‘റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം’: യു.ഡി.എഫ്

‘റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം’: യു.ഡി.എഫ്

വാവറഅമ്പലം-വേങ്ങോട് റോഡിൽ കണ്ടുകുഴി ഭാഗത്തെ അപകടകരമായ രീതിയിൽ വെള്ളം കെട്ടി നിൽക്കുന്നത് വാഹനങ്ങൾക്കും ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം അധികാരികൾ തൃണവത്കരിക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

വേങ്ങോട് മണ്ഡലം പ്രസിഡന്റ് സാഗർ അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി വെമ്പായം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ (ആർ.എസ്.പി), ബാഹുൽ കൃഷ്ണ (യൂത്ത് കോൺഗ്രസ്), സനിൽ കുമാർ (ആർ.എസ്.പി), ഗോപകുമാർ (മെമ്പർ തച്ചപ്പള്ളി), വിനോദ് മണി (ഐ.എൻ.റ്റി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) തുടങ്ങിയവർ സംസാരിച്ചു. വി.ജെ സജുകുമാർ, അഷറഫ്, രാജേഷ് ശ്രീനാരായണപുരം, വേങ്ങോട് അനിൽകുമാർ, സുനി മഞ്ഞമല തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

സഹപാഠി 92 ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു

സഹപാഠി 92 ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു

സഹപാഠി 92 ബാച്ചിന്റെ 7-ാമത് വാർഷികവും സൗഹൃദ സംഗമവും ഗുരുവന്ദനവും പ്രതിഭയെ ആദരിക്കലും ഞെക്കാട് ജി വി എച്ച് എസ് എസ്സിൽ നടന്നു. 31 വർഷങ്ങൾക്കുശേഷം 92 എസ്എസ്എൽസി ബാച്ചിലെ സഹപാഠികൾ വിദ്യാലയത്തിൽ ഒത്തുകൂടി ഓർമ്മകൾ പങ്കുവച്ചു.

ചടങ്ങിൽ ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റ സ്പെഷ്യൽ ജൂറി പുരസ്ക്കാരം നേടിയ രാരീഷിനെ ആദരിച്ചു. അധ്യാപകരായ ബാഹുലേയൻ, ഓമന, വിലാസിനി എന്നിവർക്ക് ഗുരുവന്ദനം നടത്തുകയും ചെയ്തു. ചടങ്ങിൽ അർച്ചന ഉണ്ണി, ദീപ്തി ഐ.പി, സ്കൂൾ എച്ച് എം എൻ സന്തോഷ്, പി.ടി. എ പ്രസിഡന്റ് എൻ.ഷാജികുമാർ ഷിബു.ബി തുടങ്ങിയവർ പങ്കെടുത്തു

അവനവഞ്ചേരി ഗവൺമെന്റ്  ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ച് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ. കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസുകാർക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ചെണ്ടമേളം എന്ന പേരിൽ സ്ക്രാച്ച് ഗെയിം, പൂക്കള മത്സരം എന്ന പേരിൽ പ്രോഗ്രാമിംഗ്, ഊഞ്ഞാലാട്ടം എന്ന പേരിൽ അനിമേഷൻ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൈറ്റ് റിസോഴ്സ് പേഴ്സണായ രതീഷ് കുമാർ ക്ലാസുകൾ നയിച്ചു.

മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ കെ.എൽ.സി.യുടെ മാർച്ചും ധർണ്ണയും സെപ്റ്റംബർ 17 ന്

മുതലപ്പൊഴിയിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ കെ.എൽ.സി.യുടെ മാർച്ചും ധർണ്ണയും സെപ്റ്റംബർ 17 ന്

മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങളും അത് ശാശ്വതമായി പരിഹരിക്കാനുള്ള സർക്കാൻ നടപടികളിലുണ്ടാകുന്ന കാലതാമസത്തിനുമെതിരെ കെ.എൽ.സി.എ. സംസ്ഥാന സമിതി മുതലപ്പൊഴിയിലേക്ക് 2023 സെപ്തംബർ 17 ന്‌ മർച്ചും ധർണ്ണയും നടത്തുന്നു. പുതുക്കുറിച്ചിയിൽ നിന്നും അഞ്ചുതെങ്ങിൽ നിന്നും വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന മാർച്ച് മുതലപ്പൊഴിയിൽ സമാപിക്കും.

മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണമായ അശാസ്ത്രീയത ശാശ്വതമായി പരിഹരിക്കുക, ശാശ്വതമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക, മറ്റു ദുരന്തങ്ങളുണ്ടാകുമ്പോൾ നഷ്ടപരിഹാരം നല്കുന്നതുപോലെ മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടവർക്കും നഷ്ടപരിഹാര പാക്കേജ് (നഷ്ടപരിഹാരതുക, ഭവന രഹിതർക്ക് ഭവനം, ആശ്രിതർക്ക് ജോലി, വായ്പാ കുടിശിക എഴുതിതള്ളുക…) പ്രഖ്യാപിക്കുക, പ്രദേശവാസികൾക്കെതിരെയും പ്രശ്നത്തിലിടപ്പെട്ട പൊതുപ്രവർത്തകർക്കുമെതിരെയും എടുത്ത കള്ളകേസ് പിൻവലിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടാണ് കെ.എൽ.സി.എ. മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിൽ നിന്നും ഈ മാർച്ചിൽ പങ്കാളിത്തമുണ്ടാകുമെന്നാണ് സമരസമിതി അറിയിച്ചിട്ടുള്ളത്.

മുതലപ്പൊഴിയിൽ അശാസ്ത്രീയമായി പുലിമുട്ട് നിർമ്മിച്ചതിന്‌ ശേഷം 70ലധികം മരണങ്ങളും 700ലധികം പേർക്ക് പരിക്കുകളും സംഭവിക്കുകയുണ്ടായി. ഇത്രയധികം അപകടങ്ങൾ സംഭവിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടലുകൾ നടത്തിയില്ല. ഇതിൽ പ്രതിഷേധിച്ച പ്രദേശവാസികളോട് മന്ത്രിമാർ പ്രകോപനപരമായ സമീപനമാണ്‌ കൈക്കൊണ്ടത്. മനുഷ്യജീവന്‌ വിലകല്പ്പിക്കാതെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ കാര്യഗൗരവത്തിലെടുക്കാത്ത സർക്കാർ സമീപനത്തോട് തീരപ്രേദേശത്ത് ശക്തമായ പ്രതിഷേധമാണ്‌ നിലനിൽക്കുന്നത്.

തീരദേശവാസികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയെ ഒഴിവാക്കി മുതലപ്പൊഴി പ്രശ്നം പരിഹരിക്കാൻ തൊഴിലാളി സംഘടനുകളുമായി സർക്കാർ നടത്തിയ ചർച്ചകൾക്കുശേഷം അദാനി പോർട്ട്സ് മുതലപ്പൊഴിയിൽ നടത്തിയ പരിഹാര പ്രവർത്തനങ്ങളും പരാജയത്തിലാണ്‌ കലാശിച്ചത്. പ്രശ്നത്തിലിടപ്പെട്ടെന്ന് വരുത്തിതീർക്കാൻ ശേഷികുറഞ്ഞ ക്രെയിനുകൾ കൊണ്ടുവന്ന് നടത്തിയ പ്രവർത്തനങ്ങളാണ്‌ തുടക്കത്തിലെ പരാജയപ്പെട്ടത്. സർക്കാറിന്‌ വിഷയത്തിൽ ആത്മാർത്ഥതയില്ലായെന്നതിന്റെ തെളിവാണിതെന്നും സമരസമിതി പറയുന്നു.

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ആളപായമില്ല.. കാർ പൂർണമായും കത്തി നശിച്ചു

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ആളപായമില്ല.. കാർ പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: വർക്കല പനയറ അച്ചുതന്മുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ആളപായമില്ല. കാർ പൂർണമായും കത്തി നശിച്ചു. വർക്കലയിലേക്ക് വന്ന കാറാണ് കയറ്റം കയറുന്നതിനിടെ എൻജിൻ ഭാഗത്തുനിന്നും പുക ഉയരുന്നതു കണ്ട് വാഹനം നിർത്തി ഇറങ്ങി മാറുകയായിരുന്നു. അൽപസമയത്തിനുള്ളിൽ തീ പടർന്നു പിടിക്കുകയായിരുന്നു. കാറിന്റെ എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

ഡ്രൈവർ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. വർക്കല ചിലക്കൂർ സ്വദേശിയായ റിയാസ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. അയിരൂർ പോലീസ് സംഭവസ്ഥലത്ത് എത്തുകയും പ്രദേശവാസികളുമായി ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. വർക്കല അഗ്നി രക്ഷാ നിലയത്തിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

കാട്ടാക്കട ആദിശേഖർ കൊലപാതകം: പ്രതി പ്രിയരഞ്ജനെ പൊലീസ് പിടികൂടി

കാട്ടാക്കട ആദിശേഖർ കൊലപാതകം: പ്രതി പ്രിയരഞ്ജനെ പൊലീസ് പിടികൂടി

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.

സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതോടെയാണ് നരഹത്യക്ക് പകരം കൊലക്കുറ്റം ചുമത്തി കേസെടുത്തത്. നിസ്സാര വിഷയത്തിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജന് പക ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആദിശേഖറിന്റെ കുടുംബം.