി നിതിൻഗഡ്കരിക്ക് കത്തു നല്കി. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയതായി എം.പി. അറിയിച്ചു. റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ പൂർത്തിയായിട്ടുണ്ട്.

ഭൂമിയുടെ രേഖയെല്ലാം അധികൃതർക്ക് കൈമാറിയിട്ടും മാസങ്ങളായെങ്കിലും നടപടികളെങ്ങുമെത്തിയില്ല. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്ന 11 വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ഇതോടെ വലിയ പ്രതിസന്ധിയിലായി. താമസസ്ഥലം
നഷ്ടപ്പെടുന്നവർക്ക് ഭൂമിവാങ്ങാൻ മുൻകൂർ തുക നല്കിയിരുന്നു. നഷ്ടപരിഹാരം
മൂന്ന് മാസത്തിനകം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഇപ്പോൾ ആറ്
മാസത്തിലധികമായിട്ടും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ഈ വിഷയങ്ങളെല്ലാം മന്ത്രിയെ ധരിപ്പിച്ചതായി എം.പി. അറിയിച്ചിട്ടുണ്ട്